ബിജെപിയിൽ പൊട്ടിത്തെറി; കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ച് ബിജെപി പ്രവർത്തകർ

കോഴിക്കോട് : കോഴിക്കോട് നോർത്ത് മേഖല ബിജെപിയിൽ പൊട്ടിത്തെറി. നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി ബിജെപിയിലെ ഒരു വിഭാഗം പ്രവർത്തകർ . കുറ്റ്യാടി തളിക്കരയിലാണ് കോലം കത്തിച്ചത്.മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും നൂറുകണക്കിന് പ്രവർത്തകർ പാർട്ടി വിടാൻ തയ്യാറെടുക്കുന്നതായും ഒരു വിഭാഗം പറഞ്ഞു. അഴിമതിയാരോപണം നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിഎന്നാരോപിച്ചാണ് പ്രതിഷേധം.അടക്കാതെരുവിലെ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി ഓഫിസിൽ വിമതരും ഔദ്യോഗിക നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രകടനം നടത്തിയ വിമത വിഭാഗം നോർത്ത് ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചത്. വടകര, നാദാപുരം മണ്ഡലങ്ങളിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി പത്രിക നൽകിയ രണ്ട് പേർ ഉൾപ്പെടെ ഒൻപതു പേരെയാണ് കഴിഞ്ഞ ദിവസം ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയത്.വടകരയിൽ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ പത്മകുമാർ എന്നിവരാണ് വിമത സ്ഥാനാർഥിയായി പത്രിക നൽകിയത്. ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ.വി. ഗണേശൻ, രവി വെള്ളൂർ, പി.പി. രാജൻ, പി.കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ ബാബു, വി.ടി വിനീഷ് എന്നിവരെയുമാണ് പുറത്താക്കിയത്.