ബംഗാളിലും ആസാമിലും ബിജെപി നയിക്കുന്ന എൻഡിഎ , തമിഴ്നാട്ടിലും പുതുച്ചേരിയിലും ഭരണത്തുടർച്ച ; എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വൻ മുന്നേറ്റം. ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി ആദ്യമായി അധികാരത്തിലെത്തുമെന്നാണ് ഒട്ടുമിക്ക സർവേകളും പ്രവചിക്കുന്നത്. അസമിൽ നുഴഞ്ഞുകയറ്റ വിഷയം ഉയർത്തിക്കാട്ടിയുള്ള എൻഡിഎ പ്രചാരണം വലിയ വിജയം കണ്ടതായി എൻഡിടിവി ആക്സിസ് മൈ ഇന്ത്യ സർവേ വ്യക്തമാക്കുന്നു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഭരണത്തുടർച്ച ഉണ്ടാകുമെന്നും വിവിധ സർവേ ഫല സൂചനകളുണ്ട്.

പശ്ചിമ ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് നടന്നത്. വൈകുന്നേരം ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ഏതാണ്ട് 90 % പോളിങ് രേഖപ്പെടുത്തി. പുർബ ബർധമാൻ, ഹൂഗ്ലി, നദിയ ജില്ലകളിൽ പോളിങ് 90 ശതമാനത്തിന് മുകളിലാണ്. അവസാന ഘട്ടത്തിൽ ദക്ഷിണ ബംഗാളിലെയും കൊൽക്കത്തയിലെയും 142 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.ആകെ 3.21 കോടി വോട്ടർമാരും 1400ൽ അധികം സ്ഥാനാർഥികളുമാണ് ഈ ഘട്ടത്തിൽ ജനവിധി തേടിയത്. വിവിധ ഏജൻസികളുടെ സർവേ ഫലങ്ങൾ ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. പീപ്പിൾസ് പൾസ് സർവേയിൽ മാത്രമാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വിജയസാധ്യത കൽപിക്കുന്നത്. ഇവർ തൃണമൂലിന് 177 മുതൽ 187 വരെ സീറ്റുകളും ബിജെപിക്ക് 95 മുതൽ 110 വരെ സീറ്റുകളും പ്രവചിക്കുന്നു.
എന്നാൽ മറ്റ് സർവേകളെല്ലാം ഇതിന് വിപരീതമാണ് പ്രവചിക്കുന്നത്. മെട്രിസ് സർവേ പ്രകാരം ബിജെപി 146 മുതൽ 161 വരെ സീറ്റുകൾ നേടുമ്പോൾ തൃണമൂൽ 125 മുതൽ 140 സീറ്റുകളിലേക്ക് ചുരുങ്ങും. പി-മാർക്ക് സർവേ ബിജെപിക്ക് 150 മുതൽ 175 വരെ സീറ്റുകൾ പ്രവചിക്കുമ്പോൾ തൃണമൂൽ 118 മുതൽ 138 വരെ സീറ്റിലൊതുങ്ങും. പ്രജാ പോൾ അനലിറ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 193 സീറ്റുകളോടെ ബിജെപി അധികാരത്തിലെത്തും. ഇവിടെ തൃണമൂലിന് 100 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. പോൾ ഡയറി ബിജെപിക്ക് 142 മുതൽ 171 വരെ സീറ്റുകളും തൃണമൂലിന് 99 മുതൽ 127 വരെ സീറ്റുകളും ലഭിക്കുമെന്ന് വ്യക്തമാക്കുന്നു. ജെവിസി ബിജെപിക്ക് 138 മുതൽ 159 സീറ്റുകളും തൃണമൂലിന് 131 മുതൽ 152 സീറ്റുകളുമാണ് നൽകുന്നത്. ഇടതുമുന്നണിക്കും കോൺഗ്രസിനും നാമമാത്രമായ സീറ്റുകൾ മാത്രമേ സർവേകൾ പ്രവചിക്കുന്നുള്ളൂ.
താര പ്രചാരകർ ആരെല്ലാം?
മുഖ്യമന്ത്രി മമത ബാനർജി, അനന്തരവൻ അഭിഷേക് ബാനർജി എന്നിവർക്കൊപ്പം സായോനി ഘോഷ്, മഹുവ മൊയ്ത്ര, കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം തുടങ്ങിയവരാണ് തൃണമൂൽ കോൺഗ്രസിൻ്റെ പ്രചാരണത്തിന് നേതൃത്വം നൽകിയത്. മറുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ബിജെപിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും, യോഗി ആദിത്യനാഥ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സുവേന്ദു അധികാരിയെപ്പോലുള്ള പ്രാദേശിക നേതാക്കൾക്കൊപ്പം ബിജെപി നിരയിൽ സജീവമായിരുന്നു. ദീപ്സിത ധർ, ശതരൂപ് ഘോഷ്, മീനാക്ഷി മുഖർജി തുടങ്ങിയ വിദ്യാർഥി നേതാക്കളെ മുൻനിർത്തി സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും മികച്ച പ്രചാരണം നടത്തി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 215 സീറ്റുകൾ നേടിയപ്പോൾ ബിജെപി 77 സീറ്റുകളാണ് സ്വന്തമാക്കിയത്.അസമിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തുടർച്ച നേടുമെന്ന് എൻഡിടിവി ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. സഖ്യം 88 മുതൽ 100 വരെ സീറ്റുകൾ നേടും. മികച്ച മത്സരം കാഴ്ചവയ്ക്കുമെന്ന് കരുതിയ കോൺഗ്രസ് സഖ്യം 24 മുതൽ 36 വരെ സീറ്റുകളിലേക്ക് ചുരുങ്ങും. 70 മുതൽ 80 വരെ സീറ്റുകൾ ഒറ്റയ്ക്ക് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. സഖ്യകക്ഷികളായ എജിപി ഏഴ് മുതൽ ഒൻപത് വരെ സീറ്റുകളും ബിപിഎഫ് ഒൻപത് മുതൽ 11 വരെ സീറ്റുകളും നേടും. കോൺഗ്രസിന് 22 മുതൽ 30 വരെ സീറ്റുകൾ ലഭിക്കുമ്പോൾ റൈജോർ ദൾ ഒന്നു മുതൽ നാല് വരെ സീറ്റുകളും എജെപി ഒന്നോ രണ്ടോ സീറ്റുകളും നേടും. സിപിഎമ്മിനും സ്വതന്ത്രർക്കും പരമാവധി രണ്ട് സീറ്റുകൾ വരെയേ ലഭിക്കൂ.

