മാധ്യമ പ്രവർത്തകരായ സനീഷിനും ഹര്‍ഷനുമെതിരെ ഗുരുതര ആരോപണവുമായി മുൻ സഹപ്രവർത്തക

തിരുവനന്തപുരം :'ന്യൂസ് മലയാളംചാനലി'ലെ മാധ്യമ പ്രവർത്തകരായ ഇ. സനീഷ്, ടി.എം ഹർഷൻ എന്നിവർക്കെതിരെ സമൂഹ മാധ്യമത്തിലൂടെ മുൻസഹപ്രവർത്തകയുടെ രൂക്ഷവിമർശനം.‘നടുവിരൽ നമസ്‌കാരം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാജ്യത്തെ ഏറ്റവും മികച്ച പത്രപ്രവർത്തകർക്ക് ലഭിക്കുന്ന ദേശീയ പുരസ്‌കാരമായ 'രാംനാഥ് ഗോയങ്കെ എക്സലൻസ് ഇൻ ജേർണലിസം' അവാർഡ് ലഭിച്ച മലയാളിയായ മാധ്യമപ്രവർത്തക ഫൗസിയ മുസ്തഫ രംഗത്തുവന്നിട്ടുള്ളത്.തൻ്റെ പുരസ്‌കാരത്തിന് അർഹമായ വാർത്താ പരമ്പരയെ അട്ടിമറിക്കാൻ രണ്ടുപേരും ശ്രമിച്ചുവെന്നാണ് ഫൗസിയയുടെ ആരോപണം.
ദേശീയ അംഗീകാരം ലഭിച്ച വാർത്താപരമ്പര
2024-ൽ രാജ്യത്തെ 22 പ്രാദേശിക ഭാഷകളിൽ നിന്നുള്ള മൂവായിരത്തിലധികം എൻട്രികളിൽ നിന്നാണ് ഫൗസിയയുടെ “മനസ്സ് തകർന്നവർ മക്കളെ കൊന്നവർ” എന്ന അന്വേഷണ പരമ്പര മികച്ച ടെലിവിഷൻ സ്റ്റോറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 112 കുഞ്ഞുങ്ങൾ അമ്മമാരാൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ ‘പെരിനാറ്റൽ സൈക്കോസിസ്’ എന്ന ഗുരുതര മാനസികാവസ്ഥയെക്കുറിച്ചായിരുന്നു അന്വേഷണം. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനിൽ നിന്നാണ് ഫൗസിയ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
സനീഷിനും ഹർഷനുമെതിരെ ഗുരുതര ആരോപണങ്ങൾ
പുരസ്‌കാര നിറവിൽ നിൽക്കുമ്പോൾ തന്റെ കരിയറിൽ നേരിട്ട ഏറ്റവും വലിയ ക്രൂരതകളെക്കുറിച്ചാണ് ഫൗസിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. ഒൻപത് മാസത്തെ കഠിനപ്രയത്നത്തിന് ശേഷം വാർത്ത എഡിറ്റ് ചെയ്ത് പ്രിവ്യൂവിന് വെച്ചപ്പോൾ, “ഇങ്ങനെയൊരു സംഭവം കേരളത്തിൽ ഇല്ലെന്നും ഇത് കളവാണെന്നും” പറഞ്ഞ് സനീഷും ഹർഷനും തടസ്സപ്പെടുത്തിയെന്ന് ഫൗസിയ ആരോപിക്കുന്നു. തനിക്കും ചീഫ് എഡിറ്റർക്കും ഭ്രാന്താണെന്നും ഈ വാർത്ത ചാനലിന്റെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും ഇവർ വിലപിച്ചതായി ഫൗസിയ പറയുന്നു. വാർത്താ ചിത്രീകരണത്തിനായി ക്യാമറ നൽകരുതെന്ന് നിർദ്ദേശം നൽകിയതായും, ഒടുവിൽ ഗതികെട്ട് ഇ-മെയിൽ വഴി അനുമതി തേടിയപ്പോൾ പെരുമഴയത്ത് ഔട്ട്‌ഡോർ ഷൂട്ട് തീർക്കാൻ പറഞ്ഞ് ബുദ്ധിമുട്ടിച്ചതായും ഫൗസിയ വെളിപ്പെടുത്തി.
