IPL2026: കൊൽക്കത്തയെ നിശബ്‌ദമാക്കിയ മുകുൾ മാജിക്; ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനു അവിശ്വസനീയ ജയം!

IPL2026: കൊൽക്കത്തയെ നിശബ്‌ദമാക്കിയ മുകുൾ മാജിക്; ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനു അവിശ്വസനീയ ജയം!

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആര്‍) മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (എല്‍എസ്‌ജി). അവസാന പന്ത് വരെ നീണ്ടുനിന്ന നാടകീയതയ്‌ക്കൊടുവിൽ 27 പന്തിൽ പുറത്താകാതെ 54 റൺസെടുത്ത മുകുൾ ചൗധരിയാണ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. കൊൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ലഖ്‌നൗ മറികടക്കുകയായിരുന്നു.

മുകുളിന്‍റെ പോരാട്ടം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് എയ്ഡൻ മാർക്രം, മിച്ചൽ മാർഷ് എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. നാലോവറിൽ ഇരുവരും ചേർന്ന് സ്കോർ 41-ൽ എത്തിച്ചു. എന്നാൽ അഞ്ചാം ഓവറിൽ വൈഭവ് അറോറ മാർക്രത്തെയും (22) മാർഷിനെയും (15) പുറത്താക്കി കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ക്യാപ്റ്റൻ ഋഷഭ് പന്ത് (10), നിക്കോളാസ് പൂരൻ (13), അബ്ദുൾ സമദ് എന്നിവർക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല.ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ആയുഷ് ബദോനി 34 പന്തിൽ 54 റൺസെടുത്ത് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. ബദോനി പുറത്തായതോടെ ഉത്തരവാദിത്തം ഏറ്റെടുത്ത മുകുൾ ചൗധരി ആക്രമിച്ചു കളിച്ചു. അവസാന ഓവറിൽ 14 റൺസായിരുന്നു ലഖ്‌നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. രണ്ട് സിക്സറുകൾ പറത്തി മുകുൾ അവസാന പന്തിൽ ടീമിനെ വിജയത്തിലെത്തിച്ചു. 26 പന്തിൽ തന്‍റെ അർധസെഞ്ചുറി പൂർത്തിയാക്കിയ മുകുൾ 54 റൺസോടെ പുറത്താകാതെ നിന്നു.കൊൽക്കത്തയുടെ ബാറ്റിംഗ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. ഒൻപത് റൺസെടുത്ത ഫിൻ അല്ലൻ തുടക്കത്തിലേ പുറത്തായെങ്കിലും അജിങ്ക്യ രഹാനെയും (41) യുവതാരം അംഗ്രിഷ് രഘുവൻഷിയും (45) ചേർന്ന് ടീമിനെ മികച്ച നിലയിലെത്തിച്ചു. പത്തോവറിൽ ടീം സ്കോർ 98-ൽ എത്തിയെങ്കിലും ഇടവേളകളിൽ വിക്കറ്റുകൾ വീണത് തിരിച്ചടിയായി.മധ്യ ഓവറുകളിൽ റൺറേറ്റ് കുറഞ്ഞെങ്കിലും അവസാന നിമിഷം റോവ്‌മാൻ പവൽ (39*), കാമറൂൺ ഗ്രീൻ (32*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. ലഖ്‌നൗവിനായി പ്രിൻസ് യാദവ്, ആവേശ് ഖാൻ, ദിഗ്‌വേഷ് രതി, മണിമാരൻ സിദ്ധാർത്ഥ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.