അസമിൽ ബിജെപി 90 സീറ്റുകളിലും എജിപി 26 സീറ്റുകളിലും ബിപിഎഫ് 11 സീറ്റുകളിലുമാണ് ജനവിധി തേടിയത്. കോൺഗ്രസ് 99 സീറ്റുകളിൽ മത്സരിച്ചപ്പോൾ റൈജോർ ദൾ 13 സീറ്റുകളിലും എജെപി 10 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി.തമിഴ്നാട്ടിൽ എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ ഡിഎംകെ ഭരണത്തുടർച്ച നേടുമെന്നാണ് പി-മാർക്ക്, പീപ്പിൾസ് പൾസ് തുടങ്ങിയ ഏജൻസികൾ വ്യക്തമാക്കുന്നത്. എന്നാൽ നടൻ വിജയ് യുടെ തമിഴക വെട്രി കഴകം ചരിത്രം തിരുത്തി 98 മുതൽ 120 സീറ്റ് വരെ നേടി അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും അന്തിമ വോട്ടെണ്ണൽ മെയ് നാലിന് നടക്കും.
കേരളത്തില്‍ ചെറിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ഇന്ന് അവസാനിച്ചതോടെ കേരളത്തിലെ അടക്കം എക്സിറ്റ് പോളുകളുടെ ഫലം പുറത്തുവന്നു. ഇന്ന് വൈകിട്ട് ആറരയോടെ വിവിധ ഏജൻസികളുടെ ഫലങ്ങള്‍ വന്നു തുടങ്ങിയത്. . എൻ.ഡി.ടി.വി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്സ്, റിപ്പബ്ലിക് ടി.വി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങൾ കേരളത്തിലെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ആക്സിസ് മൈ ഇന്ത്യ, മാട്രിസ്, വി.എം.ആർ, സി വോട്ടർ, ജെ.വി.സി, പോൾസ്ട്രാറ്റ്, ജൻകി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവിട്ടു. കൂടാതെ, സംസ്ഥാനത്തെ മാധ്യമങ്ങളും നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളും വൈകിട്ട് പുറത്തുവന്നു .

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുന്ന വോട്ടർമാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഈ പ്രവചനങ്ങൾ പലപ്പോഴും രാഷ്ട്രീയ കേരളത്തെ ആകാംക്ഷയുടെ മുനയിൽ നിർത്താറുണ്ട്.തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കർശനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ സർവേ ഫലങ്ങൾ പുറത്തുവിടാൻ അനുമതിയില്ല. വോട്ടെടുപ്പ് അവസാനിച്ചാലുടൻ വിവിധ മാധ്യമങ്ങളും ഏജൻസികളും ചേർന്ന് വോട്ടർമാരുടെ മനോഭാവം വിശകലനം ചെയ്‌ത പ്രവചനങ്ങൾ പുറത്തുവിടുന്നത്. കേരളത്തിലെ വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയം തുറന്നുപറയാൻ മടിക്കുന്നവരാണെന്നത് പലപ്പോഴും എക്സിറ്റ് പോൾ ഏജൻസികൾക്ക് വെല്ലുവിളിയാകാറുണ്ട്. ഇത്തവണത്തെ പ്രവചനങ്ങളെ അതീവ ജാഗ്രതയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിലുണ്ടായ വർധനവ് (ഏകദേശം 79.63%) ആരെ തുണയ്ക്കുമെന്നത് വലിയ ചർച്ചാവിഷയമാണ്. സാധാരണയായി ഉയർന്ന പോളിങ് യു.ഡി.എഫിന് അനുകൂലമാണെന്ന് കരുതാറുണ്ടെങ്കിലും ചരിത്രപരമായി ഇതിന് സ്ഥിരതയില്ല. എക്സിറ്റ് പോളുകൾ എപ്പോഴും കൃത്യമാകണമെന്നില്ല. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷം പ്രവചിച്ചപ്പോൾ അത് യാഥാർത്ഥ്യമായി.