പിന്തുണച്ചത് ചീഫ് എഡിറ്ററും ചെയർമാനും
തന്റെ വാർത്തയെ തകർക്കാൻ ശ്രമിച്ചവർക്കിടയിൽ തനിക്ക് കരുത്തായത് ചീഫ് എഡിറ്റർ എം.പി ബഷീറും ചെയർമാൻ ശകിലൻ പദ്മനാഭനുമാണെന്ന് അവർ നന്ദിയോടെ സ്മരിക്കുന്നു. വാർത്താമൂല്യമില്ലെന്ന് പറഞ്ഞ് മറ്റുള്ളവർ ആക്ഷേപിച്ചിട്ടും മൂന്നര മണിക്കൂർ പ്രിവ്യൂ കണ്ട് വാർത്ത സംപ്രേഷണം ചെയ്യാൻ ധീരമായ തീരുമാനമെടുത്തത് ചെയർമാനാണെന്ന് അവർ പറഞ്ഞു. സത്യത്തിന് മുന്നിലല്ലാതെ നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവർത്തകനാണ് എം.പി ബഷീറെന്നും അവർ കൂട്ടിച്ചേർത്തു.
സിസ്റ്റത്തോടുള്ള പോരാട്ടം
തന്റെ വാർത്തയോട് കാണിച്ചത് കേരളത്തിലെ സ്ത്രീസമൂഹത്തോടുള്ള അനീതിയാണെന്ന് ഫൗസിയ തുറന്നടിച്ചു. “നിങ്ങൾ ജേണലിസം പഠിച്ച അടുക്കളയ്ക്ക് തീയിടുന്ന ഒരു ദിവസം വരും, കാത്തിരിക്കൂ” എന്ന മുന്നറിയിപ്പോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. പെരിനാറ്റൽ സൈക്കോസിസിനെക്കുറിച്ച് വിദഗ്ദ്ധരുടെ സഹായത്തോടെ പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അവർ അറിയിച്ചു.
ഫൗസിയ മുസ്തഫയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
ഇന്ത്യൻ ജേണലിസത്തിലെ ഏറ്റവും വലുതും വിശ്വാസ്യതയുള്ളതുമായ അംഗീകാരം, “രാംനാഥ് ഗോയങ്കെ എക്സലൻസ് ഇൻ ജേർണലിസം അവാർഡ് “, ഉപരാഷ്‌ട്രപതി സി.പി രാധാകൃഷ്ണനിൽ നിന്ന് ദില്ലിയിൽ വെച്ചു നടന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും 22 പ്രാദേശിക ഭാഷകളിലെ 3000 ത്തിലധികം എൻട്രികളിൽ നിന്നും, രാജ്യത്ത് 2024-ൽ സംപ്രേഷണം ചെയ്ത ഏറ്റവും മികച്ച ഒരേയൊരു ടെലിവിഷൻ സ്റ്റോറി എന്ന നിലയിലുള്ള അംഗീകാരമാണ് ലഭിച്ചത്. അന്ന് ഞാൻ പ്രവർത്തിച്ചിരുന്ന ന്യൂസ് മലയാളം ചാനലിൽ 2024 ഡിസംബറിൽ സംപ്രേഷണം ചെയ്ത “മനസ്സ് തകർന്നവർ മക്കളെ കൊന്നവർ” എന്ന അന്വേഷണപരമ്പരയാണ് എന്നെ ഈ ദേശീയ ബഹുമതിയ്ക്ക് അർഹയാക്കിയത്.
സുപ്രീം കോടതി മുൻ ജസ്റ്റിസ് ബി എൻ. ശ്രീകൃഷ്ണ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്. വൈ ഖുറേഷി, പ്രൊഫ. സി. രാജ് കുമാർ, പ്രൊഫ. കെ. ജി. സുരേഷ്, എം. എസ് രോഹിണി നിലേകനി, എന്നിവർ ജൂറി അംഗങ്ങളായ പാനലാണ് ഞാനുൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ തിരഞ്ഞെടുത്തത്.
കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന അമ്മമാരെക്കുറിച്ചുള്ളതായിരുന്നു “മനസ് തകർന്നവർ മക്കളെ കൊന്നവർ ” എന്ന അന്വേഷണാത്മക പരമ്പര.
10 വർഷത്തിനിടയിൽ 112 കുഞ്ഞുങ്ങളാണ് കേരളത്തിൽ അമ്മമാരാൽ കൊല്ലപ്പെട്ടത്. പെരിനാറ്റൽ സൈക്കോസിസ് എന്ന ഗുരുതര മാനസികരോഗത്താലാണ് അമ്മമാർ കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്നായിരുന്നു അന്വേഷണത്തിന്റെ കാതലും കണ്ടെത്തലും .ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ഈ മുഹൂർത്തത്തിൽ നിൽക്കുമ്പോൾ ഞാൻ നന്ദി പറയേണ്ടവരും കൂടെ സന്തോഷിക്കുന്നവരുമായ ഒട്ടേറെ പേരുണ്ട്.
