ഗൾഫിൽ യുദ്ധഭീതി! അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം

മനാമ: ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ ക്വിഷം ദ്വീപിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇറാൻ. കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ തകർത്ത ‘അമേരിക്കൻ ഭീകരസേനയുടെ അഹങ്കാരത്തിനുള്ള മറുപടി’യാണിതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
കുവൈത്തിലെ അമേരിക്കൻ താവളങ്ങളായ ക്യാമ്പ് ആരിഫ്ജാൻ, അലി അൽ സലേം എയർ ബേസ് എന്നിവയ്ക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. എന്നാൽ, ഇറാന്റെ ഈ ആക്രമണശ്രമങ്ങളെ അമേരിക്കൻ-ബഹ്റൈൻ പ്രതിരോധ സേനകൾ വിജയകരമായി പ്രതിരോധിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. കുവൈത്ത് ലക്ഷ്യമാക്കി വന്ന രണ്ട് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർത്തു. ബഹ്റൈന് നേരെ വന്ന മൂന്ന് മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അമേരിക്ക തകർത്തത്. കൂടാതെ, കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോണുകളും അമേരിക്കൻ സൈന്യം വെടിവച്ചിട്ടു.
ആക്രമണത്തിൽ അമേരിക്കൻ സൈനികർക്കോ മറ്റ് ഉദ്യോഗസ്ഥർക്കോ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് അമേരിക്കൻ വ്യക്തമാക്കുന്നു. അതേസമയം, മിസൈലുകൾ തകർത്തതിനെത്തുടർന്ന് ബഹ്റൈന്റെ പല ഭാഗങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകി. അയൽരാജ്യമായ സൗദി അറേബ്യയിലും അപായ സൈറണുകൾ മുഴങ്ങിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും, അവിടെ ആക്രമണങ്ങൾ നടന്നതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. പരിഭ്രാന്തമായ അന്തരീക്ഷമാണ് നിലവിൽ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്നത്.