വയനാട് ദുരന്തം : പോളിറ്റ് ബ്യൂറോ നടത്തിയ ഫണ്ട് ശേഖരണത്തിൻ്റെ കണക്കുകൾ പുറത്തുവിടണമെന്ന് കോൺഗ്രസ്

വയനാട് ദുരന്തം : പോളിറ്റ് ബ്യൂറോ നടത്തിയ ഫണ്ട് ശേഖരണത്തിൻ്റെ കണക്കുകൾ  പുറത്തുവിടണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ നടത്തിയ ഫണ്ട് ശേഖരണത്തിൻ്റെ കണക്കുകൾ അടിയന്തരമായി പുറത്തുവിടണമെന്ന് കോൺഗ്രസ്. നൂറുകണക്കിന് ആളുകളുടെ ജീവൻ കവർന്ന മഹാദുരന്തത്തിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് ഒന്നിനാണ് ന്യൂഡൽഹിയിലെ എകെജി ഭവൻ കേന്ദ്രീകരിച്ച് സിപിഎം വയനാട് റിലീഫ് ഫണ്ട് രൂപീകരിച്ചത്.

ഫണ്ട് ശേഖരണവും അവ്യക്തതയും ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും പുനരധിവാസത്തിനായി ഉദാരമായി സംഭാവന നൽകണമെന്നും പാർട്ടി അന്ന് ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഫണ്ട് ശേഖരണത്തിനായി പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൻ്റെ ന്യൂഡൽഹി ഭായ് വീർ സിങ് സാഹിത്യ സദൻ ബ്രാഞ്ചിലെ 07621000432853 എന്ന അക്കൗണ്ട് നമ്പറും PSIB0000762 എന്ന ഐഎഫ്എസ്‌സി കോഡും ഔദ്യോഗികമായി നൽകിയിരുന്നു. വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ പ്രത്യേക നിധി രൂപീകരിച്ചിട്ടുണ്ടെന്നും എല്ലാവരും ഇതിലേക്ക് സംഭാവനകൾ നൽകണമെന്നുമായിരുന്നു പാർട്ടിയുടെ പ്രസ്‌താവന. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇതിൻ്റെ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് കോൺഗ്രസ് പ്രധാനമായും ആരോപിക്കുന്നത്.ഫണ്ട് ശേഖരണം കഴിഞ്ഞിട്ടും അക്കൗണ്ടിലൂടെ ലഭിച്ച തുകയെക്കുറിച്ചോ അതിൻ്റെ വിതരണത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ മറ്റ് മാധ്യമങ്ങളിലോ ലഭ്യമാക്കിയിട്ടില്ല. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ അതോ പാർട്ടി നേരിട്ട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചോ എന്ന കാര്യത്തിലും സിപിഎം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി രാജു പി നായർ ഇടിവി ഭാരതിനോട് വ്യക്തമാക്കി.

ദുരന്തമുഖത്ത് സാധാരണക്കാർ നൽകിയ ചെറിയ തുകകൾ പോലും എവിടെയെത്തിയെന്ന് അറിയാൻ അവർക്ക് അവകാശമുണ്ടെന്നിരിക്കെ പാർട്ടി നേതൃത്വം കണക്കുകൾ മറച്ചുവയ്ക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഇപ്പോഴും മന്ദഗതിയിൽ നീങ്ങുന്ന സാഹചര്യത്തിൽ പോളിറ്റ് ബ്യൂറോ സമാഹരിച്ച ഫണ്ടിൻ്റെ വിശദാംശങ്ങൾ പൊതുസമൂഹത്തെ അറിയിക്കാൻ സിപിഎം നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം വിശദീകരണം

അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു.സിപിഎം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും കണക്കുകൾ സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. കണക്കുകളുടെ കാര്യത്തിൽ സുതാര്യത പുലർത്തുന്ന സിപിഎമ്മിൻ്റെ മാതൃക അവർ പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലെ 07621000432853 എന്ന അക്കൗണ്ട് നമ്പറിലൂടെയാണ് ദുരിതാശ്വാസ നിധി സമാഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക സിഎംഡിആർഎഫിലേക്ക് കൈമാറിയത്. 2025 മാർച്ച് 21ന് 92 ലക്ഷം രൂപയും 2025 മെയ് 26ന് 99,000 രൂപയുമാണ് കൈമാറിയത്. ഇതിനുപുറമെ പാർട്ടിയുടെ വിവിധ ബഹുജന സംഘടനകളും വലിയ തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.അഖിലേന്ത്യാ കിസാൻ സഭയും കേരള കർഷക സംഘവും സമാഹരിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. കണക്കുകൾ അവതരിപ്പിക്കുന്നതിലെ സുതാര്യതയ്ക്ക് സുപ്രീംകോടതിയുടെ പോലും പ്രശംസ ഏറ്റുവാങ്ങിയ പാർട്ടിയാണ് സിപിഎം എന്ന് എംഎ ബേബി വിശദീകരിച്ചു.

തുടരുന്ന രാഷ്ട്രീയ വിവാദം

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് നിലനിൽക്കുന്നത്. ദുരന്ത ഇരകളുടെ മൃതദേഹങ്ങൾ കാണിച്ച് പിരിച്ചെടുത്ത പണം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.ഇതിനിടെ വയനാട്ടിൽ ദുരിതബാധിതരുടെ നിർമാണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വസീഫ് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്‌തു. ദുരിതാശ്വാസ ഫണ്ടുകളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും വരും ദിവസങ്ങളിലും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കും.