ഹുർമുസ് കടലിടുക്ക് ഇറാൻ തുറന്നു നൽകി; ലബനാനിൽ പത്ത് ദിവസത്തെ വെടിനിർത്തൽ

തെഹ്റാൻ :ലബനാനിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി ഇറാൻ തുറന്നുകൊടുത്തു. 10 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കും പൂർണ്ണ യാത്രാനുമതി നൽകിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി അറിയിച്ചു..46 ദിവസത്തെ രൂക്ഷമായ പോരാട്ടത്തിന് ശേഷമാണ് ഇസ്രായേലും ലബനാനും 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
നയതന്ത്ര നീക്കങ്ങൾ:
യു.എസ് - ഇറാൻ രണ്ടാം റൗണ്ട് സമാധാന ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയായേക്കും. പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും സൈനിക മേധാവി ജനറൽ ആസിം മുനീറും ഇതിനായുള്ള മധ്യസ്ഥ ചർച്ചകൾ ഊർജിതമാക്കിയിട്ടുണ്ട്.ഏപ്രിൽ 22-ന് അവസാനിക്കുന്ന നിലവിലെ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളും ഈ നീക്കങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. ചർച്ചകളെ സ്വാഗതം ചെയ്തതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര സമൂഹം.
ലബനനിലെ വെടിനിർത്തൽ അമേരിക്കയും ഇറാനും ഇസ്രയേലും തമ്മിലുള്ള സമാധാന ശ്രമങ്ങൾക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ. ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത് അമേരിക്ക വിലക്കിയതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ സ്വയം പ്രതിരോധത്തിന് ഈ വിലക്ക് ബാധകമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. ട്രംപിൻ്റെ അഭ്യർഥന മാനിച്ചാണ് വെടിനിർത്തലിന് തയാറായതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഹിസ്ബുല്ലയുടെ 90 ശതമാനം ആയുധശേഖരവും ഇസ്രയേൽ നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ബെയ്റൂതിൽ ജനങ്ങൾ ആഘോഷം തുടങ്ങി. സുരക്ഷ മുന്നറിയിപ്പുകൾ അവഗണിച്ച് നിരവധി പേർ തെക്കൻ ലബനനിലെ വീടുകളിലേക്ക് മടങ്ങി. എന്നാൽ ചിലയിടങ്ങളിൽ ഇസ്രയേൽ വെടിവെപ്പ് നടത്തിയതായി യുഎൻ സമാധാന സേനയും ലബനീസ് സൈന്യവും റിപ്പോർട്ട് ചെയ്തു. കൗനിനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു സിറിയൻ പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോട് ഇസ്രയേലോ ഹിസ്ബുല്ലയോ പ്രതികരിച്ചിട്ടില്ല.
ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നത് ഇറാൻ്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. യുദ്ധത്തിൽ ഇറാനിൽ 3,000 പേരും ലബനനിൽ 2,290ലധികം പേരും ഇസ്രയേലിൽ 23 പേരും ഗൾഫ് രാജ്യങ്ങളിൽ 12ലധികം പേരും കൊല്ലപ്പെട്ടു. 13 അമേരിക്കൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു.