"നിങ്ങൾ ബിഹാറികളാണ്, ഉടൻ മടങ്ങണം" '; ഡൽഹിയിൽ തൊഴിലാളിയെ പൊലീസ് കാരൻ വെടിവച്ചു കൊന്നു

"നിങ്ങൾ ബിഹാറികളാണ്, ഉടൻ മടങ്ങണം" '; ഡൽഹിയിൽ തൊഴിലാളിയെ പൊലീസ് കാരൻ  വെടിവച്ചു കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ ജാതീയമായി അധിക്ഷേപിച്ചതിന് പിന്നാലെയുള്ള വാക്കുതർക്കത്തിനിടെ 21കാരനായ ഫുഡ് ഡെലിവറി തൊഴിലാളിയെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്നു. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥനായ നീരജ് ബൽഹാരയാണ് തൻ്റെ സർവീസ് പിസ്റ്റ ഉപയോഗിച്ച് യുവാവിന് നേരെ വെടിയുതിർത്തത്. വെടിവെപ്പിൽ കൊല്ലപ്പെട്ട പാണ്ഡവ് കുമാറിൻ്റെ സുഹൃത്ത് കൃഷ്ണയെ  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിറന്നാൾ ആഘോഷത്തിന് പിന്നാലെ ദുരന്തം

ഇന്നലെ  പുലർച്ചെ 2.30ഓടെ ഡൽഹിയിലെ ജാഫർപൂർ കലാൻ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാണ്ഡവ് കുമാറും കൃഷ്ണയും  തങ്ങളുടെ സുഹൃത്തായ രൂപേഷ് കുമാറിൻ്റെ രണ്ടുവയസുകാരനായ മകൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. 10 പേരോളം പങ്കെടുത്ത പാർട്ടി കഴിഞ്ഞ് മടങ്ങാൻ നേരം സുഹൃത്തുക്കൾ വീടിന് പുറത്തുള്ള റോഡിൽ സംസാരിച്ചുനിൽക്കുകയായിരുന്നു. ഈ സമയം എതിർവശത്തെ വീട്ടിൽ താമസിക്കുന്ന നീരജ് താഴേക്കിറങ്ങി വരികയും ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു എന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.ഇതിനിടെ പ്രകോപിതനായ നീരജ് തൻ്റെ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് വളരെ അടുത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. ബൈക്കിലായിരുന്ന പാണ്ഡവിൻ്റെ നെഞ്ചിലാണ് വെടിയേറ്റത്. നെഞ്ച് തുളച്ച് പുറത്തുവന്ന വെടിയുണ്ട ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന കൃഷ്ണൻ്റെ വയറിൻ്റെ വലതുഭാഗത്തും കൊണ്ടു. ഉടൻതന്നെ ഇരുവരേയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പാണ്ഡവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റ കൃഷ്ണ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി നീരജിനെ ഞായറാഴ്ച വൈകുന്നേരത്തോടെ ഹരിയാനയിലെ റോഹ്തക്കിന് സമീപത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സ്പെഷ്യൽ സെല്ലിലാണ് ജോലി ചെയ്യുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിളാണെന്നാണ് കൊല്ലപ്പെട്ട പാണ്ഡവിൻ്റെ കുടുംബം ആരോപിക്കുന്നത്.

