ഫിഫ ലോകകപ്പ് ഫൈനൽ : അർജന്റീനയും സ്പെയിനും നേർക്കുനേർ; തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് മെസി

ന്യൂയോർക്ക്: ലോക ഫുട്ബോളിന്റെ കനകകിരീടം ആർക്കെന്ന് നിർണ്ണയിക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനൽ പോരാട്ടത്തിൽ ഇന്ന് രണ്ട് വമ്പന്മാർ നേർക്കുനേർ. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ് കലാശപ്പോരാട്ടം. ലോകകപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായപ്പോരാട്ടത്തിനാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയം ഒരുങ്ങിയിരിക്കുന്നത്.. ഇന്ത്യൻ സമയം നാളെ പുലർച്ചെ (ജൂലൈ 20, തിങ്കളാഴ്ച) 12:30-നാണ് കളി ആരംഭിക്കുന്നത്. ഇത് വെറുമൊരു ഫുട്ബോൾ മത്സരം മാത്രമല്ല, രണ്ട് വ്യത്യസ്ത കളിശൈലികളുടെയും വൻകരകളുടെയും അഭിമാന പോരാട്ടം കൂടിയാണ്.
ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിൽ ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീന ഇറങ്ങുമ്പോൾ, 2010-ന് ശേഷമുള്ള തങ്ങളുടെ രണ്ടാം ലോകകിരീടമാണ് സ്പെയിൻ ലക്ഷ്യമിടുന്നത്. സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മറുവശത്ത് ശക്തമായ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 2-1 ന് കീഴടക്കിയാണ് അർജന്റീന തങ്ങളുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്.
ലോകകപ്പ് വേദിയിൽ ഇരുടീമുകളും നേർക്കുനേർ വരുന്നത് ഇതാദ്യമായല്ലെങ്കിലും, അതീവ അപൂർവ്വമായാണ് ഇവർ തമ്മിൽ മാറ്റുരച്ചിട്ടുള്ളത്. 1966-ലെ ഇംഗ്ലണ്ട് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇവർ ഇതിനുമുമ്പ് ഏറ്റുമുട്ടിയത്. അന്ന് ലൂയിസ് ആർട്ടിമെയുടെ ഇരട്ട ഗോൾ മികവിൽ അർജൻ്റീന സ്പെയിനെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു.
മൊത്തം അന്താരാഷ്ട്ര റെക്കോഡ് (തുല്യശക്തികൾ)
സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ ഇതുവരെ കളിച്ച 14 മത്സരങ്ങളിൽ 6 എണ്ണത്തിൽ അർജൻ്റീനയും 6 എണ്ണത്തിൽ സ്പെയിനും വിജയിച്ചു. 2 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. അവസാന കൂടിക്കാഴ്‌ചയില്‍, 2018-ൽ നടന്ന ഒരു സൗഹൃദ മത്സരത്തിൽ സ്പെയിൻ അർജൻ്റീനയെ 6-1 ന് തകർത്തുവിട്ടിരുന്നു. എന്നാൽ അന്നത്തെ ടീമിൽ നിന്ന് ഇന്നത്തെ അർജൻ്റീന ഒരുപാട് മാറി ചിന്തിച്ചു കഴിഞ്ഞു.
ഇന്നത്തെ മത്സരത്തിൻ്റെ സവിശേഷതകൾ:
സ്പെയിൻ തങ്ങളുടെ അവസാന 37 അന്താരാഷ്ട്ര മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. മറുവശത്ത് അർജൻ്റീന ടൂർണമെൻ്റിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് 19 ഗോളുകളുമായാണ് ഫൈനലിൽ എത്തിയിരിക്കുന്നത്.ടൂർണമെൻ്റിൽ 8 ഗോളുകളുമായി മിന്നും ഫോമിലുള്ള മെസി തന്നെയാണ് അർജൻ്റീനയുടെ പ്രധാന ആയുധം. തൻ്റെ കരിയറിലെ അവസാന ലോകകപ്പ് കിരീടത്തോടെ പൂർത്തിയാക്കാൻ മെസി സർവ്വശക്തിയും പുറത്തെടുക്കും. റോഡ്രിഗോ ഡി പോൾ, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരടങ്ങുന്ന മധ്യനിര കളി നിയന്ത്രിക്കുന്നതിൽ മിടുക്കരാണ്. പെനാൽറ്റി ഷൂട്ടൗട്ടുകളിലെ രാജാവായ എമിലിയാനോ മാർട്ടിനെസ് ഗോൾവലയ്ക്ക് മുന്നിലുള്ളത് അർജൻ്റീനയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ലൂയിസ് ഡി ലാ ഫുവെൻ്റെയുടെ കീഴിൽ വശ്യമായ അറ്റാക്കിംഗ് ഫുട്ബോളാണ് സ്പെയിൻ കാഴ്ചവയ്ക്കുന്നത്. കൗമാര താരം ലാമിൻ യമാലിൻ്റെ അസാധ്യമായ ഡ്രിബ്ലിംഗ് കപ്പാസിറ്റിയും വേഗതയും ഏതൊരു പ്രതിരോധ നിരയെയും തകർക്കാൻ പോന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായ റോഡ്രിയാണ് സ്പെയിന്റെ എൻജിൻ. കളിയിലെ താളം നിശ്ചയിക്കുന്നത് റോഡ്രിയാണ്. മാലിനൊപ്പം നികോ വില്യംസ് കൂടിയാകുമ്പോൾ സ്പെയിൻ്റെ വിങ്ങുകൾക്ക് തീപിടിക്കും.
