കാട്ടാന ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യക്ക് ദാരുണാന്ത്യം

ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥൻ്റെ ഭാര്യക്ക് ദാരുണാന്ത്യം. അണ്ണാലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (60) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ തിതിമതിക്ക് സമീപം കൊണാനകട്ടെ ഗ്രാമത്തിലെ എസ്റ്റേറ്റിൽ വച്ചാണ് ദാരുണമായ സംഭവം നടന്നത്.തോട്ടം പരിശോധിക്കുന്നതിനിടെയാണ് സന്ധ്യ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിവ് പോലെ രാവിലെ നടക്കാനിറങ്ങിയ ഇവർ തോട്ടത്തിൽ പോകുകയും തൊഴിലാളികളുടെ ജോലികൾ മേൽനോട്ടം വഹിച്ച് വീട്ടിലേക്ക് മടങ്ങിയ വഴിയാണ് കൊല്ലപ്പെട്ടത്. തോട്ടത്തിന് എതിർ വശത്തെ വഴിയിൽ നിന്നും കാട്ടാന സന്ധ്യയുടെ നേരെ വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിനിരയായ ഇവർക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും.തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഗോണിക്കോപ്പലിലെ ലോപമുദ്ര ആശുപത്രിയിൽ സന്ധ്യയെ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ അവർ മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് സാരമായ പരിക്കേറ്റെന്നും അവർ പ്രദേശത്തെ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.