ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ കർശന മുന്നറിയിപ്പ്

ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാരിൻ്റെ കർശന മുന്നറിയിപ്പ്. സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ യാത്രകൾ മാറ്റിവയ്ക്കണമെന്നും, നിലവിൽ ഇറാനിലുള്ളവർ ലഭ്യമായ വാണിജ്യ വിമാനങ്ങളിൽ എത്രയും വേഗം രാജ്യം വിടണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പുതുക്കിയ യാത്രാ മാർഗനിർദേശത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനിൽ അസ്ഥിരതയും സംഘർഷങ്ങളും വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഏതെങ്കിലും ആവശ്യങ്ങൾക്കായി ഇറാനിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ സുരക്ഷാ സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ തത്കാലത്തേക്ക് യാത്രകൾ മാറ്റിവയ്ക്കണം. നിലവിൽ അവിടെ തുടരുന്നവർക്ക് താൽക്കാലികമായി രാജ്യം വിടാൻ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അനിവാര്യമായ കാരണങ്ങളാൽ ഇറാനിൽ തുടരുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു.

അതീവ ജാഗ്രത വേണം

രാജ്യത്തെ സാഹചര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നതിനായി വാർത്തകൾ കൃത്യമായി നിരീക്ഷിക്കണം. രാജ്യത്തിൻ്റെ തെക്കൻ തീരപ്രദേശങ്ങൾ ഉൾപ്പെടെ സൈനിക നീക്കങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ കർശനമായും ഒഴിവാക്കണം. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ ഇന്ത്യക്കാർ തയ്യാറാകണം. ഇതുവരെ എംബസിയിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും നിരന്തരം പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ള പൗരന്മാർക്കായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും പങ്കുവച്ചിട്ടുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ എംബസി സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമാവുകയും സുരക്ഷാ ഭീഷണി വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിലെ പാലങ്ങൾ, ജല ശുദ്ധീകരണ ശാലകൾ, വൈദ്യുത നിലയങ്ങൾ എന്നിവയ്ക്ക് നേരെ അമേരിക്കൻ സൈന്യം വ്യാപകമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയായി പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കൻ സഖ്യരാജ്യങ്ങൾക്ക് നേരെ ടെഹ്‌റാനും ശക്തമായ തിരിച്ചടികൾ നൽകി.