ഐപിഎൽ 2026: ഭുവനേശ്വർ കുമാറിന് മൂന്ന് വിക്കറ്റ്, ചെന്നൈയെ തകർത്ത് ആർസിബി

ഐപിഎൽ 2026: ഭുവനേശ്വർ കുമാറിന് മൂന്ന് വിക്കറ്റ്, ചെന്നൈയെ തകർത്ത് ആർസിബി

ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആവേശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 43 റൺസിന്‍റെ തകർപ്പൻ വിജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ആർസിബി ഉയർത്തിയ 250 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സിഎസ്‌കെ 207 റൺസിന് പുറത്തായി. 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറിന്‍റെ പ്രകടനമാണ് ആർസിബിയുടെ വിജയം അനായാസമാക്കിയത്.

ബാറ്റിംഗിൽ റെക്കോർഡ് പ്രകടനം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 250 റൺസെന്ന ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തി. ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 50) നൽകിയ മികച്ച തുടക്കത്തിന് ശേഷം ടിം ഡേവിഡ്, രജത് പാട്ടിദാർ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് സ്കോർ ഉയർത്തിയത്. ടിം ഡേവിഡ് വെറും 25 പന്തിൽ പുറത്താകാതെ 70 റൺസും, രജത് പാട്ടിദാർ 19 പന്തിൽ 48 റൺസും അടിച്ചുകൂട്ടി.

ഭുവനേശ്വറിന്‍റെ 200-ാം വിക്കറ്റ്

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഋതുരാജ് ഗെയ്‌ക്‌വാദിനെ ജേക്കബ് ഡഫി പുറത്താക്കിയപ്പോൾ, ആയുഷ് മാത്രെയെ പുറത്താക്കി ഭുവനേശ്വർ കുമാർ ഐപിഎല്ലിൽ 200 വിക്കറ്റുകൾ എന്ന ചരിത്രനേട്ടം കൈവരിച്ചു. സഞ്ജു സാംസണും (ഡഫിക്ക് വിക്കറ്റ്) നിരാശപ്പെടുത്തി. മധ്യനിരയിൽ സർഫറാസ് ഖാൻ (24 പന്തിൽ 50), പ്രശാന്ത് വീർ (43), ജാമി ഓവർട്ടൺ (37) എന്നിവർ പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ആർസിബി ബൗളർമാർ കളി തിരിച്ചുപിടിച്ചു. 19.4 ഓവറിൽ 207 റൺസിന് ചെന്നൈ പോരാട്ടം അവസാനിച്ചു.ഇരു ടീമുകളുടെയും പ്ലെയിംഗ് ഇലവൻ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫിൽ സാൾട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി.

ഇംപാക്ട് പ്ലെയർ ഓപ്ഷനുകൾ: സുയാഷ് ശർമ്മ, ജേക്കബ് ബെഥൽ, റാസിഖ് സലാം ദാർ, കനിഷ്‌ക് ചൗഹാൻ, വെങ്കിടേഷ് അയ്യർ.

ചെന്നൈ സൂപ്പർ കിംഗ്‌സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, പ്രശാന്ത് വീർ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മാറ്റ് ഹെൻറി, ഖലീൽ അഹമ്മദ്.

ഇംപാക്ട് പ്ലെയർ ഓപ്ഷനുകൾ: മാത്യു ഷോർട്ട്, അഖീൽ ഹൊസൈൻ, കാർത്തിക് ശർമ്മ, രാമകൃഷ്‌ണ ഘോഷ്, ഗുർജപ് സിംഗ്.