'ഓപ്പറേഷൻ തൂഫാൻ വാരിയർ ' ആയി മോഹൻലാൽ; ബാഡ്ജ് കൈമാറി രമേശ് ചെന്നിത്തല

'ഓപ്പറേഷൻ തൂഫാൻ വാരിയർ ' ആയി മോഹൻലാൽ; ബാഡ്ജ് കൈമാറി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പൊലീസിൻ്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി നടൻ മോഹൻലാൽ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ തൂഫാൻ വാരിയറായി താനും കേരളത്തിൻ്റെ ഈ പോരാട്ടത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 'തൂഫാൻ- ദി നാർക്കോ ഹണ്ടിന്' പൂർണ പിന്തുണ നൽകിയിരിക്കുകയാണ്. തൂഫാൻ വാരിയർ ബാഡ്ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മോഹൻലാലിന് കൈമാറുകയും ചെയ്തു. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫിസറായ ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയുടെകൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. തങ്ങൾ ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യമാണിതെന്നും ഈ പ്രവർത്തനം ഇനിയും തുടരണമെന്നും മോഹൻലാൽ പറഞ്ഞു. തൻ്റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ഈ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും രമേശ് ചെന്നിത്തലയോട് വിശദീകരിച്ചു. നടൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കൂടിക്കാഴ്ചയുടെ വിഡിയോ പുറത്തുവിട്ടത്. ഏറ്റവും വലിയ പ്രശ്നമാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെയും ലഹരിയുടെയും ഉപയോഗം. അത് തടയാൻ പൊലീസ് സജീവമായി രംഗത്തിറങ്ങുമെന്നും അതിനോട് കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സഹകരിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വിശ്വശാന്തി ഫൗണ്ടേഷൻ രൂപകല്‌പന ചെയ്ത ‘സേ നോ ടു ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും ചെയ്തു.