ഇഡി റെയ്ഡ് നടത്തിയതിനു പിന്നിൽ താനെന്ന സിപിഎം ആരോപണത്തിന് പരിഹാസ രൂപേണ മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പിണറായി വിജയന്‍റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയതെന്ന സിപിഎം ആരോപണത്തിന് പരിഹാസരൂപേണ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ താന്‍ നാളെതന്നെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തണമെന്നും പറഞ്ഞു.അപ്പോള്‍ തന്നെ മോദി ഫോണെടുത്ത് വിളിച്ചു സതീശന്‍ ആദ്യമായി പറയുന്ന കാര്യമാണ് നാളെ റെയ്ഡ് നടത്തണമെന്ന് ഉത്തരവിട്ടു. പന്ത്രണ്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തണമെന്നു താന്‍ വീണ്ടും മോദിയോട് പറഞ്ഞു. അങ്ങനെയാണ് റെയ്ഡ് നടന്നതെന്നും സതീശന്‍ പരിഹസിച്ചു. താന്‍ അധികാരത്തില്‍ വന്നതിനു ശേഷം കേള്‍ക്കുന്ന രണ്ടാമത്തെ തമാശയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും കോടതി ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റെയ്ഡ് നടക്കുന്ന വിവരം സംസ്ഥാന പൊലീസിനെ അറിയിച്ചിരുന്നില്ല. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഘം ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അത് യാതൊരു തരത്തിലും ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും മുതലാളിമാരില്‍ നിന്നും എല്ലാവരും പണം വാങ്ങാറുണ്ടെന്നും അങ്ങനെ പണം വാങ്ങിയതല്ല ഇവിടുത്തെ കേസ് എന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, ഈ വ്യക്തിയില്‍ നിന്ന് സി.പി.എം പണം വാങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയെ വിമര്‍ശിക്കാതെ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഒരു കാര്യത്തിലും അനാവശ്യ കാലതാമസം ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ തമാശയാണിത്. കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ തമാശ പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ കാണുന്നത് സ്വാഭാവികമായ ഒരു കീഴ്വഴക്കം മാത്രമാണെന്നും മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.കേരളത്തെ സമഗ്രമായ മാറ്റങ്ങളോടെ പുതിയ കാലത്തേക്ക് നയിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി. സര്‍ക്കാരിന്‍റെ നയങ്ങളുടെ പ്രതിഫലനമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്നും തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.അഞ്ച് ഇന്ദിരാ ഗ്യാരന്‍റികളും സര്‍ക്കാര്‍ പൂര്‍ണ്ണമായി നടപ്പാക്കും. വരാനിരിക്കുന്ന ബജറ്റില്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വലിയ സഹായങ്ങള്‍ പ്രഖ്യാപിക്കും. വിസ്മയങ്ങള്‍ നിറഞ്ഞ ഒരു ബജറ്റാവും സര്‍ക്കാര്‍ അവതരിപ്പിക്കുക. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിയെ സംബന്ധിച്ച് സര്‍ക്കാര്‍ നിലവില്‍ പഠിച്ചു വരികയാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍.
കേരളത്തെ ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം സുസ്ഥിര വികസന മാതൃക മുന്നോട്ടുവെക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ പൂര്‍ണ്ണമായി തകര്‍ക്കും. മലയോര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും സാധാരണക്കാരുടെ ചികിത്സാ ചെലവ് കുറയ്ക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.ഭൂമി ലഭ്യമാക്കുന്നതിനായി ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. തോട്ടം മേഖലയിലെ നിലവിലുള്ള നിയന്ത്രണങ്ങള്‍ മാറ്റുന്നതിനായി ഭൂനിയമങ്ങളില്‍ ആവശ്യമായ പരിഷ്ക്കരണങ്ങള്‍ വരുത്തും. പട്ടികജാതി-പട്ടികവര്‍ഗ്ഗ (എസ്.സി-എസ്.ടി) വിഭാഗക്കാര്‍ക്കായി ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇതുസംബന്ധിച്ച് പാര്‍ലമെന്‍റ് പ്രത്യേക നിയമങ്ങളൊന്നും പാസാക്കിയിട്ടില്ലെന്നും ഇത് നിര്‍ബന്ധിത (മാന്‍ഡേറ്ററി) അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താന്‍ കാര്യങ്ങള്‍ കൃത്യമായി പഠിച്ച ശേഷമാണ് പറയുന്നതെന്നും എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള സമയം തനിക്ക് അനുവദിക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
വന്ദേമാതര ഗാനാലാപനം
വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന് പാർലമെന്റ് നിയമം പാസാക്കിയിട്ടില്ല. ഇതിന് പുറമേ വന്ദേമാതരം മുഴുവനായി ആലപിക്കുന്ന കാര്യത്തിൽ കോൺഗ്രസിനും യുഡിഎഫിനും നിലപാടുണ്ട്. അത് രാഷ്ട്രീയ നിലപാടാണ്. ഗവർണ്ണർക്ക് ഇതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ താൻ സംസാരിച്ച് പരിഹരിക്കും.
