തമിഴ്‌നാട്ടിൽ ജാതി സെൻസസ് വേണം: മുഖ്യമന്ത്രി C ജോസഫ് വിജയിയെ കണ്ട് അൻപുമണി രാമദാസ്

തമിഴ്‌നാട്ടിൽ ജാതി സെൻസസ് വേണം: മുഖ്യമന്ത്രി C ജോസഫ് വിജയിയെ കണ്ട് അൻപുമണി രാമദാസ്

ചെന്നൈ: തമിഴ്‌നാട്ടിൽ ജാതി അധിഷ്ഠിത സെൻസസ് അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് കൈമാറി പി.എം.കെ അധ്യക്ഷൻ അൻപുമണി രാമദാസ്. സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.സംസ്ഥാനത്തെ 69 ശതമാനം സംവരണ നയം നിയമപരമായി സംരക്ഷിക്കാൻ ജാതി തിരിച്ചുള്ള കണക്കെടുപ്പ് അനിവാര്യമാണെന്ന് അൻപുമണി രാമദാസ് വ്യക്തമാക്കി. നിലവിൽ സംവരണ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, കോടതിയിൽ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സർക്കാർ സജ്ജമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂൺ അഞ്ചിന് പി.എം.കെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന്റെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ച. എഐഎഡിഎംകെ, ടിവികെ (TVK), ബിജെപി, കോൺഗ്രസ് തുടങ്ങി 40-ഓളം രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഈ ആവശ്യത്തിനുണ്ട്.

അതേസമയം, സംസ്ഥാനത്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി കേന്ദ്രസർക്കാരുമായി ചേർന്ന് ‘ജൽ ജീവൻ മിഷൻ 2.0’ നടപ്പിലാക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. വീഡിയോ കോൺഫറൻസിങ് വഴി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയും കേന്ദ്ര ജൽശക്തി മന്ത്രി സി.ആർ. പാട്ടീലും കരാറിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുമെന്ന തന്റെ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കുടിവെള്ള പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്.