തമിഴ്‌നാട്ടിൽ എവിടെയും റീപോളിങ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

തമിഴ്‌നാട്ടിൽ എവിടെയും റീപോളിങ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തിലും റീപോളിങ് (വീണ്ടും വോട്ടെടുപ്പ്) ഉണ്ടാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പിന് ശേഷം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്തെ 75,064 പോളിങ് ബൂത്തുകളിലെ രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയില്ലെന്നും കമ്മിഷന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് ഏപ്രില്‍ 23-ന് ഒറ്റ ഘട്ടമായാണ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന 75,064 പോളിങ് ബൂത്തുകളിലും വോട്ടെടുപ്പിന് ശേഷം സൂക്ഷ്‌മ പരിശോധന നടത്തിയിരുന്നു. വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സീൽ ചെയ്‌ത് സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ റൂമുകളില്‍ ഇരട്ട ലോക്ക് സംവിധാനം, 24 മണിക്കൂർ സുരക്ഷ, സിസിടിവി നിരീക്ഷണം എന്നിവ ഉറപ്പാക്കിയെന്നും കമ്മിഷന്‍ പറഞ്ഞു.വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറികൾ ദിവസേന രണ്ടുതവണ സന്ദർശിക്കാന്‍ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ സുരക്ഷ ഉറപ്പാക്കാനായി ദിവസേന അല്ലെങ്കിൽ 3-4 ദിവസത്തിലൊരിക്കൽ സന്ദർശിക്കാനും നിര്‍ദേശിച്ചു. കൂടാതെ, സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് പരിസരത്ത് ക്യാമ്പ് സ്ഥാപിക്കാനും നിരീക്ഷിക്കാനും അനുമതി നൽകിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിൽ പറയുന്നു.

"തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ദിവസം ഉപയോഗിച്ച ഫോം 17A ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് റിട്ടേണിങ് ഓഫിസർമാർ ഇവ നടത്തിയത്. സ്ഥാനാർഥികളോ അവരുടെ പ്രതിനിധികളോ ഇതിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പിൽ മത്സരിച്ച 4,023 സ്ഥാനാർഥികളെയും തീയതി, സമയം, സ്ഥലം എന്നിവയെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നു. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിൽ 75,064 പോളിങ് ബൂത്തുകളിൽ രേഖപ്പെടുത്തിയ രേഖകൾ പരിശോധിച്ച ശേഷം ഒരു ക്രമക്കേടും കണ്ടെത്തിയില്ല, ഒരു മണ്ഡലത്തിലും റീപോളിങ് ശുപാർശ ചെയ്‌തിട്ടില്ല" മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.

തമിഴ്‌നാട് തെരഞ്ഞെടുപ്പ്

ഏപ്രില്‍ 23 ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ സംസ്ഥാനത്തുടനീളമുള്ള 75,064 പോളിങ് സ്റ്റേഷനുകളിൽ പോളിങ് സമാധാനപരമായി നടന്നു. 1,06,404 വോട്ടിങ് മെഷീനുകൾ, 75,064 നിയന്ത്രണ ഉപകരണങ്ങൾ, 75,064 വിവിപാറ്റ് മെഷീനുകൾ എന്നിവ പോളിങ്ങിനായി ഉപയോഗിച്ചു.

3,75,320 സർക്കാർ ജീവനക്കാർ തെരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്നു. 83,000 പൊലീസ് ഉദ്യോഗസ്ഥരും 300 അർധസൈനിക ഉദ്യോഗസ്ഥരും സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സംസ്ഥാനത്തുടനീളമുള്ള 3,025 സ്ഥലങ്ങളിലായി 5,949 പോളിങ് സ്റ്റേഷനുകൾ സെൻസിറ്റീവ് ആയി കണ്ടെത്തി അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.തമിഴ്‌നാട്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് 85.15% വോട്ടർമാരുടെ പോളിങ് രേഖപ്പെടുത്തി. കരൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 93.63% ആയിരുന്നു പോളിങ്. കന്യാകുമാരി ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് 75.61% ആയിരുന്നു. ചെന്നൈ ജില്ലയില്‍ 83.74% വോട്ടുകൾ രേഖപ്പെടുത്തി. ഇതിൽ ഏറ്റവും കൂടുതൽ രാധാകൃഷ്‌ണൻ നഗറിൽ 90.60% മൈലാപ്പൂർ ബ്ലോക്കിൽ 74.89% എന്നിങ്ങനെ ആയിരുന്നു.