ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണമെന്ന നിർദേശവുമായി ഇന്ത്യൻ എംബസി

ദുബായ്: ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ എംബസി. ഇറാനിലെ പുതിയ സാഹചര്യത്തിൽ രാജ്യം വിടാൻ മടിക്കരുതെന്നും നിര്‍ദേശിച്ച പാതകളിലൂടെ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നും എംബസി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
"എംബസിയുമായുള്ള കൂടിയലോചനയോ ഏകോപനമോ ഇല്ലാതെ ഒരു അന്തരാഷ്ട്ര കര അതിർത്തിയെയും സമീപിക്കാൻ ശ്രമിക്കരുത്", ഇറാനിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. ഇന്ത്യൻ പൗരന്മർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി കോൺടാക്റ്റ് നമ്പറുകളും നൽകിയിട്ടുണ്ട്. (+989128109115; +989128109102; +989128109109, +989932179359) ഇമെയിലും ([email protected]) എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.അമേരിക്കയും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഇന്നലെ ഇറാനിലെ ഇന്ത്യൻ ജനതക്ക് മുന്നറിയിപ്പി പുറപ്പെടുവിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. അടുത്ത 48 മണിക്കൂർ എവിടെയാണോ അവിടെ നിന്ന് പുറത്ത് പോകരുതെന്ന് കേന്ദ്രസർക്കാരും ഇറാനിലെ ഇന്ത്യൻ എംബസിയും പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. നിലവിൽ ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് വിവരം.
യുദ്ധം ആരംഭിച്ച ശേഷം 1862 പേർ ഇന്ത്യയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.ഹോർമൂസ് കടലിടുക്ക് തുറക്കാനായി ഇറാന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏപ്രിൽ ഏഴ് വരെ സമയപരിധി വച്ചിരുന്നു. എന്നാൽ സമയപരിധി അവസാനിക്കുന്നതിന് മുൻപ് ഒരു മുഴുവൻ നാഗരികതയും തുടച്ചുനീക്കപ്പെട്ടേക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
