നൈജീരിയയിൽ ഐഎസ് ഭീകരാക്രമണം; 29 പേർ വെടിയേറ്റു മരിച്ചു

അബൂജ: നൈജീരിയയിലെ അദമവ സംസ്ഥാനത്ത് ഐഎസ് ഭീകരർ നടത്തിയ വെടിവെപ്പിൽ 29 പേർ കൊല്ലപ്പെട്ടു. ഗോംബി പ്രാദേശിക ഭരണകൂട പരിധിയിലുള്ള ഗുയാകു ഗ്രാമത്തിലാണ് കഴിഞ്ഞദിവസം അപ്രതീക്ഷിത ആക്രമണമുണ്ടായത്. സായുധർ ജനങ്ങൾക്ക് നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നുവെന്നും പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. ടെലഗ്രാം ആപ്പ് വഴിയുള്ള സന്ദേശത്തിലൂടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
നടുക്കം മാറാതെ ഗ്രാമം
സംസ്ഥാനത്തെയാകെ കണ്ണീരിലാഴ്ത്തിയ ആക്രമണത്തിന് പിന്നാലെ അദമവ സംസ്ഥാന ഗവർണർ അഹ്മദു ഉമറു ഫിൻതിരി തിങ്കളാഴ്ച ഗുയാകു ഗ്രാമം സന്ദർശിച്ചു. നിരപരാധികളെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരാക്രമണം അങ്ങേയറ്റം ദുഃഖകരവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.ആക്രമണം നടന്ന ഗ്രാമത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് സർക്കാരിൻ്റെ ഔദ്യോഗിക അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ പ്രദേശിക ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഭീകരർ ഗ്രാമവാസികൾക്ക് നേരെ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയതായി ഗവർണർ മാധ്യമപ്രവർത്തകരെ അറിയിച്ചു.
മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണം
ഗ്രാമവാസികളുടെ മനസ്സുകൾ തകർക്കുന്ന ദാരുണമായ കൊലപാതകമാണ് അരങ്ങേറിയതെന്ന് വിശദമാക്കി ഗവർണർ അഹ്മദു ഉമറു ഫിൻതിരി സാമൂഹ്യമാധ്യമമായ എക്സിലും പോസ്റ്റ് പങ്കുവച്ചു. "ഗോംബിയിലെ ഗുയാകു ജനതയെ ഓർത്ത് എൻ്റെ മനസ്സ് തകരുകയാണ്. നമ്മുടെ സഹോദരീസഹോദരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയ അതേ മണ്ണിലാണ് ഇന്ന് ഞാൻ നിന്നത്.മനുഷ്യത്വത്തിന് നേരെയുള്ള ഈ ഭീരുത്വപരമായ ആക്രമണം ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകില്ല," അദ്ദേഹം എക്സിൽ കുറിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനും എല്ലാ ഗ്രാമവാസികൾക്കും സ്വന്തം വീടുകളിൽ സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ട് മേഖലയിൽ സുരക്ഷാ നടപടികൾ അടിയന്തരമായി ശക്തമാക്കിയതായും ഗവർണർ വ്യക്തമാക്കി.
തുടർക്കഥയായി ഭീകരാക്രമണം
നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലകളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇസ്‌ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ ഭീകരസംഘടനകൾ നിരന്തരമായി ആക്രമണങ്ങൾ നടത്തിവരികയാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി നിരപരാധികളാണ് ഇത്തരം സായുധരുടെ തോക്കുകൾക്ക് മുമ്പിൽ ഇരയാകുന്നത്. ഗ്രാമങ്ങൾ കൊള്ളയടിക്കുക, ജനങ്ങളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുക, ഗ്രാമവാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തുക തുടങ്ങിയവയാണ് വർഗീയ ഭീകരസംഘടനകളുടെ പ്രധാന രീതി.
രാജ്യത്തെ സൈന്യവും സുരക്ഷാ ഏജൻസികളും ഈ ഭീകരർക്കെതിരെ ശക്തമായ പോരാട്ടം തുടരുകയാണെങ്കിലും ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചുള്ള ഇത്തരം കടന്നുകയറ്റങ്ങൾ പൂർണ്ണമായും തടയുകയെന്നത് നൈജീരിയൻ സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ഗ്രാമവാസികളുടെ ഭയപ്പാട് അകറ്റാനും ഭീകരരെ കണ്ടെത്താനും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും സേനയുടെ വിന്യാസം ഗണ്യമായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.