ബിഹാറികൾ മടങ്ങിപ്പോകണമെന്ന് ആക്രോശം

കൂട്ടുകാരിൽ ചിലർ കാറിലും ബാക്കിയുള്ളവർ സ്കൂട്ടറിലും ബൈക്കിലുമായി മടങ്ങാൻ നിൽക്കവെയാണ് തൊട്ടടുത്ത കെട്ടിടത്തിൻ്റെ മുകളിൽനിന്ന് പ്രതി താഴേക്ക് വന്നതെന്ന് ദൃക്സാക്ഷിയായ രൂപേഷ് കുമാർ പറഞ്ഞു. ഇവിടെ എന്തിനു നിൽക്കുന്നുവെന്ന് ചോദിച്ച ഇയാളോട്, പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയാണെന്ന് പറഞ്ഞെങ്കിലും പ്രതി അസഭ്യം പറയുകയായിരുന്നു.നിങ്ങള്‍ ബിഹാറികളാണെന്നും ഇവിടെനിന്ന് ഉടൻ പോകണമെന്നും ആക്രോശിച്ച ഇയാൾ സുഹൃത്തുക്കളുടെ അമ്മയെയും സഹോദരിയെയും അധിക്ഷേപിച്ചു. ഒപ്പം ദീപക് എന്നൊരാളെ വിളിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ പ്രതി തൻ്റെ പോക്കറ്റിൽനിന്ന് റിവോൾവർ പുറത്തെടുക്കുകയായിരുന്നുവെന്നും ഇത് കണ്ട് ഭയന്ന ചിലർ അവിടെനിന്ന് മാറിയെന്നും രൂപേഷ് പറഞ്ഞു. ഉടൻതന്നെ ഇയാൾ തോക്കിൽ വീണ്ടും തിര നിറയ്ക്കുകയും അസഭ്യവർഷം തുടരുകയും ചെയ്തു. പൊലീസിനെ വിവരമറിയിക്കാൻ താൻ ഫോണെടുക്കാൻ ഓടിയ സമയത്താണ് വെടിയുതിർത്തതെന്നും ദൃക്സാക്ഷി പറഞ്ഞു.

ബിഹാറിൽ നിന്നുള്ളവരായതുകൊണ്ട് മാത്രമാണ് ഇയാൾ പ്രകോപിതനായതെന്നും ബിഹാറികൾ ഡൽഹിയിൽ വന്ന് പണം സമ്പാദിക്കുകയും വീട് വയ്ക്കുകയും ചെയ്യുന്നുവെന്ന് അയാൾ ആക്രോശിച്ചതായും രൂപേഷ് കൂട്ടിച്ചേർത്തു. അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും പ്രതിയെ ഇതിനുമുൻപ് കണ്ടിട്ടില്ലെന്നും രൂപേഷ് വ്യക്തമാക്കി.

നീതി തേടി കുടുംബം

യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമി വെടിയുതിർത്തതെന്നും പ്രതി കടുത്ത മദ്യലഹരിയിലായിരുന്നെന്നും പാണ്ഡവിൻ്റെ കുടുംബം ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ഇരയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ജാഫർപൂർ കലാൻ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബിഹാറുകാരാണെന്ന് അറിഞ്ഞയുടനെ ഇയാൾ വെടിയുതിർക്കുകയായിരുന്നു എന്ന് പാണ്ഡവിൻ്റെ അമ്മ മീന ദേവി വിതുമ്പലോടെ പറഞ്ഞു.രാത്രിയിൽ ജോലിക്ക് പോകുന്ന മക്കൾക്ക് ഇത്തരത്തിൽ വഴിയിൽവച്ച് വെടിയേൽക്കുകയാണെങ്കിൽ ഇനി എങ്ങനെയാണ് അവരെ ജോലിക്ക് പറഞ്ഞയക്കുകയെന്നും അവർ ചോദിച്ചു. തെറ്റ് ചെയ്താൽ ശിക്ഷിക്കാം, വേണമെങ്കിൽ ജയിലിൽ അടയ്ക്കാം, എന്നാൽ ഒരാളുടെ ജീവനെടുക്കാൻ എങ്ങനെ സാധിക്കുമെന്ന് നീതി ആവശ്യപ്പെട്ടുകൊണ്ട് മീന ദേവി ചോദിച്ചു.

മകൻ്റെ മൃതദേഹം ഇതുവരെ കാണാൻ അനുവദിച്ചിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനൽകുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് കാണിക്കാൻ തയ്യാറായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് ആവർത്തിക്കുന്നത്.ഹരിയാനയിലെ റോഹ്തക്കിലുള്ള ബാഹു അക്ബർപൂർ ഗ്രാമവാസിയായ നീരജ് കഴിഞ്ഞ 15 വർഷമായി ഡൽഹിയിൽ തനിച്ചാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു. വാക്കുതർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ച കാരണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.