രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചം​ഗ കമ്മിഷൻ: അഴിമതിക്കെതിരെ ബലേന്ദ്രഷാ സർക്കാർ

രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചം​ഗ കമ്മിഷൻ: അഴിമതിക്കെതിരെ  ബലേന്ദ്രഷാ സർക്കാർ

കാഠ്മണ്ഡു: അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച് നേപ്പാളിലെ ബലേന്ദ്ര ഷാ സർക്കാർ. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചം​ഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോ​ഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.നേപ്പാള്‍ സുപ്രീംകോടതി മുന്‍ ജഡ്ജി രാജേന്ദ്ര കുമാര്‍ ഭണ്ഡാരിയാണ് അന്വേഷണ കമ്മീഷന്‍ തലവന്‍. മുന്‍ ജഡ്ജിമാരായ ചന്ദിരാജ് ധക്കല്‍, പുരുഷോത്തം പരജുലി, മുന്‍ പൊലീസ് ഡിഐജി ഗണേഷ് കെ സി, ചാര്‍ട്ടേഡ് അക്കൗണ്‍ന്റ് പ്രകാശ് ലംസാല്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

2006 മുതൽ അധികാരത്തിലോ ഉന്നതസ്ഥാനങ്ങളിലോ ഇരിക്കുന്നവരുടെ സ്വത്തുക്കളെക്കുറിച്ച് ഈ കമ്മിഷൻ അന്വേഷിക്കുമെന്ന് സർക്കാർ വക്താവും വിദ്യാഭ്യാസ മന്ത്രിയുമായ സമ്രിത് പൊഖറേൽ അറിയിച്ചു. അധികാരമേറ്റെടുത്തതിനുപിന്നാലെ ബലേന്ദ്ര ഷാ സർക്കാർ പുറത്തുവിട്ട 100 ഇന പരിഷ്കരണ അജൻഡകളിലൊന്നാണ് അഴിമതിവിരുദ്ധ കമ്മിഷന്റെ രൂപവത്കരണം.അഴിമതി, സ്വജനപക്ഷപാതം, സാമൂഹികമാധ്യമ നിരോധനം എന്നിവയ്ക്കെതിരേ 2025-ൽനടന്ന ‘ജെൻ സീ’ പ്രക്ഷോഭത്തെ തുടർന്നു നടന്ന പൊതു തെരഞ്ഞെടുപ്പിലാണ് മുൻ റാപ്പറായ ബലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പാർട്ടി അധികാരത്തിലെത്തിയത്. ഈമാസം ആദ്യം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻപ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയ്ക്കും ഭാര്യക്കുമെതിരേ അറസ്റ്റുവാറന്റ്‌ ഇറക്കിയിരുന്നു.