ഇമ്മ: ❤️
എന്നെ ഈ ഭൂമിയിലേക്ക് കൊണ്ട് വരികയും എന്റെ സ്വപ്നങ്ങൾക്ക് ഒരിക്കൽപോലും തടസ്സം നിൽക്കുകയും ചെയ്യാത്ത അമ്മ ഫാത്തിമയ്ക്ക്.
മോളുക്കുട്ടി: ❤️
ഈ പരമ്പരയ്ക്കു വേണ്ടി ഒമ്പതു മാസം നീണ്ട എന്റെ പല യാത്രകൾക്കിടയിൽ അമ്മയെ കാണാതെ ആയയോടൊപ്പം തിരുവനന്തപുരത്ത് കഴിഞ്ഞ എന്റെ മകൾ Zaha Nargiz Fouz.
ചീഫ് എഡിറ്റർ:❤️
സാമൂഹിക പ്രാധാന്യമുള്ള ഒരു സ്റ്റോറി നിർദേശവുമായി ഒരു റിപ്പോർട്ടർ കടന്നുവരുന്നത് മുതൽ അത് സംപ്രേഷണം ചെയ്തു കാണുന്ന ദിവസം വരെ സ്റ്റോറിയോടൊപ്പം നിൽക്കുന്ന ചീഫ് എഡിറ്റർ എം പി ബഷീർ. ഇന്ത്യാവിഷനിലും ന്യൂസ് മലയാളത്തിലുമായി എന്നെ നാലു സ്റ്റേറ്റ് അവാർഡുകൾക്കും ഇപ്പോൾ ഗോയങ്ക പുരസ്കാരത്തിനും അർഹമാക്കിയ സ്റ്റോറികളുടെ എഡിറ്റോറിയൽ അഡ്വൈസർ. സത്യത്തിനു മുന്നിലല്ലാതെ നട്ടെല്ല് വളക്കില്ല എന്ന് എനിക്ക് ഏറ്റവുംനല്ല ബോധ്യമുള്ള ഒരേയൊരു മാധ്യമപ്രവർത്തകൻ.
ചെയർമാൻ:❤️
ന്യൂസ് മലയാളം ചെയർമാൻ ശ്രീ.ശകിലൻ പദ്മനാഭന്, മാനേജ്മെന്റിന്, എന്നെ വിശ്വസിച്ചതിന്. ഒരിക്കലും എതിർക്കേണ്ടവർ അല്ലായിരുന്നിട്ടുപോലും മൂന്നര മണിക്കൂർ പ്രിവ്യൂ കണ്ട് ഇങ്ങനെയൊരു സംഭവം കേരളത്തിൽ ഇല്ല സാർ , ഇതൊന്നും വാർത്തയേയല്ല സാർ, ഇതിൽ ഒരു വാർത്താമൂല്യവുമില്ല സാർ , ഇതൊന്നും നമ്മൾ ഒരിക്കലും സംപ്രേഷണം ചെയ്യരുത് സാർ എന്നൊക്കെ പരസ്യമായി എതിർത്തും ആക്ഷേപിച്ചും അങ്ങേയറ്റം ശക്തമായ വിസമ്മതം രേഖപ്പെടുത്തി എതിർത്തിട്ടും അന്ന് അങ്ങെടുത്ത ധീരമായ തീരുമാനത്തിന്, ചേർത്തുപിടിച്ചതിന്.
ക്യാമറാമാന്മാർ: ❤️
ഈ വാർത്തയുടെ രഹസ്യസ്വഭാവം കണക്കിലെടുത്തു വിഷയം എന്തെന്ന് പോലുമറിയാതെ എന്റെ കൂടെ ഷൂട്ടിന് വന്ന 16 ക്യാമറമാൻമാർക്ക്, കേരളത്തിന് പുറത്തെ മൂന്നു ക്യാമറമാന്മാർക്ക്.
വീഡിയോ എഡിറ്റർ: ❤️
എന്നെപ്പോലെ ദൃശ്യങ്ങൾ എല്ലാം കണ്ട് വേദന സഹിച്ചു അതിഗംഭീരമായി എഡിറ്റ് ചെയ്ത് എനിക്ക് ഈ ദേശീയ ബഹുമതി വരെ നേടാനിടയാക്കിയ ഒരേയൊരു സൂപ്പർ എഡിറ്റർ എം. പ്രശാന്തിന്, പറഞ്ഞു തീർക്കാൻ കഴിയാത്ത നന്ദി.
