എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അണ്ണാമലൈ കണ്ണൂരിൽ

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ബി ജെ പി തമിഴ്‌നാട് ഘടകം മുൻ അധ്യക്ഷനും ദേശീയ സമിതി അംഗവുമായ കെ അണ്ണാമലൈ കണ്ണൂരിലെത്തി. രാവിലെ കണ്ണൂർ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥിൻ്റെ റോഡ് ഷോയിൽ പങ്കെടുത്തു. തുടർന്ന് ഉച്ചക്ക് നാറാത്ത് രണ്ടാം മൈലിൽ നടന്ന കുടുംബയോഗത്തിലും അദ്ദേഹം പങ്കെടുത്തു.  സി രഘുനാഥിന്‍റെ റോഡ് ഷോ ജില്ലയിലെ മാറ്റത്തിന്‍റെ സൂചനയാണെന് അണ്ണാമലൈ പറഞ്ഞു.

"പ്രവര്‍ത്തകരുടെ ആവേശം ഏറെ ആഹ്ളാദം പകരുന്നു. കേരളത്തിലെ ക്രമസമാധാന രംഗം ഇടതു സര്‍ക്കാര്‍ തകര്‍ത്തു. ദുര്‍ബലമായ യു ഡി എഫ്‌ ആകട്ടെ യാതൊരു ലക്ഷ്യ ബോധവുമില്ലാതെയാണ് പ്രവൃത്തിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും സഹോദരങ്ങളാണ്. " , ഏപ്രില്‍ ഏഴു വരെ കേരളത്തിലും പുതുച്ചേരിയിലും പ്രചാരണം നടത്താനാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. അതിനു ശേഷം 23 വരെ തമിഴ്‌നാട്ടില്‍ വളരെ ശക്തമായി പ്രചാരണം നടത്തും.

തമിഴ്‌നാട്ടില്‍ ഡിഎം കെ ഭരണം ജനം തൂത്തെറിയുമെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും അണ്ണാമലൈ പറഞ്ഞു. കണ്ണൂരിലെ പരിപാടിക്കു പിന്നാലെ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ നാറാത്ത് വാർഡിൽ ബിജെപി കാര്യകർത്താക്കളോടൊപ്പം എൻ‌ഡി‌എ സ്ഥാനാർഥി കെ കെ വിനോദ് കുമാറിനായി അണ്ണാമലൈ വീടുതോറും പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമഗ്ര വികസന മാതൃകയുടെ മാർഗനിർദ്ദേശത്തോടെ, എല്ലാ പടിവാതിൽക്കലും യഥാർത്ഥ പുരോഗതി എത്തിക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അണ്ണാമലൈ പറഞ്ഞു.മാറ്റം സ്വീകരിക്കാനും ഉറപ്പായ വളർച്ചയുടെ ഭാവിക്കായി വോട്ടുചെയ്യാനും അഴീക്കോട് തയ്യാറാകണമെന്നും അണ്ണാമലൈ പറഞ്ഞു. ഇന്ന് പുറത്തിറങ്ങിയ തമിഴ്‌നാട്ടിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് അണ്ണാമലൈ ഒഴിവാക്കപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി എല്‍ മുരുകന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ അണ്ണാമലൈയെ രാജ്യ സഭയിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

എന്നാൽ വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ കെ അണ്ണാമലൈ ഇല്ല. 27 സ്ഥാനാർഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി ഔദ്യോഗികമായി പുറത്തിറക്കിയതിന് പിന്നാലെയാണ് അണ്ണാമലയ്ക്ക് സീറ്റ് ഇല്ലെന്ന് വ്യക്തമായത്. അണ്ണാമലൈയെ ഒഴിവാക്കിയെങ്കിലും ബിജെപി നിരവധി മുതിർന്ന നേതാക്കളെയും മുൻ ഗവർണർമാരെയും രംഗത്തിറക്കിയിട്ടുണ്ട്.കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ അവനാഷി (എസ്‌സി) സീറ്റിൽ നിന്ന് മത്സരിക്കും, മുൻ ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ മൈലാപ്പൂരിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മഹിളാ മോർച്ചയുടെ ദേശീയ പ്രസിഡൻ്റും സിറ്റിങ് എംഎൽഎയുമായ വനതി ശ്രീനിവാസൻ തൻ്റെ മുൻ കോയമ്പത്തൂർ സൗത്ത് സീറ്റിൽ നിന്ന് കോയമ്പത്തൂർ (നോർത്ത്) നിന്ന് മത്സരിക്കും. ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയ്ക്ക് അനുവദിച്ച മണ്ഡലങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്ന് അണ്ണാമലൈ മത്സരിക്കാൻ വിമുഖത കാണിച്ചിരുന്നു. എന്നാൽ മത്സരിക്കുമെങ്കിൽ കോയമ്പത്തൂരിൽ മാത്രമേ മത്സരിക്കൂ എന്ന് അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു.