ഭോജ്‌ശാല-കമൽ മൗല പള്ളി തർക്കo സുപ്രീംകോടതിയിലേയ്ക്ക്

ഇൻഡോർ: ഭോജ്‌ശാല-കമൽ മൗല പള്ളി തർക്കo സുപ്രീംകോടതിയിലേയ്ക്ക്. പള്ളി ഹിന്ദു ആരാധനാലയമാണെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മുസ്‌ലിം ലീഗ്. പള്ളിക്ക് പകരം സ്ഥലം കണ്ടെത്തണമെന്ന വിധിയിൽ മസ്ജിദിനെ സംബന്ധിച്ച തെളിവുകൾ ഹൈക്കോടതി പൂർണമായും അവഗണിച്ചുവെന്നാണ് മുസ്‌ലിം പക്ഷത്തിൻ്റെ പ്രധാന ആരോപണം. ലീഗിൻ്റെ നീക്കം ജനങ്ങൾക്കിടയിൽ ചർച്ചയായതിന് പിന്നാലെ, ഹിന്ദു വിഭാഗം സുപ്രീംകോടതിയിൽ മുൻകൂർ തടസ ഹർജി (കവിയറ്റ്) നൽകിയിട്ടുണ്ട്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് സുപ്രധാന വിധി പ്രസ്താവിച്ചത്. തർക്ക സമുച്ചയം ഹിന്ദു ദേവതയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് കോടതി വ്യക്തമാക്കി.ഇതോടെ പള്ളിയിൽ നിസ്കരിക്കാൻ മുസ്‌ലിംകൾക്ക് അനുമതി നൽകിയിരുന്ന 2003ലെ ഉത്തരവും കോടതി റദ്ദാക്കി. പുതിയ പള്ളി പണിയാൻ മുസ്‌ലിംകൾ സംസ്ഥാന സർക്കാരിനെ സമീപിച്ച് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും ഇന്നലെ പുറപ്പെടുവിച്ച വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എഎസ്ഐ റിപ്പോർട്ടും ഭോജ്ശാലാ ചരിത്രവും
ഏഴ് പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കത്തിലാണ് നിർണായക വിധി വന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച ചരിത്ര സ്മാരകമാണ് മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള ഭോജ്ശാല. ഇത് സരസ്വതി ക്ഷേത്രമാണെന്ന് ഹിന്ദു വിഭാഗവും, കമൽ മൗല മസ്ജിദാണെന്ന് മുസ്‌ലിം വിഭാഗവും വിശ്വസിക്കുന്നു. തർക്കം രൂക്ഷമായതോടെ 2003ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇവിടെ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ചകളിലും വസന്ത പഞ്ചമി നാളിലും ഹിന്ദുക്കൾക്ക് പൂജ നടത്താനും, വെള്ളിയാഴ്ചകളിൽ മുസ്‌ലിംകൾക്ക് നിസ്കരിക്കാനും അനുമതി നൽകി. ഈ ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ ഒഴിവാക്കിയത്.സമുച്ചയത്തിൻ്റെ സ്വഭാവം നിർണയിക്കാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം എഎസ്ഐ അടുത്തിടെ വിശദമായ സർവേ പൂർത്തിയാക്കിയിരുന്നു. സമുച്ചയത്തിൽ മുമ്പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് സ്പഷ്ടമായി വിരൽചൂണ്ടുന്ന രണ്ടായിരത്തോളം പേജുകളുള്ള റിപ്പോർട്ടാണ് എഎസ്ഐ കോടതിയിൽ സമർപ്പിച്ചത്.നിലവിലെ മന്ദിരം നിർമിച്ചിരിക്കുന്നത് പഴയ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. സമുച്ചയത്തിൻ്റെ യഥാർഥ അവകാശികൾ ഹിന്ദുക്കളാണെന്നും അവർക്ക് അവിടെ പ്രാർഥനകൾ നടത്താൻ അവകാശമുണ്ടെന്നും പുതിയ വിധിയിൽ വ്യക്തമാക്കുന്നു. സമുച്ചയം സംരക്ഷിക്കേണ്ട വിഭാഗമെന്ന നിലയിൽ എഎസ്ഐക്കാണ് ഇതിൻ്റെ തുടർന്നുള്ള മുഴുവൻ ചുമതലകളും നൽകിയിരിക്കുന്നത്.
തുടർനടപടികൾ സുപ്രീംകോടതിയിലേക്ക്
ഹൈക്കോടതി ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസ് പരിഗണിക്കുമ്പോൾ മസ്ജിദ് സംബന്ധിച്ച പല നിർണായക കാര്യങ്ങളും പഴയ സർവേ വിവരങ്ങളും ഹൈക്കോടതി മുമ്പാകെ പരിഗണിക്കപ്പെട്ടില്ലെന്ന് വാദിച്ചാണ് ഹർജി നൽകുന്നത്.
സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പുതിയ പള്ളിക്കായി അപേക്ഷ നൽകാൻ പറയുന്നത് നീതിയുക്തമല്ലെന്നും വിധിക്ക് അടിയന്തര സ്റ്റേ വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ഈ ഹർജിയിൽ അന്തിമ തീർപ്പുണ്ടാക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു വിഭാഗം സുപ്രീംകോടതിയിൽ തടസ ഹർജി നൽകിയിട്ടുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അവകാശത്തർക്കത്തിൽ വരുംദിവസങ്ങളിൽ സുപ്രീംകോടതി സ്വീകരിക്കുന്ന ഇരുപക്ഷത്തിൻ്റെയും നിലപാടുകൾ നിർണായകമാകും.