"യുഡിഎഫ് വന്നാല്‍ ഭരിക്കുക ലീഗ് . അങ്ങനെ സംഭവിച്ചാല്‍ മാറാട് ആവര്‍ത്തിക്കും" : വെള്ളാപ്പള്ളി നടേശന്‍

"യുഡിഎഫ് വന്നാല്‍ ഭരിക്കുക ലീഗ് . അങ്ങനെ സംഭവിച്ചാല്‍ മാറാട് ആവര്‍ത്തിക്കും" : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: യുഡിഎഫ് അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതില്‍ തെറ്റും സംഭവിച്ചിട്ടുണ്ട്. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് തന്റെ കണക്കുകൂട്ടല്‍. യുഡിഎഫ് വന്നാല്‍ ലീഗായിരിക്കും ഭരിക്കുക. അങ്ങനെ സംഭവിച്ചാല്‍ മാറാട് ആവര്‍ത്തിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റൂ, മതാധിപത്യം ജയിച്ചു എന്നാണ് അര്‍ഥമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സര്‍വേ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ല. നാലാം തീയതി വരെ കാത്തിരുന്ന് ഫലം പറയുന്നതല്ലേ ഭംഗി. ഇടതുപക്ഷം അവസാനം 60 ലക്ഷം പേര്‍ക്കാണ് നാലായിരം രൂപ വീതം കൊടുത്തത്. പാവപ്പെട്ടവര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ഇടതുപക്ഷം ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കും ചെയ്തു. എന്നാല്‍ ഞാന്‍ കണക്കുകൂട്ടുന്നത് ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ്. ഒരുപക്ഷേ എന്റെ ആഗ്രഹമായിരിക്കാം. തെറ്റാകാം. ശരിയാകാം. നാലാംതീയതി ഇതിനെ പറ്റി അവലോകനം നടത്തി പറയുന്നതായിരിക്കും ഭംഗി. ലീഗിന്റെ വക്താവായിട്ടാണല്ലോ സതീശന്‍ നില്‍ക്കുന്നത്. സതീശന്റെ പിന്നിലുള്ള ശക്തി ലീഗാണ്. അതുകൊണ്ടാണല്ലോ സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് ലീഗിന്റെ നേതാക്കള്‍ പറഞ്ഞത്. ലീഗ് അങ്ങനെയൊരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് ഘടകകക്ഷി എന്ന നിലയില്‍ ലീഗ് പറയാമോ? കോണ്‍ഗ്രസില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് കോണ്‍ഗ്രസുകാരാണ് പറയേണ്ടത്. പാര്‍ലമെന്ററി പാര്‍ട്ടി കൂടി അവര്‍ തീരുമാനിക്കണം. ലീഗ് മുന്‍കൂട്ടി അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഊഹിക്കാന്‍ സാധിക്കും. ഇവിടെ യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അര്‍ത്ഥം. ലീഗിന്റെ ഭരണം വന്നാല്‍ രാജ്യത്ത് അരാജകത്വം അല്ലാതെ എന്തെങ്കിലും ഉണ്ടാവുമോ? ഇവിടെ മാറാട് എത്രെണ്ണം ഉണ്ടാവും? എന്തെല്ലാം കുഴപ്പം അവര്‍ സൃഷ്ടിക്കും.'- ലീഗിനെ വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.

'ലീഗിന്റെ സര്‍വാധിപത്യത്തിന് നിന്നുകൊടുക്കാന്‍ മറ്റു ഘടകകക്ഷികള്‍ നിര്‍ബന്ധിതരാകും. ഇനി പെട്ടി തുറന്നാല്‍ ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയാകാനുള്ള അര്‍ഹതയുണ്ട് എന്നും അവര്‍ പറയും. 27 ഉണ്ട്, ഞങ്ങള്‍ക്ക് 26 എംഎല്‍എമാര്‍ ഉണ്ട്, അര്‍ഹത ഉണ്ട് എന്നെല്ലാം പറയും. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും ഉപമുഖ്യമന്ത്രി കിട്ടിയേ തീരൂ എന്ന നിലപാട് സ്വീകരിക്കും. മറ്റു ഘടകകക്ഷികളോട് ഇരിക്കാന്‍ ലീഗ് പറയുമ്പോള്‍ കിടന്നുകൊടുക്കുന്നവരാണ് അവര്‍. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. അവര്‍ ചോദിക്കും. കൊടുക്കും. സാധാരണ മുഖ്യമന്ത്രിയല്ലേ വകുപ്പ് കൊടുക്കുന്നത്. ഇവിടെ പാണക്കാട് തങ്ങളല്ലേ വകുപ്പ് കൊടുക്കുന്നത്. അവിടെയല്ലേ പ്രഖ്യാപിക്കുന്നത്. ജനാധിപത്യത്തെ നശിപ്പിച്ച ഇങ്ങനെയൊരു സംവിധാനം കേരളത്തില്‍ ഉണ്ടാവുമോ? ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചത് മലബാറിലാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ? ഇടതുപക്ഷം തോറ്റൂ എന്നാല്‍ അര്‍ത്ഥം ജനാധിപത്യം തോറ്റൂ എന്നാണ്. മതാധിപത്യം ജയിച്ചു എന്നാണ് അര്‍ത്ഥം'- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.