കണക്കുകളിലും കളിശൈലിയിലും ഇരുടീമുകളും തുല്യശക്തികളാണ്. തുടക്കത്തിൽ ഗോൾ നേടി കളി കൈപ്പിടിയിലൊതുക്കാൻ സ്പെയിൻ ശ്രമിക്കുമ്പോൾ, കളി പതുക്കെയാക്കി മെസിയുടെ വ്യക്തിഗത മികവിൽ കൗണ്ടർ അറ്റാക്കുകൾ നടത്താനാകും അർജൻ്റീനയുടെ ശ്രമം. എന്തായാലും മിനിറ്റുകൾക്കകം ഭാഗ്യം മാറിമറിയുന്ന ഒരു ക്ലാസിക് പോരാട്ടമായിരിക്കും ഇത്. ശക്തിയിലും തന്ത്രങ്ങളിലും ഒന്നിനൊന്ന് മെച്ചമായ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ പ്രവചനങ്ങൾ അസാധ്യമാണ്. ടാക്റ്റിക്കൽ ഫുട്ബോളിൻ്റെ സൗന്ദര്യവും ലയണൽ മെസിയുടെ മാജിക്കും തമ്മിലുള്ള ഈ പോരാട്ടത്തിൽ ആര് ലോകത്തിൻ്റെ നെറുകയിലെത്തുമെന്ന് കാത്തിരുന്ന് കാണാം.
അർജൻ്റീന (സാധ്യതാ ഇലവൻ)
കോച്ച് ലയണൽ സ്കലോണി തൻ്റെ പതിവ് 4-1-3-2 അല്ലെങ്കിൽ 4-3-3 ഫോർമേഷനിലായിരിക്കും ടീമിനെ ഇറക്കുക
ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനെസ്
പ്രതിരോധം: ഗോൺസാലോ മോണ്ടിയൽ, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടീനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ
ഡിഫൻസീവ് മിഡ്ഫീൽഡ്: ലിയാൻഡ്രോ പരെഡെസ്
മധ്യനിര: ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ
ആക്രമണം: ജൂലിയൻ അൽവാരസ്, ലയണൽ മെസി
മാറ്റം: സെമിഫൈനലിൽ കളിച്ച ജൂലിയാനോ സിമിയോണിക്ക് പകരം റോഡ്രിഗോ ഡി പോൾ ആദ്യ ഇലവനിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്.
സ്പെയിൻ (സാധ്യതാ ഇലവൻ)
ലൂയിസ് ഡി ലാ ഫുവെൻ്റെ തൻ്റെ പ്രിയപ്പെട്ട അതിവേഗ അറ്റാക്കിംഗ് ശൈലിയായ 4-3-3 ഫോർമേഷൻ തന്നെ ഫൈനലിലും തുടരും
ഗോൾകീപ്പർ: ഉനായ് സിമോൺ
പ്രതിരോധം: പെഡ്രോ പോറോ, പാവു കുബാർസി, അയ്മെറിക് ലപ്പോർട്ടെ, മാർക്ക് കുക്കുറെല്ല
മധ്യനിര: റോഡ്രി, ഫാബിയൻ റൂയിസ്, ഡാനി ഓൽമോ
ആക്രമണം : ലാമിൻ യമാൽ, മിക്കൽ ഒയാർസബാൽ, അലക്സ് ബീന / നികോ വില്യംസ്
ഇന്ത്യയിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ZEE5 ആപ്പിലൂടെയും ഔദ്യോഗിക സ്പോർട്സ് ചാനലുകളിലൂടെയും തത്സമയം കാണാൻ സാധിക്കും.
ZEE5 App & Website: ഒഫീഷ്യൽ സ്ട്രീമിംഗ് പാർട്ണറായ ZEE5 വഴി ഓൺലൈനായി മത്സരം കാണാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ലാ ഭാഷകളിൽ കമൻ്ററി ലഭ്യമാണ്.
Unite8 Sports Network (Paid): ലോകകപ്പിൻ്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ ഇവരുടെ താഴെ പറയുന്ന ചാനലുകളിൽ കളി തത്സമയം കാണാം:
Unite8 Sports 1 & Unite8 Sports 1 HD
Unite8 Sports 2 & Unite8 Sports 2 HD