പിഎംഎൽഎ കേസ്
സിഎംആർഎൽ എന്ന കമ്പനിയും എക്‌സാലോജിക്ക് എന്ന മറ്റൊരു കമ്പനിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ നടന്ന പണമിടപാടിൽ കള്ളപ്പണവെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി കേസെടുത്തിട്ടുള്ളത്. അത് എങ്ങനെ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാരിന് പറയാനാവില്ല. റെയ്ഡ് അന്വേഷണത്തിന്റെ ഭാഗമായി അവർ നടത്തിയതാണ്. അതിൽ സംസ്ഥാന സർക്കാരിന് ഇടപെടാനാവില്ല. ഹൈക്കോടതി നിർദ്ദേശിച്ച തുടരന്വേഷണത്തിന്റെ ഭാഗാമായാണ് റെയ്ഡ് സംഘടിപ്പിച്ചത്. അതിൽ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും കോടതിയെ സമീപിക്കാം.
താൻ പറഞ്ഞിട്ടാണ് 12 ഇടങ്ങളിൽ റെയ്ഡ് നടന്നതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുന്നില്ല. മുഖ്യമരന്തിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും താൻ കാണുന്നത്. റെയ്ഡിന്റെ ഭാഗമായി നടന്ന സംഭവവികാസങ്ങളിൽ പൊലീസിന് വീഴ്ച്ചയുണ്ടായിട്ടില്ല. കേരള പൊലീസിനെയോ സർക്കാരിനെയോ അറിയിച്ചിട്ടല്ല അവർ റെയ്ഡ് നടത്തിയത്. പിണറായി വിജയന്റെ വീടിന് മുന്നിൽ ആൾക്കൂട്ടം ഉണ്ടാകുന്നുവെന്നറിഞ്ഞ് പൊലീസിനെ അങ്ങോട്ട് അയച്ച ആഭ്യന്തരമന്ത്രിയെ താൻ അഭിനന്ദിക്കുകയാണ്. എന്നാൽ അവിടെയുണ്ടായ അക്രമത്തിനെ ന്യായീകരിക്കാനാവില്ല.സിപിഎം അതിനെ പിന്തുണയ്ക്കരുത്. റെയ്ഡിനെത്തിയ കേന്ദ്ര ഏജൻസിയുടെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കാനാണ് ക്രിമിനലുകളെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഘം ആക്രമിച്ചത്. ഇത് ന്യായീകരിക്കാനാവില്ല. റെയ്ഡിന് ശേഷം പുറത്ത് വന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെയാണ് സംസാരിച്ചത്. രാഹുൽ ഗാന്ധിയാണോ കേന്ദ്ര ഏജൻസിയെ റെയ്ഡിന് നിയോഗിച്ചതെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയെയോ കേന്ദ്രസർക്കാരിനെയോ അദ്ദേഹം വിമർശിച്ചില്ല.
സിഎംആർഎൽ - എക്‌സാലോജിക്ക് പണമിടപാടിൽ അന്ന് പ്രതിപക്ഷമായിരുന്ന യുഡിഎഫ് നിയമസഭയ്ക്കകത്തും പുറത്തും ആരോപണമുന്നയിച്ചതാണ്. പിന്നെ എങ്ങനെയാണ് ഇക്കാര്യത്തെ മുഖ്യമ്രന്തിയെന്ന നിലയിൽ എതിർക്കുന്നത്. രാഹുൽ ഗാന്ധിയെ 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തു. അന്ന് ഇതുപോലെ ജനക്കൂട്ടം അക്രമാസക്തരായില്ല. ചോദ്യം ചെയ്യലിന് ഹാജരായ ശേഷം ഇത് രാഷ്ട്രീയപ്രേരിതമായ കേസാണെന്ന് കോൺഗ്രസ് പൊതുജനങ്ങളോട് പറഞ്ഞു. അല്ലാതെ അക്രമസംഭവമുണ്ടായില്ല. റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ ക്രൂരമായ അക്രമമാണ് ഇവിടെ അഴിച്ചു വിട്ടത്. ഇതിന് ശേഷം പാർട്ടി ഓഫീസിൽ കയറി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ബുദ്ധിപരമായ സംയമനം പാലിച്ചതുകൊണ്ടാണ്. കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ല.നയപ്രഖ്യാപനപ്രസംഗത്തിൽ കേരളത്തോടുള്ള കേന്ദ്ര സമീപനത്തെ വിമർശിക്കാത്ത നടപടിയെക്കുറിച്ചുള്ള സിപിഎമ്മിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. കേന്ദ്രത്തെ വിമർശിക്കേണ്ട ഘട്ടം ഇപ്പോഴുണ്ടായിട്ടില്ല. അങ്ങനെ വന്നാൽ വിമർശിക്കും. ആദ്യമേ വിമർശിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി.