കുന്നമ്പറ്റ ഭവന പദ്ധതി: കോൺഗ്രസിനെതിരെ കുടിൽ കെട്ടി ഡിവൈഎഫ്ഐ സമരം

കുന്നമ്പറ്റ ഭവന പദ്ധതി: കോൺഗ്രസിനെതിരെ കുടിൽ കെട്ടി ഡിവൈഎഫ്ഐ സമരം

വയനാട്:  കുന്നമ്പറ്റയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതിയെച്ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ പോരാട്ടമായി മാറുന്നു. പദ്ധതിയുടെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രതീകാത്മക സമരവുമായി രംഗത്തെത്തി. പദ്ധതിക്കായി മാറ്റിവെച്ച ഭൂമിയിൽ കുടിൽ കെട്ടിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 26-ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് തറക്കല്ലിട്ട ഭവന പദ്ധതിയിൽ, ഒരു മാസം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം. ഇതിനിടെ വീടുകളുടെ നിർമാണം തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെട്ടത് വിവാദത്തിന് പുതിയ മാനം നൽകി. എന്നാൽ പദ്ധതിക്കാവശ്യമായ അനുമതി പോലും ഇതുവരെ വാങ്ങിയിട്ടില്ലെന്ന് തെളിവുകൾ സഹിതം ഡിവൈഎഫ്ഐ ആരോപിക്കുന്നു.സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കുന്നമ്പറ്റയിലെ പ്രതിഷേധം. കോൺഗ്രസിൻ്റെ പൊള്ളയായ വാഗ്ദാനങ്ങൾ തുറന്നുകാട്ടാൻ സംസ്ഥാനവ്യാപകമായി ഇത്തരം സമരങ്ങൾ തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഈ ആരോപണങ്ങൾ കോൺഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.