‘വലിയ മുറിവാണ്, ഉണങ്ങാൻ സമയമെടുക്കും’: ലയണൽ മെസ്സി

‘വലിയ മുറിവാണ്, ഉണങ്ങാൻ സമയമെടുക്കും’: ലയണൽ മെസ്സി

ന്യൂജേഴ്‌സി: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്‌പെയിനോടേറ്റ പരാജയത്തിൽ കടുത്ത നിരാശയും വേദനയും പങ്കുവെച്ച് അർജന്റീന നായകൻ ലയണൽ മെസ്സി. ഫൈനലിലേറ്റ തോൽവി നൽകിയ വേദന വളരെ വലുതാണെന്നും ഈ മുറിവുണങ്ങാൻ നീണ്ട സമയമെടുക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റൂഥർഫോർഡിൽ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് സ്‌പെയിൻ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ (1-0) പരാജയപ്പെടുത്തിയത്. തുടർച്ചയായി രണ്ടാം ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിക്കാനുള്ള അർജന്റീനയുടെ സ്വപ്നങ്ങൾക്കാണ് സ്പാനിഷ് പട തടയിട്ടത്.

“ഈ വേദന വളരെ വലുതാണ്. ഈ മുറിവ് ഉണങ്ങാൻ വലിയൊരു കാലയളവ് തന്നെയെടുക്കും. എങ്കിലും ഈ ടൂർണമെന്റിലെ നല്ല ഓർമ്മകളെ ഞാൻ നെഞ്ചോട് ചേർക്കുന്നു. ടീമിന്റെ കഠിനാധ്വാനവും രാജ്യത്തെ മുഴുവൻ ജനങ്ങളുടെ പിന്തുണയുമാണ് നമ്മളെ വീണ്ടും ലോകത്തിലെ മികച്ച ടീമുകളിലൊന്നാക്കി മാറ്റിയത്.” മെസ്സി കുറിച്ചു. വിജയികളായ സ്‌പെയിനെ അഭിനന്ദിച്ച മെസ്സി, തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു.