വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരയെുള്ള ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരയെുള്ള ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ സര്‍വ്വകലാശാലകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. യുഎസുമായും ഇസ്രയേലുമായും അഫിലിയേറ്റ് ചെയ്‌തിട്ടുള്ള എല്ലാ സർവകലാശാലകളും നിയമപരമായ ലക്ഷ്യങ്ങളാക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നല്‍കി. അമേരിക്ക, ഇസ്രയേല്‍ സർവകലാശാലാ കാമ്പസുകൾക്ക് സമീപമുള്ളവരോട് സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറാനും ഐആർജിസി ആവശ്യപ്പെട്ടു.ഇറാനിയൻ അക്കാദമിക് സ്ഥാപനങ്ങൾക്കും പൈതൃക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ യുഎസും ഇസ്രയേലും ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ്. ഇറാനിയൻ സർവകലാശാലകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ പ്രതികാര നടപടികളിൽ നിന്ന് ഒഴിവാക്കണമെങ്കിൽ, മാർച്ച് 30 തിങ്കളാഴ്‌ച (ടെഹ്‌റാൻ സമയം) ഉച്ചയോടെ യുഎസ് സർക്കാർ ഔദ്യോഗികമായി അപലപിക്കണമെന്നും ഐആർജിസി ആവശ്യപ്പെട്ടു.

ടെഹ്‌റാനിലെ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയ്‌ക്കെതിരായ ബോംബാക്രമണം ഉൾപ്പെടെ ഇറാനിയൻ സർവകലാശാലകൾക്കെതിരായ സമീപകാല ആക്രമണങ്ങളെ ഐആർജിസി അപലപിച്ചു. ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിങിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്-ഇസ്രയേൽ സേന ഇറാനിയൻ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടതായും ആരോപിച്ചു.ടെഹ്‌റാൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിൽ ബോംബാക്രമണം നടത്തി. പതിനെട്ടാം തവണയും ഇറാനിയൻ സർവകലാശാലകളെ ലക്ഷ്യം വക്കുകയാണെന്നും പ്രസ്‌താവനയിൽ പറയുന്നു.

"അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സർവകലാശാലകളും പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കൻ സർവകലാശാലകളും ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളാണെന്ന് വൈറ്റ് ഹൗസിൻ്റെ ഭരണാധികാരികൾ അറിയണം.ഇറാനിയൻ സർവകലാശാലകളുടെ നശിപ്പിച്ചതിന് പകരം ചോദിക്കും. മേഖലയിലെ അമേരിക്കൻ സർവകലാശാലകളിലെ എല്ലാ ജീവനക്കാരെയും, വിദ്യാർഥികളെയും, അവരുടെ ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാരെയും അവരുടെ ജീവൻ രക്ഷിക്കാൻ മേൽപ്പറഞ്ഞ സർവകലാശാലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് മാറി താമസിക്കാൻ ഞങ്ങൾ ഉപദേശിക്കുന്നു" ഐആർഐബി ഉദ്ധരിച്ചു.

മനഃപൂർവ്വം ലക്ഷ്യം വയ്‌ക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

അമേരിക്കയും ഇസ്രയേലും തങ്ങളുടെ അക്കാദമിക് സ്ഥാപനങ്ങളെയും ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങളെയും മനഃപൂർവ്വം ലക്ഷ്യം വയ്‌ക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവ് എസ്‌മയിൽ ബഖായ് പറഞ്ഞു. സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, ചരിത്ര സ്‌മാരകങ്ങൾ എന്നിവ ആക്രമിച്ച് കൊണ്ട് ഇരുരാജ്യങ്ങളും അവരുടെ യഥാർഥ ലക്ഷ്യം വെളിപ്പെടുത്തി എന്ന് ബഖായ് ആരോപിച്ചു. നമ്മുടെ രാജ്യത്തിൻ്റെ ശാസ്ത്രീയ അടിത്തറയും സാംസ്‌കാരിക പൈതൃകവും തകർക്കാനുള്ള ശ്രമമായാണ് ആക്രമണങ്ങളെ ബഖായ് വിശേഷിപ്പിച്ചത്.

"നിയമവിരുദ്ധ യുദ്ധത്തിനിടെ ആക്രമണകാരികൾ മനഃപൂർവ്വം നിരവധി സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. വാസ്‌തവത്തിൽ, ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണം അതിൻ്റെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തുന്നത് തുടരുന്നു. സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, ചരിത്ര സ്‌മാരകങ്ങൾ, പ്രമുഖ ശാസ്ത്രജ്ഞർ എന്നിവരെ വ്യവസ്ഥാപിതമായി ലക്ഷ്യമിടുകയും ചെയ്യുന്നു.ഇതിലൂടെ നമ്മുടെ രാജ്യത്തിൻ്റെ ശാസ്ത്രീയ അടിത്തറയും സാംസ്‌കാരിക പൈതൃകവും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇറാൻ്റെ ആണവ പദ്ധതി തകര്‍ക്കുക, ഇറാൻ്റെ ഭീഷണി ഇല്ലാതാക്കുക എന്നിവ വെറും ന്യായീകരണങ്ങള്‍ മാത്രമാണ്യ അവരുടെ യഥാർഥ ഉദ്ദേശ്യം മറനീക്കി പുറത്ത് വന്നു" എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.