ജഡ്ജിക്ക് മേൽ സർക്കാരിൻ്റെ സ്വാധീനം ; നേരിട്ട് ഹാജരാകില്ലെന്ന് അരവിന്ദ് കെജ്രിവാൾ

 ജഡ്ജിക്ക് മേൽ സർക്കാരിൻ്റെ സ്വാധീനം ; നേരിട്ട് ഹാജരാകില്ലെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട വാദങ്ങളിൽ ഇനി നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകില്ലെന്ന് വ്യക്തമാക്കി ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമയ്ക്ക് നൽകിയ കത്തിലാണ് കെജ്രിവാൾ തൻ്റെ കർശന നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് സ്വർണ കാന്തയിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ പൂർണ്ണമായും നഷ്ടപ്പെട്ടതായും അതിനാൽ മഹാത്മാഗാന്ധിയുടെ സത്യഗ്രഹ മാർഗം പിന്തുടരാൻ തീരുമാനിച്ചതായും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നു.

തൻ്റെ മനഃസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. എന്നാൽ കോടതിയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തൻ്റെ അവകാശം നിലനിർത്തുമെന്നും ഡൽഹി മുൻ മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു. കോടതി മുറികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല തൻ്റെ പോരാട്ടമെന്നും അത് ജനങ്ങളുടെ കോടതിയിലേക്കും ലൗകികമായ വാദങ്ങൾക്ക് അപ്പുറം ധാർമിക തലത്തിലേക്കും മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മഹാത്മാഗാന്ധിയുടെ സത്യഗ്രഹമെന്ന ആശയം ആവർത്തിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് ബന്ധമെന്ന ആരോപണം

മദ്യനയക്കേസിലെ സിബിഐയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ പിന്മാറണമെന്ന് അരവിന്ദ് കെജ്രിവാൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് അനുകൂല അഭിഭാഷക സംഘടനയുമായി ബന്ധപ്പെട്ട പരിപാടികളിൽ ജഡ്ജി പങ്കെടുത്തുവെന്നും അതിനാൽ ഈ കേസ് പരിഗണിക്കുമ്പോൾ പക്ഷപാതപരമായ നിലപാട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു കെജ്രിവാളിൻ്റെ പ്രധാന ആരോപണം.മദ്യനയ അഴിമതിക്കേസിൽ തന്നെ കുറ്റവിമുക്തനാക്കിയ നടപടിയെ ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോടതി പക്ഷപാതം കാണിക്കുന്നുവെന്ന ഗുരുതര ആരോപണവും ആം ആദ്മി പാർട്ടി നേതാവ് ഉന്നയിക്കുകയുണ്ടായി.

എന്നാൽ അരവിന്ദ് കെജ്രിവാളിൻ്റെ ഈ ആവശ്യങ്ങളെല്ലാം ജസ്റ്റിസ് സ്വർണ കാന്ത ശർമ തള്ളിക്കളഞ്ഞു. അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളുടെ പുറത്താണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന ഹർജി കോടതി മുൻപ് തള്ളിയത്. ഇതിന് പിന്നാലെയാണ് താൻ ഇനി ഡൽഹി ഹൈക്കോടതിയുടെ ഈ ബെഞ്ചിന് മുൻപാകെ ഹാജരാകില്ലെന്ന കടുത്ത തീരുമാനവുമായി മുൻ മുഖ്യമന്ത്രി രംഗത്തെത്തിയത്.നീണ്ട നാളത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ നിന്ന് അരവിന്ദ് കെജ്രിവാളിന് അടുത്തിടെ ജാമ്യം ലഭിച്ചത്. ഈ കേസുകൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്.

രാഷ്ട്രീയ പോരാട്ടം ശക്തമാക്കി ആം ആദ്മി പാർട്ടി

തങ്ങളുടെ നേതാവിനെ ബോധപൂർവം ലക്ഷ്യമിടുകയാണെന്നും കോടതികളിൽ നിന്ന് അദ്ദേഹത്തിന് അർഹമായ നീതിയും ആശ്വാസവും ലഭിക്കുന്നില്ലെന്നും ആം ആദ്മി പാർട്ടി ആരോപിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഏജൻസികൾ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുന്നതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ കെജ്രിവാളിൻ്റെ പുതിയ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ഭാരതീയ ജനതാ പാർട്ടി രംഗത്തെത്തി.

തങ്ങൾക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങൾ കോടതികളിൽ നിന്ന് ഉണ്ടാകുമ്പോൾ ജുഡീഷ്യറിക്ക് മേൽ സമ്മർദം ചെലുത്താനുള്ള കുടില തന്ത്രമാണ് കെജ്രിവാളും പാർട്ടിയും പയറ്റുന്നതെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. അന്വേഷണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ബിജെപിയുടെ വിമർശനം. പദവി രാജിവച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ കെജ്രിവാളിൻ്റെ പുതിയ പ്രഖ്യാപനങ്ങൾ വരുംദിവസങ്ങളിൽ ഡൽഹി രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കും.