"3 സെഞ്ച്വറി അടിച്ചിട്ടും സ്ഥാനം സുരക്ഷിതമായിരുന്നില്ല": സഞ്ജു സാംസൺ

"3 സെഞ്ച്വറി അടിച്ചിട്ടും സ്ഥാനം സുരക്ഷിതമായിരുന്നില്ല": സഞ്ജു സാംസൺ

ഇന്ത്യൻ ടി20 ടീമിൽ മികച്ച ഫോമിൽ തുടരുമ്പോഴും അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടികളെക്കുറിച്ചും, ലോകകപ്പ് ടീമിൽ നിന്ന് പുറത്തായതിനെക്കുറിച്ചും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ മനസ്സ് തുറന്നു. 2026 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായ കഠിനമായ ആ ഘട്ടത്തെക്കുറിച്ച് 'ജിയോസ്റ്റാറി'ന് നൽകിയ അഭിമുഖത്തിലാണ് താരം തന്‍റെ അനുഭവങ്ങൾ പങ്കുവെച്ചത്.

ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ, ഇഷാൻ കിഷന്‍റെ അസാമാന്യ ഫോം സെലക്‌ടർമാരുടെ ചിന്താഗതി മാറ്റിയതായി സഞ്ജു സമ്മതിച്ചു. 'അതിന് ശേഷം ഇഷാൻ ടീമിലേക്ക് വന്നു, അവന്‍റെ കഥ തികച്ചും വ്യത്യസ്‌തമായിരുന്നു. അവൻ ആദ്യം ടീമിൽ പോലും ഉണ്ടായിരുന്നില്ല. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ ഇഷാന്‍ ഒറ്റയ്ക്ക് ചാമ്പ്യന്മാരാക്കി. തുടർന്ന് ഇന്ത്യൻ ടീമിലെത്തി തികച്ചും വ്യത്യസ്‌തമായ ഒരു തലത്തിലാണ് ബാറ്റ് ചെയ്‌തത്. ടീമിന്‍റെ മുൻഗണനാ ക്രമത്തിൽ ഇഷാൻ എനിക്ക് മുകളിലേക്ക് മാറുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു,' സഞ്ജു പറഞ്ഞു.

'നിശബ്‌ദനായി ഇരുന്ന് കൈയടിക്കുക മാത്രമായിരുന്നു വഴി'

അഞ്ച് മത്സരങ്ങളടങ്ങിയ ന്യൂസിലാൻഡ് പരമ്പരയിൽ 24, 6, 6, 10, 0 എന്നിങ്ങനെ കുറഞ്ഞ സ്കോറുകൾ മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇത് തന്‍റെ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്ന്   താരം തുറന്നുപറഞ്ഞു. 'നിങ്ങൾക്ക് അഞ്ച് മത്സരങ്ങൾ ലഭിക്കുന്നു, അതിൽ നിങ്ങൾ നേടുന്നത് 24, 6, 6, 10, 0 എന്നിങ്ങനെയാണ്.അപ്പോഴാണ് മറ്റൊരു കളിക്കാരൻ വന്ന് ഉടൻ തന്നെ 70-ലധികം റൺസ് അടിക്കുകയും പിന്നീട് സെഞ്ച്വറി നേടുകയും ചെയ്യുന്നത്. അടുത്ത മത്സരം നേരിട്ട് ടി20 ലോകകപ്പാണ്. ഫോമിലുള്ള ഒരു ബാറ്ററെയേ ആരും തിരഞ്ഞെടുക്കൂ. ലോകകപ്പ് എനിക്ക് നഷ്‌ടമായെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നു. എന്താണോ സംഭവിക്കേണ്ടത് അത് സംഭവിച്ചു കഴിഞ്ഞു, എനിക്ക് ചെയ്യാൻ കഴിയുമായിരുന്ന ഏക കാര്യം നിശബ്‌ദനായി ഇരുന്ന് കൈയടിക്കുക മാത്രമായിരുന്നു," താരം കൂട്ടിച്ചേർത്തു.

ഒറ്റ ദിവസം കൊണ്ട് മാറിമറിയുന്ന ഇന്ത്യൻ ക്രിക്കറ്റ്

തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യൻ ടി20 ടീമിൽ തന്‍റെ സ്ഥാനം ഉറപ്പിച്ചു എന്ന് വിശ്വസിച്ചിരുന്ന സമയത്താണ് ഈ തിരിച്ചടി നേരിട്ടത്. "ഇന്ത്യൻ ക്രിക്കറ്ററാകുന്നതിന്‍റെ സവിശേഷത ഇതാണ്, ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയാം. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ നേടുമെന്ന് ഞാൻ പോലും കരുതിയിരുന്നില്ല. ആ റൺസ് വേട്ടയ്ക്ക് ശേഷം എന്‍റെ സ്ഥാനം സുരക്ഷിതമാണെന്ന് പലരും പറഞ്ഞിരുന്നെങ്കിലും എന്‍റെ മനസ്സിൽ ഞാൻ അത് പൂർണ്ണമായി വിശ്വസിച്ചിരുന്നില്ല," സഞ്ജു വ്യക്തമാക്കി.

കഠിന പരിശീലനത്തേക്കാൾ പ്രധാനം മാനസികാരോഗ്യം

ഈ കഠിനമായ ഘട്ടത്തിലാണ് കഠിനാധ്വാനം മാത്രം പോരെന്ന വലിയൊരു ജീവിതപാഠം സഞ്ജുവിനുണ്ടായത്. ലോകകപ്പ് ടീമിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെ ഭ്രാന്തമായി പരിശീലിച്ചിട്ടും അഞ്ച് മത്സരങ്ങളിൽ ഉയർന്ന സ്കോർ 24 മാത്രമായിരുന്നുവെന്ന് താരം ഓർത്തെടുത്തു. "ഞാൻ അമിതമായി പരിശീലിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. മണിക്കൂറുകളോളം പരിശീലിക്കുന്നതിനേക്കാൾ പ്രധാനം സന്തോഷത്തോടെയും മാനസികമായി നല്ലൊരു അവസ്ഥയിലും ഇരിക്കുക എന്നതാണെന്ന എന്‍റെ ഭാര്യയുടെ വാക്കുകൾ ശരിയായിരുന്നു. ന്യൂസിലാൻഡ് പരമ്പര എന്നെ അത് പഠിപ്പിച്ചു," സഞ്ജു സാംസൺ വ്യക്തമാക്കി.