CBSEമൂല്യനിർണയ വിവാദം; സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും സ്ഥലംമാറ്റി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) തർക്കങ്ങൾക്കും വിവാദങ്ങള്ക്കുമിടയില് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും സ്ഥലം മാറ്റി. ഡിജിറ്റൽ മൂല്യനിർണയത്തിനായി സേവനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ സർക്കാർ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കപ്പാസിറ്റി ബിൽഡിങ് കമ്മീഷൻ അധ്യക്ഷ എസ്. രാധാ ചൗഹാനാണ് ഈ സമിതിയുടെ തലവൻ.ഈ വർഷമാണ് പന്ത്രണ്ടാം ക്ലാസിലെ മൂല്യനിർണ്ണയം പൂർണ്ണമായും ഡിജിറ്റൽ ഓൺ-സ്ക്രീൻ മാർക്കിങ് രീതിയിലേക്ക് മാറ്റാൻ സിബിഎസ്ഇ തീരുമാനിച്ചത്. എന്നാൽ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ വ്യക്തമല്ലാത്തത്, പേജുകൾ നഷ്ടപ്പെടുന്നത്, മറ്റ് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണിക്കുന്നത് തുടങ്ങിയ ഗുരുതരമായ പരാതികൾ ഉയർന്നതോടെയാണ് വിഷയം വലിയ വിവാദമായത്. ഉത്തരക്കടലാസുകൾക്കായി അപേക്ഷിച്ച് ഓൺലൈൻ പെയ്മെന്റ് പരാജയപ്പെട്ടതോടെ നിരവധി വിദ്യാർത്ഥികൾ ദുരിതത്തിലാവുകയും ഇതിനെത്തുടർന്ന് ഐഐടി, ഐഐഎം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിവാദം കനക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായത്.
വിഷയം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ കേന്ദ്ര സർക്കാരിനെ വിമർശിച്ചും വിദ്യാർഥികൾക്ക് നീതി ആവശ്യപ്പെട്ടും രംഗത്തെത്തി. തെലങ്കാനയിൽ 2019-ൽ മറ്റൊരു പേരിൽ ഇതേ രീതിയിലുള്ള ക്രമക്കേട് നടത്തിയ സ്വകാര്യ കമ്പനിക്കാണ് സിബിഎസ്ഇ കരാർ നൽകിയതെന്ന് രാഹുൽ ഗാന്ധി എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ ആരോപിച്ചു.
മുൻപ് ഗ്ലോബരേന എന്നറിയപ്പെട്ടിരുന്ന കോഎംപ്റ്റ് എഡ്യു ടെക് എന്ന കമ്പനിക്കാണ് ഈ ചുമതല നൽകിയതെന്നും ചരിത്രമറിഞ്ഞിട്ടും കരാർ നൽകിയത് മനഃപൂർവ്വമുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പറഞ്ഞ് സിബിഎസ്ഇ തള്ളിപ്പറഞ്ഞു. 2025 ഓഗസ്റ്റ് 28-ന് സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടൽ വഴി സുതാര്യമായാണ് കരാർ നടപടികൾ പൂർത്തിയാക്കിയതെന്ന് ബോർഡ് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവി തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അഴിമതി വെളിച്ചത്തുകൊണ്ടുവരുമെന്നും പ്രതിപക്ഷം ഉറപ്പുനൽകുന്നു.
അതേസമയം, വിവാദങ്ങൾക്കിടയിൽ മൂല്യനിർണ്ണയത്തിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്കായി സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും പുനർമൂല്യനിർണ്ണയത്തിനുമുള്ള ഓൺലൈൻ പോർട്ടൽ സിബിഎസ്ഇ ചൊവ്വാഴ്ച തുറന്നിട്ടുണ്ട്. സ്കാൻ ചെയ്ത കോപ്പികൾ ഇതിനകം ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ. ജൂൺ 2 മുതൽ ജൂൺ 6 അർദ്ധരാത്രി വരെയാണ് ഇതിനായി അപേക്ഷിക്കാൻ സാധിക്കുക. ഓഫ്ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. സുരക്ഷാ കാരണങ്ങളാൽ ആധാർ നമ്പർ ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ഇതിനായി നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ ഇല്ലാത്ത കുട്ടികൾക്ക് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ ആധാർ വിവരങ്ങൾ ഉപയോഗിക്കാം. പേജുകൾ നഷ്ടപ്പെടുകയോ വ്യക്തതയില്ലാതിരിക്കുകയോ ചെയ്യുക, തെറ്റായ ചോദ്യപേപ്പർ സെറ്റിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുക തുടങ്ങിയ പരാതികൾ ഈ പോർട്ടൽ വഴി ബോധിപ്പിക്കാം.പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് ഉത്തരക്കടലാസ് ഒന്നിന് 100 രൂപയും പുനർമൂല്യനിർണ്ണയത്തിന് ചോദ്യമൊന്നിന് 25 രൂപയുമാണ് ഫീസ്. യുപിഐ, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ മാത്രമേ പണം അടയ്ക്കാൻ സാധിക്കൂ. ഒരു വിദ്യാർത്ഥിക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഫൈനൽ സബ്മിഷൻ നടത്താവൂ എന്ന് ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലൈൻ പെയ്മെന്റ് പൂർത്തിയായാൽ മാത്രമേ അപേക്ഷ വിജയകരമായി സമർപ്പിച്ചതായി കണക്കാക്കുകയുള്ളൂ. വിദ്യാർത്ഥികളെ സഹായിക്കാൻ ഒരു വിഷ്വൽ ഗൈഡും ട്യൂട്ടോറിയൽ വീഡിയോയും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. മെയ് 29-ന് ആരംഭിക്കേണ്ടിയിരുന്ന പോർട്ടൽ സാങ്കേതിക തടസ്സങ്ങൾ കാരണമാണ് ജൂൺ രണ്ടിലേക്ക് നീണ്ടത്. സാങ്കേതിക തകരാറുകളും പെയ്മെന്റ് പരാജയങ്ങളും കാരണം വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും വലിയ ആശങ്കയിലാണ്.