വിജയ് മന്ത്രിസഭ: മുഖ്യമന്ത്രിക്ക് അഭ്യന്തരം, പോലീസ്, നഗരകാര്യം. കെഎ.സെങ്കോട്ടയ്യന് ധനകാര്യം

വിജയ്  മന്ത്രിസഭ: മുഖ്യമന്ത്രിക്ക് അഭ്യന്തരം, പോലീസ്, നഗരകാര്യം. കെഎ.സെങ്കോട്ടയ്യന് ധനകാര്യം

ചെന്നൈ: തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന് ഗവർണ്ണർ അംഗീകാരം നൽകി. പൊതുഭരണം, ആഭ്യന്തരം, പോലീസ്, നഗരസഭ ഭരണം, വനിതാ-യുവജന ക്ഷേമം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.മുതിർന്ന രാഷ്ട്രീയ നേതാവായ കെഎ. സെങ്കോട്ടയ്യനാണ് പുതിയ ധനകാര്യ മന്ത്രി. അദ്ദേഹം ധനകാര്യത്തിന് പുറമെ പെൻഷൻ വകുപ്പും കൈകാര്യം ചെയ്യും. പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ എൻ ആനന്ദിന് ഗ്രാമവികസനം, പഞ്ചായത്തുകൾ, ദാരിദ്ര്യനിർമ്മാർജ്ജനം, ജലവിഭവം, ജലസേചനം എന്നീ വകുപ്പുകൾ അനുവദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി ആദവ് അർജുന പൊതുമരാമത്ത്, കെട്ടിടങ്ങൾ, ദേശീയപാതകൾ, ചെറുകിട തുറമുഖങ്ങൾ, കായിക വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും.പാർട്ടിയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയായ സിടിആർ നിർമ്മൽ കുമാറിനാണ് ഊർജ്ജം, വൈദ്യുതി, നിയമം, കോടതികൾ, ജയിലുകൾ, അഴിമതി നിരോധനം, നിയമസഭ, തെരഞ്ഞെടുപ്പ്, പാസ്‌പോർട്ട് എന്നീ നിർണ്ണായക വകുപ്പുകൾ നൽകിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം, പുരാവസ്തു വകുപ്പ്, തമിഴ് ഔദ്യോഗിക ഭാഷയും സംസ്കാരവും, വിവര-പൊതുജനസമ്പർക്കം, സിനിമ, അച്ചടി-സ്റ്റേഷനറി എന്നീ വകുപ്പുകൾ രാജ്മോഹൻ കൈകാര്യം ചെയ്യും.മുൻ ഐആർഎസ് ഉദ്യോഗസ്ഥനും പ്രചാരണ സെക്രട്ടറിയുമായ ഡോ കെജി അരുൺരാജ് ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയാകും. പാർട്ടിയുടെ ട്രഷററായ പി വെങ്കിട്ടരാമന് ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃ സംരക്ഷണം, വിലനിയന്ത്രണം എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. പ്രകൃതിവിഭവങ്ങൾ, ഖനി എന്നീ വകുപ്പുകൾ ഡോ. ടികെ പ്രഭു കൈകാര്യം ചെയ്യും.