❤️ അപ്പോഴും ഇപ്പോഴും എപ്പോഴും കൂടെ നിന്ന എഡിറ്റ് ഹെഡ് ബെൻഷിലി സുരേന്ദ്രൻ , ഷിജിത്ത്, ലോകേഷ്, ഗ്രാഫിക്സ് ഹെഡ് പ്രജീഷ് വടകര ആൻഡ് ടീം.
നടുവിരൽ നമസ്കാരം:
ഒമ്പതു മാസത്തെ കഠിനമായ അലച്ചിലിനും, 28 മണിക്കൂർ ഫുട്ടേജ് എക്സ്സ്‌പോഷറിനും ശേഷം 30 സ്റ്റോറികൾ എഡിറ്റ് ചെയ്തു പ്രിവ്യൂവിന് വെച്ച ദിവസം “ഇങ്ങനെയൊരു സംഭവമേ കേരളത്തിൽ ഇല്ല സർ, ഇത് കളവാണ് സർ, ഫൗസിയ സാറിനെ പറഞ്ഞു പറ്റിച്ചതാണ്, അവർക്ക് രണ്ടു പേർക്കും ഭ്രാന്താണ് സാർ , ഇത് കൊടുക്കരുത് സർ, ഇത് നമ്മുടെ ക്രെഡിബിലിറ്റിയെ ബാധിക്കും സാർ ” എന്നൊക്കെ വിലപിച്ച വാർത്താ സംവിധായകർ എന്ന ബോർഡ് വച്ച ടി. എം ഹർഷനും ഇ.സനീഷിനും ഡൽഹിയിൽ നിന്ന് എന്റെ നല്ല നമസ്കാരം.
ഞങ്ങളുടെ അനുമതിയില്ലാതെ ഒരു ക്യാമറയും ഫൗസിയക്ക് നൽകരുത് എന്ന് ക്യാമറാചീഫിനും തിരുവനന്തപുരം ബ്യൂറോ ചീഫിനും നിർദേശം നൽകിയത് ഓർമ്മയുണ്ടോ? ഒടുവിൽ ഗതികെട്ട് ഇ-മെയിൽ വഴി ക്യാമറ തരാൻ ആവശ്യപ്പെട്ടപ്പോൾ കേരളം മുഴുവൻ മഴപെയ്യുന്ന ദിവസം വിളിച്ചു ഇന്നത്തോടെ ഔട്ട്ഡോർ ഷൂട്ട് കംപ്ലീറ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ മഴയത്തു നിന്ന് ഞാൻ ചെയ്ത ഒരു സ്റ്റോറിയും ഇക്കൂട്ടത്തിൽ ഉണ്ട് കേട്ടോ.
ഒരു സ്ത്രീയെന്ന നിലയിലും ഒരു ജേണലിസ്റ്റ് എന്ന നിലയിലും നിങ്ങൾ എന്റെ വാർത്തകളോടു മാത്രമല്ല കേരളത്തിലെ സ്ത്രീസമൂഹത്തോടാകമാനവും ചെയ്ത കൊടുംഅനീതിയാണിത്. ഇതേചൊല്ലി നിങ്ങൾ എന്നെ തോൽപ്പിച്ചപ്പോൾ യഥാർത്ഥത്തിൽ തോറ്റുപോയത് ഈ രോഗം എന്താണെന്ന് ഇന്നേവരെ തിരിച്ചറിയാത്ത നമ്മുടെ സിസ്റ്റവും സ്ത്രീകളുമാണ്. നിങ്ങൾ ജേണലിസം പഠിച്ച അടുക്കളയ്ക്ക് തീയിടുന്ന ഒരു ദിവസം വരും. കാത്തിരിക്കൂ.
പെരിനാറ്റൽ സൈക്കോസിസ് എന്ന ഗുരുതര മാനസിക രോഗം നമ്മുടെ സ്ത്രീകളെ എങ്ങനെ കൊലയാളികളാക്കുന്നു എന്ന വിഷയത്തിലുള്ള എന്റെ അന്വേഷണങ്ങൾ തുടരുകയാണ്. ഈ വിഷയത്തിൽ ലോകത്തെ അഞ്ചു മനോരോഗ വിദഗ്ദ്ധരുടെയും നിയമരംഗത്തെ പ്രമുഖരുടെയും ഉപദേശനിർദേശങ്ങൾ സ്വീകരിച്ചു ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ്. എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. എല്ലാവർക്കും ഒരിക്കൽകൂടി പ്രത്യേകം സ്നേഹം .❤️❤️