ജെഇഇയിൽ ഒന്നാം റാങ്കുകാരൻ ഇൻ്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡ് ഇന്ത്യൻ ടീമിൽ.

കോട്ട: ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ ജെഇഇ മെയിനിൽ 300-ൽ 300 മാർക്കും നേടി ചരിത്രം കുറിച്ച കബീർ ചില്ലർ എന്ന ഹരിയാന സ്വദേശി ഇപ്പോൾ രാജ്യത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്. കേവലം ഒരു പരീക്ഷാ വിജയി എന്നതിലുപരി, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുന്ന പ്രതിഭ കൂടിയാണ് ഈ മിടുക്കൻ.
കഴിഞ്ഞ തവണ ജെഇഇ (മെയിൻ) പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ കബീറിനെ ഇൻ്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തു. താഷ്കെൻ്റിൽ നടക്കാനിരിക്കുന്ന 2026-ലെ ഇൻ്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിലേക്കാണ് തെരഞ്ഞെടുത്തത്. ഗുരുഗ്രാം സ്വദേശിയായ കബീർ, 2026 ഏപ്രിലിൽ പുറത്തുവന്ന ജെഇഇ മെയിൻ ഫലത്തിലാണ് നൂറിൽ നൂറ് എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. പഠനത്തോടുള്ള അർപ്പണബോധവും കൃത്യമായ തയ്യാറെടുപ്പുമാണ് കബീറിനെ ഈ കൊടുമുടിയിൽ എത്തിച്ചത്. എന്നാൽ ഈ നേട്ടത്തിൻ്റെ ആഘോഷങ്ങൾക്കിടയിലും കബീർ മറ്റൊരു വലിയ ദൗത്യത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു.ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെൻ്റിൽ നടക്കുന്ന 58-ാമത് ഇൻ്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന നാലംഗ ഇന്ത്യൻ ടീമിലാണ് കബീർ ഇടംപിടിച്ചത്. ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ നടന്ന സെലക്ഷൻ ക്യാമ്പിലാണ് ടീമിനെ പ്രഖ്യാപിച്ചത്. കബീറിനെ കൂടാതെ ഭുവനേശ്വറിൽ നിന്നുള്ള ദേവദത്ത പ്രിയദർശി, പഞ്ചാബിൽ നിന്നുള്ള ഹർഷിത് സിംഗ്ല, ഹൈദരാബാദിൽ നിന്നുള്ള സന്ദീപ് കൂച്ചി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. ജൂലൈ 10 മുതൽ 19 വരെ താഷ്കെൻ്റിൽ നടക്കുന്ന മത്സരത്തിൽ ഈ നാല് വിദ്യാർത്ഥികൾ ഇന്ത്യയെ പ്രതിനിധീകരിക്കും.
നാഷണൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ ഇൻ കെമിസ്ട്രി (NSEC), ഇന്ത്യൻ നാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡ് (INChO), ഓറിയൻ്റേഷൻ കം സെലക്ഷൻ ക്യാമ്പ് (OCSC) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നത്. ജെഇഇ മെയിൻ ഫലം പ്രഖ്യാപിക്കുമ്പോൾ ഈ വിദ്യാർത്ഥികൾ സെലക്ഷൻ ക്യാമ്പിലായിരുന്നു.ജെഇഇ മെയിനിലെ ഒന്നാം റാങ്ക് കബീറിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം മെയ് 17-ന് നടക്കാനിരിക്കുന്ന ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയാണ്. രാജ്യത്തെ ഏറ്റവും മികച്ച ഐഐടികളിൽ ഒന്നിൽ പ്രവേശനം നേടുക എന്ന ലക്ഷ്യത്തോടെ തീവ്രമായ പഠനത്തിലാണ് ഈ വിദ്യാർത്ഥി. കെമിസ്ട്രിയോടുള്ള തൻ്റെ പ്രത്യേക താൽപ്പര്യമാണ് ഒളിമ്പ്യാഡിലേക്കുള്ള വഴി തുറന്നതെന്ന് കബീർ വിശ്വസിക്കുന്നു.നാഷണൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ മുതൽ വിവിധ ഘട്ടങ്ങൾ കടന്നാണ് കബീർ ദേശീയ ടീമിലെത്തിയത്.