വടക്കൻ കേരളത്തിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കാസർകോട്: വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . വേനൽമഴ ആരംഭിച്ചതിനുശേഷം ആദ്യമായി സംസ്ഥാനത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 6 സെൻ്റിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ മുഴുവൻ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.ഇന്ന് രാത്രിയിൽ പല പ്രദേശങ്ങളിലും മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഇന്ന് പുലർച്ചെ കോഴിക്കോട് ജില്ലയിൽ അടക്കം മഴ ലഭിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി വടക്കൻ ജില്ലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ആണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

അതേ സമയം തെക്കൻ കേരളത്തിൽ കടുത്ത ചൂട് തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ രേഖപ്പെടുത്തിയത് റെക്കോർഡ് താപനിലയാണ്. കഴിഞ്ഞ 29-ന് 37.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് 1988-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. നാളെ നഗരത്തിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാകുമെന്നും പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും പ്രവചിക്കപ്പെടുന്നു. പാലക്കാട് ജില്ലയിൽ താപനില 38.8 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. വരും ദിവസങ്ങളിൽ താപനില 38 ഡിഗ്രിയിൽ തന്നെ തുടരാൻ സാധ്യതയുള്ളതിനാൽ സൂര്യതാപം, നിർജ്ജലീകരണം എന്നിവയ്ക്കെതിരെ കേരള ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. പുറത്തിങ്ങുന്നവര്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് സൂര്യാഘാതം പോലുള്ളവയില്‍നിന്ന് സംരക്ഷണം നല്‍കും.ഏപ്രിലിലെ ആദ്യ രണ്ട് ദിവസം വയനാട്, പാലക്കാട്‌, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വരണ്ട കാലാവസ്ഥയാകും. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണുള്ളത്. നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മാർച്ച്‌ 29ന് പാലക്കാടും കണ്ണൂർ എയർ പോർട്ടിലും 38 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. വടക്കൻ കേരളത്തിലെ മഴ പെയ്യുന്നതോടെ സംസ്ഥാനത്തെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.