"വെടിനിർത്തൽ സമയപരിധി അടുത്തു" : ട്രംപ് , യുഎസ്-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക നിർണായക നേട്ടം കൈവരിച്ചെന്നും സൈനിക നടപടികളിലൂടെ ഇറാനെ പൂർണമായും ദുർബലപ്പെടുത്തിയെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിന് ഇറാൻ തയാറായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് അമേരിക്കൻ സൈന്യം വലിയ വിജയം നേടുകയാണെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇറാൻ്റെ നാവികസേന പൂർണമായും തകർന്നെന്നും വ്യോമസേനയ്ക്ക് വിമാനങ്ങൾ പറത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നഷ്ടപ്പെട്ട രാജ്യത്ത് ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു. അമേരിക്കയുടെ ഉപരോധം ഇറാനെ പൂർണമായും സാമ്പത്തികമായി തകർക്കുകയാണ്.മികച്ചൊരു കരാർ ഉണ്ടാകുന്നതുവരെ ഉപരോധം പിൻവലിക്കില്ലെന്നും ഇതുവഴി പ്രതിദിനം 50 കോടി ഡോളറിൻ്റെ നഷ്ടം ഇറാന് ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേൽ അല്ല അമേരിക്കയെ യുദ്ധത്തിന് പ്രേരിപ്പിച്ചത്. ഒക്ടോബർ ഏഴിലെ സംഭവങ്ങളും ഇറാൻ ഒരിക്കലും ആണവായുധം നേടാൻ പാടില്ലെന്ന തൻ്റെ ഉറച്ച നിലപാടുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്ക പരാജയപ്പെടുകയാണെന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് കുറ്റപ്പെടുത്തി. ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേണൽ, വാഷിങ്ടൺ പോസ്റ്റ് എന്നീ മാധ്യമങ്ങളെയും ഡേവിഡ് ഇഗ്നേഷ്യസിനെ പോലുള്ള മാധ്യമ പ്രവർത്തകരെയും അദ്ദേഹം പേരെടുത്ത് വിമർശിച്ചു.യുഎസ് മുൻ പ്രസിഡൻ്റുമാരായ ഒബാമയും ജോ ബൈഡനും ചേർന്നുണ്ടാക്കിയ പഴയ ഇറാൻ ആണവക്കരാർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിരുന്നു. ഇറാന് 1.7 ബില്യൺ ഡോളർ പണമായി വിമാനത്തിൽ എത്തിച്ചുകൊടുത്ത പഴയ കരാർ റദ്ദാക്കിയിരുന്നില്ലെങ്കിൽ ഇസ്രയേലിലും പശ്ചിമേഷ്യയിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആണവായുധ പ്രയോഗം ഉണ്ടാകുമായിരുന്നു. താൻ കൊണ്ടുവരുന്ന പുതിയ കരാർ ലോകത്തിന് മുഴുവൻ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്നും ഡെമോക്രാറ്റുകൾ അമേരിക്കയുടെ നിലപാടിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 47 വർഷമായി മറ്റ് പ്രസിഡന്റുമാർ വരുത്തിവച്ച പ്രശ്നങ്ങളാണ് താൻ പരിഹരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാൻ്റെ മറുപടിയും പാകിസ്ഥാനിലെ ചർച്ചകളും
അതേസമയം ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി ഇറാൻ തള്ളി. അമേരിക്കയുമായി പുതിയ ചർച്ചയ്ക്കില്ലെന്നും യാതൊരു സമ്മർദങ്ങൾക്കും വഴങ്ങില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഉപരോധം അമേരിക്കയാണ് ലംഘിച്ചത്. രാജ്യത്തെ പ്രതിരോധിക്കാൻ തങ്ങൾക്ക് അറിയാമെന്നും അമേരിക്കൻ ഉപരോധത്തെ നേരിടാൻ സജ്ജമാണെന്നും ഇറാൻ അറിയിച്ചു. വിഷയത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയുടെ നിലപാടും നിർണായകമാകും.പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ നിർണായക ചർച്ചകൾ പുരോഗമിക്കുകയാണ്. യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്, ജാരെഡ് കുഷ്‌നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരടങ്ങുന്ന അമേരിക്കൻ സംഘം പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറുമായി ചർച്ച നടത്തി. ഏപ്രിൽ 22ന് വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.
ബുധനാഴ്‌ചയോടെ ഇസ്‌ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെങ്കിലും ഇറാൻ സംഘം പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഉപരോധത്തിൻ്റെ നിഴലിൽ ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചകൾ മുന്നോട്ട് പോകില്ലെന്ന് ഇറാനിലെ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ഇറാൻ്റെ ആണവ പദ്ധതികളും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണവുമാണ് ചർച്ചകളിലെ പ്രധാന തർക്കവിഷയം. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസപ്പെട്ടാൽ അത് ആഗോള തലത്തിൽ തന്നെ വലിയ പ്രതിസന്ധികൾക്ക് വഴിവയ്ക്കും. ചർച്ച പരാജയപ്പെട്ടാൽ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക രാജ്യാന്തര തലത്തിൽ നിലനിൽക്കുന്നുണ്ട്.