കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനം മന്ത്രിയെ വഴിയിൽ തടഞ് കാട്ടാന

കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനം മന്ത്രിയെ  വഴിയിൽ തടഞ് കാട്ടാന

തൃശൂർ: കാട്ടാന ആക്രമണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെത്തിയ വനം മന്ത്രി ഷിബു ബേബി ജോണിൻ്റെ വാഹനത്തിന് മുന്നിൽ കാട്ടാന. കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനൻ്റെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു വനം മന്ത്രി. വാഴച്ചാൽ ഗസ്റ്റ്ഹൗസിൽ പോകും വഴി അതിരപ്പള്ളി ചാർപ്പ ഭാഗത്ത് എത്തിയപ്പോഴാണ് വാഹനം കാട്ടാനയക്ക് മുന്നിൽപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ റോഡിൽ നിന്ന് തുരത്തിയ ശേഷം മന്ത്രി യാത്ര തുടരുകയായിരുന്നു.അതേസമയം സോളാർ ഫെൻസിങ് ഇടാനുള്ള സ്ഥലങ്ങല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാട്ടാന ശല്യം ഏറ്റവുമധികമുള്ള സ്ഥലങ്ങള്‍ പരിശോധിച്ച ശേഷം എഐ ടൂള്‍ ഉപയോഗിച്ച് മൂന്ന് ലെയറായി പ്രതിരോധം തീർക്കും. ചില സ്ഥലങ്ങളിൽ ട്രെഞ്ച് ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ''അടിയന്തരമായി ഇപ്പോഴുള്ള ഫെൻസിങിന് ചുറ്റും അടിക്കാട് വെട്ടി മരം മുറിച്ച് മാറ്റി ക്ലിയറാക്കണം. ആനകള്‍ വരുന്നത് അറിയാനെങ്കിലും ഇതു വഴി സാധിക്കും. അതിനായി അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. ബാക്കി നടപടികള്‍ വരും ദിവസങ്ങളിൽ സ്വീകരിക്കും. 30 കിലോമീറ്റർ വിസ്‌താ ക്ലിയറൻസ് ചെയ്യാനാണ് ആദ്യഘട്ടത്തിൽ തീരുമാനമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

ആനയെ റീ ലൊക്കേറ്റ് ചെയ്യണം എന്ന ആവശ്യം അംഗീകരിച്ചിരിക്കുന്നു. അതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നും ചില നിയമ തടസങ്ങളുണ്ട്. എന്നാൽ അതൊന്നും തൽക്കാലം നോക്കുന്നില്ല. ആനയെ തിരിച്ചറിയാനുള്ള നടപടി എന്തായാലും സ്വീകരിക്കും. ഒരു ദിവസംകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. കുറേകാലമായി വന്ന പ്രശ്‌നങ്ങളാണ് ഇതെല്ലാം.കഴിഞ്ഞ അഞ്ച് വർഷമായാണ് മരണം വർധിച്ചത്. 2000 മുതലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ആകെ 25 ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. അതിനും സർക്കാർ പരിഹാരം കാണും. സത്യപ്രതിജ്ഞ ചെയ്‌തിട്ട് 15 ദിവസം ആയതേയുള്ളൂ'' എന്നും മന്ത്രി പ്രതികരിച്ചു.വനത്തിലെ ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും കുറവും ആനകളുടെ എണ്ണം പെരുകിയതും പരിശോധിക്കും. കഴിഞ്ഞ സർക്കാരിനെ കുറ്റം പറയാനില്ലെന്നും വനം മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. അതിരപ്പിളളി വൈശേരിയില്‍ കാട്ടാന ആക്രമണത്തില്‍ പുല്ലേര്‍കാട്ട് മോഹനന്‍(65) ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45 ഓടെ ആയിരുന്നു സംഭവം. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.