‘പൊതിച്ചോറ് നൽകുന്നതിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന് മാത്രം’; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ . ആശുപത്രികളിൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആഹാരം നൽകുന്നതിനോട് സർക്കാരിന് യാതൊരുവിധ എതിർപ്പുമില്ലെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ വിവാദങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒരു പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനെ പൊതുവായ സർക്കാർ നയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആലപ്പുഴ മെഡിക്കൽ കോളേജിൽ ചില സംഘടനകൾ ആഹാരം വിതരണം ചെയ്യുന്നതിന്റെ മറവിൽ സംഘടിതമായി സ്ഥലം കൈയേറുന്ന പ്രവണതയാണ് ഉണ്ടായത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെപ്പോലും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം കൈയേറ്റങ്ങളോടാണ് സർക്കാരിന് വിയോജിപ്പുള്ളത്, അല്ലാതെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിനല്ല. ഇത്തരം അനാഭ്യസ്യ പ്രവണതകൾ മറ്റ് ആശുപത്രികളിലേക്ക് ആവർത്തിക്കാതിരിക്കാനാണ് ഈ മേഖലയിൽ സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിയിലെത്തുന്ന മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. ഇതിനോട് എല്ലാ സംഘടനകളും സഹകരിക്കണം. ആഹാരത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. പാവപ്പെട്ട ജനങ്ങൾക്ക് കൃത്യമായി ആഹാരം ലഭ്യമാകണം എന്നതുമാത്രമാണ് സർക്കാരിന്റെ താല്പര്യം. അത് ആര് നൽകുന്നു എന്നത് സർക്കാരിന് ഒരു വിഷയമല്ലെന്നും മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു.