അസമിൽ വ്യോമസേനയുടെ ടാക്റ്റിക്കൽ ട്രാൻസ്പോർട്ട് വിമാനം തകർന്നു വീണു
ദിസ്‌പൂർ: അസമിലെ ജോർഹട്ട് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 യാത്രാവിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. ശനിയാഴ്ച രാവിലെ റൗറിയ മേഖലയിലുള്ള വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായത്. വിമാനം തകർന്നുവീണതിന് പിന്നാലെ വലിയ രീതിയിൽ തീപിടിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.എയർഫോഴ്സ് സ്റ്റേഷൻ വളപ്പിനുള്ളിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. വിമാനം രണ്ടായി പിളർന്നതായും മുൻഭാഗത്തുനിന്ന് വലിയ തോതിൽ പുക ഉയരുന്നതായും പുറത്തുവന്ന പ്രാഥമിക ദൃശ്യങ്ങളിൽ വ്യക്തമാണ്. തകർന്ന വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്ക് ചുറ്റും വ്യോമസേനാ ഉദ്യോഗസ്ഥർ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനയുടെ നിർണായക താവളമാണ് ജോർഹട്ടിലേത്. അതിനാൽ തന്നെ അതീവ ഗൗരവത്തോടെയാണ് സേന ഈ അപകടത്തെ കാണുന്നത്. വിവരമറിഞ്ഞയുടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തന സംഘത്തെയും അഗ്നിരക്ഷാ സേനയെയും സ്ഥലത്തേക്ക് വിന്യസിച്ചു. ഇവർ തീയണയ്ക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ജോർഹട്ടിൽ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഇത് അപകടത്തിന് കാരണമായോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
അപകടത്തിൻ്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നു എന്നതിനെക്കുറിച്ചോ, ആളപായമോ പരിക്കുകളോ സംബന്ധിച്ച വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ പൈലറ്റിന് ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണം ആരംഭിച്ചു. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെടെയുള്ളവ കണ്ടെത്തിയാൽ മാത്രമേ അപകടത്തിൻ്റെ യഥാർഥ കാരണം വ്യക്തമാകൂ. സ്ഥിതിഗതികൾ പൂർണമായി വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി.
എ.എൻ-32 വ്യോമസേനയുടെ കരുത്ത്
ഇന്ത്യൻ വ്യോമസേനയുടെ വർക്ക്ഹോഴ്സ് എന്നറിയപ്പെടുന്ന വിമാനമാണ് ആൻ്റനോവ് എ.എൻ-32. ഇരട്ട എൻജിനുള്ള ഈ ടർബോപ്രോപ് സൈനിക യാത്രാവിമാനം ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയുടെ പ്രത്യേക ആവശ്യങ്ങൾക്കായി യുക്രെയ്നിലെ ആൻ്റനോവ് ഡിസൈൻ ബ്യൂറോയാണ് ഇത് രൂപകൽപന ചെയ്തത്. പഴയ എ.എൻ-26 മോഡലിൽ നിന്ന് വികസിപ്പിച്ചെടുത്ത ഈ വിമാനത്തിൻ്റെ ചിറകുകൾക്ക് മുകളിലായി കൂടുതൽ കരുത്തുറ്റ എൻജിനുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. നിലവിൽ ഇത്തരം നൂറോളം വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായുണ്ട്.കടുത്ത ചൂടുള്ള കാലാവസ്ഥയിലും ഉയർന്ന പ്രദേശങ്ങളിലെ എയർഫീൽഡുകളിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ എ.എൻ-32 വിമാനങ്ങൾക്ക് സാധിക്കും. 7.5 ടൺ കാർഗോ, 50 യാത്രക്കാർ അല്ലെങ്കിൽ 42 പാരാട്രൂപ്പർമാർ എന്നിവരെ ഒരേസമയം വഹിക്കാൻ ഇതിന് ശേഷിയുണ്ട്. വിദൂര പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി വ്യോമസേന പ്രധാനമായും ഉപയോഗിക്കുന്നത് ഈ വിമാനങ്ങളെയാണ്. അതിർത്തി പ്രദേശങ്ങളിലെ സൈനിക നീക്കങ്ങൾക്കും ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഇവ വലിയ പങ്കുവഹിക്കുന്നുണ്ട്.
അപകടങ്ങൾ തുടർക്കഥയാകുന്നു
അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് എസ്‌യു-30 എം.കെ.ഐ പോർവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ അപകടം നടക്കുന്നത്. മാർച്ച് അഞ്ചിന് ജോർഹട്ട് എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട ഇരട്ട സീറ്റുള്ള വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. രാത്രി 7.42ഓടെ ഗ്രൗണ്ട് കൺട്രോളുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. ജോർഹട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് ജില്ലയിലെ ഒരു വിദൂര മലയോര മേഖലയിലാണ് വിമാനം തകർന്നുവീണതെന്ന് ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.എ.എൻ-32 വിമാനങ്ങൾ മുൻപും വലിയ അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്. 2019 ജൂണിൽ ജോർഹട്ട് വ്യോമസേനാ താവളത്തിൽ നിന്ന് അരുണാചൽപ്രദേശിലെ മെച്ചുകയിലേക്ക് പോയ വിമാനം കാണാതായിരുന്നു. 13 പേരുണ്ടായിരുന്ന വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അരുണാചൽപ്രദേശിലെ മലയോര മേഖലയിൽ നിന്ന് കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു.2016 ജൂലൈയിൽ ചെന്നൈയിൽ നിന്ന് പോർട്ട്ബ്ലെയറിലേക്ക് പോയ മറ്റൊരു എ.എൻ-32 വിമാനം ബംഗാൾ ഉൾക്കടലിന് മുകളിൽ വച്ച് കാണാതായിരുന്നു. 29 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ തിരച്ചിലുകളിലൊന്ന് നടത്തിയിട്ടും വിമാനം കണ്ടെത്താനായില്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പിന്നീട് പ്രഖ്യാപിച്ചു. വർഷങ്ങൾക്ക് ശേഷം 2024ലാണ് ഈ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.

