"പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആക്രമണം തുടർന്നാൽ... ": കരസേനാ മേധാവിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാൻ തുടർന്നാൽ രാജ്യം വലിയ വില നൽകേണ്ടിവരുമെന്ന കടുത്ത സൈനിക മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാകിസ്ഥാൻ സര്‍ക്കാര്‍ തീവ്രവാദികളെ സംരക്ഷിക്കുകയും ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്‌താൽ ജീവൻ വേണോ അതോ ചരിത്രത്തിൻ്റെ ഭാഗമാകണോ എന്ന് അവർ തീരുമാനിക്കേണ്ടി വരുമെന്ന് പാകിസ്ഥാന് അയച്ച സൈനിക സന്ദേശത്തിൽ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിന് കാരണമായ സാഹചര്യങ്ങൾ വീണ്ടും ഉണ്ടായാൽ ഇന്ത്യൻ സൈന്യം എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. "ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ, പാക് സര്‍ക്കാര്‍ തീവ്രവാദികളെ സംരക്ഷിക്കുകയും ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്‌താൽ, ജീവൻ വേണോ ചരിത്രത്തിൻ്റെ ഭാഗമാകണോ എന്ന് അവർ തീരുമാനിക്കണം," മനേക്ഷാ സെൻ്ററിൽ സംഘടിപ്പിച്ച യൂണിഫോം അൺവെയിൽഡ് (സേനാ സംവാദ്) എന്ന സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.രാജ്യവും ഇന്ത്യൻ സൈന്യവും ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കരസേനാ മേധാവിയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാൻ തീവ്രവാദികളെ പിന്തുണയ്‌ക്കുന്നതിനെതിരെയും, ഭീകരതയ്‌ക്കെതിരെ ആഗോളതലത്തില്‍ ഇന്ത്യയുടെ നിലപാട് ആവർത്തിക്കുന്നതുമാണ് കരസേനാ മേധാവിയുടെ സന്ദേശം.