ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്: കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് നല്‍കിയ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്:  കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് നല്‍കിയ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

 കണ്ണൂർ :ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കണ്ണൂരില്‍ ആക്രമിച്ചെന്ന കേസില്‍ ഡിവൈഎസ്പി തല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയും കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അതുല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ റെയില്‍വേ പോലീസിനോട് റിപ്പോര്‍ട്ട് തേടി.കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. അടുത്തയാഴ്ച പോലീസ് മറുപടി നല്‍കണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നിര്‍ദേശം നല്‍കി. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

2026 ഫെബ്രുവരി 25 ന് ഉച്ചകഴിഞ്ഞ് 3.15 ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസില്‍ കയറാന്‍ മന്ത്രി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികള്‍ റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കയറി കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും അവരെ ആക്രമിക്കാനും ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയാനും ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.  സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച വീഡിയോകളില്‍ ഒരു സമയത്തും പ്രതികളുടെ കൈ മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നിലെന്നും ഇതിൽ അന്യേഷണം വേണമെന്നും ഹരജിയിൽ പറയുന്നുണ്ട്.