സൗദിയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

സൗദിയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു. റിയാദ്-ദമ്മാം ഹൈവേയിലെ റുമാഹ് എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട റാന്നി പൂഭരണിയില്‍ രാജേഷ് കുമാർ (42) ആണ് മരിച്ചത്.റിയാദില്‍ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. റിയാദില്‍ നിന്ന് അല്‍ അഹ്സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.വാഹനത്തിലുണ്ടായിരുന്ന രാജേഷിനെ കമ്പനി അധികൃതർ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് വാഹനത്തിലെ ജി.പി.എസ് സംവിധാനം പരിശോധിച്ച്‌ നടത്തിയ തിരച്ചിലിനൊടുവിലാണ് അപകട വിവരം പുറത്തറിഞ്ഞത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം റുമാഹ് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മണിയൻ നായരുടെയും മണിയമ്മയുടെയും മകനാണ്. ഭാര്യ: ദീപ. പ്രണവ്, പൗർണമി എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ക്കായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനർ റിയാസ് തിരൂർക്കാട്, ഭാരവാഹികളായ ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് നിലമ്പൂർ, കമ്പനി പ്രതിനിധി മുനീർ നിലമ്പൂർ, ബന്ധു രാജേഷ് എന്നിവർ രംഗത്തുണ്ട്.