IPL 2026 :ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്‌സ്

IPL 2026 :ചെന്നൈ സൂപ്പർ കിംഗ്‌സിനെ  അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്‌സ്

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്‌സിനെ അവരുടെ തട്ടകത്തിൽ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്‌സ് സീസണിലെ രണ്ടാം വിജയം കുറിച്ചു. നായകൻ ശ്രേയസ് അയ്യരുടെ തകർപ്പൻ അർധസെഞ്ചുറിയും യുവതാരം പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് തുടക്കവുമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.ചെന്നൈ ഉയർത്തിയ 210 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്‌സിന് വേണ്ടി പ്രിയാൻഷ് ആര്യ അവിശ്വസനീയമായ തുടക്കമാണ് നൽകിയത്. ഖലീൽ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഫോറും സിക്സറും പറത്തി തുടങ്ങിയ ആര്യ, വെറും 11 പന്തിൽ നിന്ന് 355 സ്ട്രൈക്ക് റേറ്റോടെ 39 റൺസ് അടിച്ചുകൂട്ടി. കേവലം 3.2 ഓവറിൽ പഞ്ചാബ് 50 കടന്നു.

മധ്യ ഓവറുകളിൽ പ്രഭ്സിമ്രാൻ സിംഗ് (43), കൂപ്പർ കൊണോലി എന്നിവർ പുറത്തായതോടെ കളി അല്പം മുറുകിയെങ്കിലും നായകൻ ശ്രേയസ് അയ്യർ പക്വതയോടെ ടീമിനെ മുന്നോട്ട് നയിച്ചു. 26 പന്തിൽ നിന്ന് 50 റൺസ് നേടിയ അയ്യർ ടീമിനെ വിജയത്തിന്‍റെ പടിവാതിൽക്കൽ എത്തിച്ചു. അവസാന നിമിഷം അയ്യരും വധേരയും പുറത്തായെങ്കിലും ഷശാങ്ക് സിംഗും മാർക്കസ് സ്റ്റോയിനിസും ചേർന്ന് വിക്കറ്റുകൾ കൂടുതൽ നഷ്ടപ്പെടുത്താതെ ടീമിനെ വിജയതീരത്തെത്തിച്ചു.ചെന്നൈയുടെ പോരാട്ടം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി യുവതാരം ആയുഷ് മാത്രെ 43 പന്തിൽ 73 റൺസുമായി തിളങ്ങി. സഞ്ജു സാംസൺ (7), ഋതുരാജ് ഗെയ്ക്‌വാദ് (28) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ സർഫറാസ് ഖാനും (12 പന്തിൽ 32), ശിവം ദുബെയും (27 പന്തിൽ 45*) തകർത്തടിച്ചതോടെ ചെന്നൈ സ്കോർ 209-ൽ എത്തി. 2024-ന് ശേഷം ആദ്യമായാണ് ചെന്നൈ ചെപ്പോക്കിൽ 200 കടക്കുന്നത്.