ഡിഎംകെ സഖ്യത്തിൽനിന്ന് പിന്മാറിയതായി സിപിഐ

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിൽനിന്ന് പിന്മാറിയതായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യൻ പ്രഖ്യാപിച്ചു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ടാണ് സിപിഐയുടെ ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള 'ഇന്ത്യ' സഖ്യത്തിൻ്റെ ഭാഗമായി 21 പാർട്ടികളാണ് മത്സരിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യത്തിലെ ചില പാർട്ടികൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ 108 സീറ്റുകൾ നേടി തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയായിരുന്നു.
ഈ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ അവസരമൊരുക്കുന്നതിനായി കോൺഗ്രസ് പാർട്ടി ഡിഎംകെയുമായുള്ള സഖ്യം പരസ്യമായി ഉപേക്ഷിച്ചിരുന്നു. ഇതിന് സമാനമായി സിപിഐ, സിപിഎം, വിസികെ, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളും ടിവികെയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അതേസമയം തന്നെ ഡിഎംകെ സഖ്യത്തിൽ തുടരുമെന്നും ഈ പാർട്ടികൾ നേരത്തെ അറിയിച്ചിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ ഡിഎംകെ സഖ്യത്തിൽ തുടരാൻ സിപിഐക്ക് സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കോയമ്പത്തൂരിൽ ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് ദിവസമായി പാർട്ടിയിൽ നടന്ന ആഭ്യന്തര കൂടിയാലോചനകൾക്ക് ശേഷമാണ് ഡിഎംകെ സഖ്യത്തിൽനിന്ന് പിന്മാറാനുള്ള അന്തിമ തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.