ഇറാൻ-യുഎസ് ചർച്ച പരാജയം; കരാറിലെത്താതെ പാകിസ്ഥാനിൽ നിന്ന് മടങ്ങുന്നുവെന്ന് ജെ ഡി വാൻസ്
ഇസ്ലാമാബാദ്: യുഎസ്- ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടെന്നും ധാരണയിലെത്താതെ അവസാനിച്ചെന്നും യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. പ്രധാന വിഷയങ്ങളിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആണവായുധങ്ങൾക്കെതിരെ ഇറാൻ്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദിൽ 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നിരുന്നാലും അവസാനവും മികച്ച ഒരു ഓഫർ മുന്നോട്ടുവച്ചതിന് ശേഷമാണ് താൻ പോകുന്നതെന്നും വാൻസ് പറഞ്ഞു. ഇസ്രയേലുമായുള്ള ആക്രമണം രണ്ടാഴ്‌ചത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അമേരിക്ക പറഞ്ഞെങ്കിലും ആ വാഗ്‌ദാനം പരിഗണിക്കാൻ ഇറാന് ഇപ്പോഴും സമയം നൽകുന്നുണ്ടെന്ന് വാൻസ് വ്യക്തമാക്കി. "വളരെ ലളിതമായ ഒരു നിർദേശവുമായാണ് ഞങ്ങൾ ഇവിടെ നിന്ന് പോകുന്നത്. ഞങ്ങളുടെ അന്തിമവും മികച്ചതുമായ ഓഫറാണിത്. ഇറാനികൾ അത് സ്വീകരിക്കുമോ എന്ന് നോക്കാം," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെയും വാൻസ് പ്രശംസിച്ചു. "അവിശ്വസനീയമായ ആതിഥേയർ. ചർച്ചകളിൽ എന്തൊക്കെ പോരായ്‌മകൾ ഉണ്ടായിരുന്നാലും അത് പാകിസ്ഥാനികളുടെ ഇടപെടൽകൊണ്ടല്ല. അവർ അവരെകൊണ്ടാകും വിധം പ്രവർത്തിച്ചു. ഞങ്ങളും ഇറാനും തമ്മിലുള്ള വിടവ് നികത്താനും ഒരു കരാറിലെത്താനും സഹായിക്കാൻ അവർ നല്ല രീതിയിൽ ശ്രമിച്ചു,” അദ്ദേഹം പറഞ്ഞു.ഇരുപക്ഷവും ഒരു കരാറിലെത്തുന്നതിൽ പരാജയപ്പെട്ടു. ഇരുപക്ഷവും തമ്മിൽ നിരവധി സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്നും ഇറാനിയൻ നയതന്ത്രജ്ഞൻ എസ്‌മയിൽ ബഖായ് ഒരു എക്‌സ് സന്ദേശത്തിലൂടെ പറഞ്ഞു. "കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഹോർമുസ് കടലിടുക്ക്, ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം, യുദ്ധ നഷ്‌ടപരിഹാരം, ഉപരോധങ്ങൾ പിൻവലിക്കൽ, ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കല്‍ എന്നിവയുൾപ്പെടെ പ്രധാന വിഷയങ്ങള്‍ ചർച്ചകൾ ചെയ്‌തു," അദ്ദേഹം അറിയിച്ചു.
ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്‌ചത്തേക്ക് നിർത്തിവയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലാണ് താല്‍ക്കാലിക ആക്രമണങ്ങൾക്ക് വിരാമമായത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, സൈനിക മേധാവി ജനറൽ അസിം മുനീർ എന്നിവർ ചേർന്ന് 14 ദിവസം നടത്തിയ നയതന്ത്ര നീക്കങ്ങള്‍ക്ക് ഒടുവിലാണ് രണ്ടാഴ്‌ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവയ്‌ക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.സമയപരിധി അവസാനിച്ചതിന് ശേഷം എന്ത് സംഭവിക്കുമെന്നോ വെടിനിർത്തൽ നിലനിൽക്കുമോ എന്നോ വാൻസിൻ്റെ അഭിപ്രായങ്ങൾ സൂചിപ്പിച്ചില്ല. ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും ആഗോള വിപണികളെ പിടിച്ചുകുലുക്കിയ യുദ്ധം ഏഴാം ആഴ്‌ചയിലേക്ക് കടന്നതോടെ, രണ്ടാഴ്‌ചത്തെ ദുർബലമായ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ചരിത്രപരമായ ചർച്ചകൾ അവസാനിച്ചത്.