സിഖ് മതത്തിൻ്റെ വിശുദ്ധഗ്രന്ഥത്തെ നിന്ദിച്ചാൽ ജീവപര്യന്തം തടവ്; ബില്ലിന് അംഗീകാരം

ചണ്ഡീഗഢ്: സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബില്ലിന് അംഗീകാരം നൽകി പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കതാരിയ. 'ജഗത് ജ്യോത് ശ്രീ ഗുരുഗ്രന്ഥ സാഹിബ് സത്കർ (ഭേദഗതി) ബിൽ- 2026' ഗവർണർ ഒപ്പുവെച്ചതോടെ സംസ്ഥാനത്ത് ഇനിമുതൽ നിയമമായി മാറി.ഗുരുഗ്രന്ഥ സാഹിബിനെതിരെയുള്ള ഏത് തരത്തിലുള്ള അവഹേളനവും തടയാനും ആദരവ് നിലനിർത്തുന്നതിനും വിശുദ്ധ ഗ്രന്ഥത്തോടുള്ള മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ തടയാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം. ഭേദഗതി ചെയ്‌ത നിയമപ്രകാരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പത്ത് വർഷം മുതൽ ജീവപര്യന്തം തടവും അഞ്ച് മുതൽ 25 ലക്ഷം വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.
ചരിത്രപരമായ നീക്കമെന്ന് മുഖ്യമന്ത്രി
ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ച വിവരം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആണ് ഔദ്യോഗികമായി അറിയിച്ചത്. ഏപ്രിൽ 13-ന് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബിൽ ഐകകണ്ഠ്യേന പാസാക്കിയത്. നിലിലുള്ള 2008 ലെ നിയമത്തിലാണ് ഭേദഗികൾ വരുത്തുന്നത്. അതുകൊണ്ട് തന്നെ ഈ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം അവശ്യമില്ല."ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിക്കുന്നതിനെതിരെ നിയമസഭ പാസാക്കിയ ബില്ലിൽ ബഹുമാനപ്പെട്ട ഗവർണർ ഒപ്പുവെച്ചു. ഇതൊരു നിയമമായി മാറിയിരിക്കുന്നു. എന്നെപ്പോലൊരു എളിയ മനുഷ്യനെക്കൊണ്ട് ഈ സേവനം ചെയ്യിച്ചതിന് വാഹേഗുരുവിനോട് നന്ദി പറയുന്നു," മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.സംസ്ഥാനത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. ഭാരതീയ ന്യായ സംഹിതിയിലെ 298 മുതൽ 300 വെയുള്ള വകുപ്പുകൾ ഇത്തരം കുറ്റൃത്യങ്ങൾ തടയാൻ പര്യാപ്‌തമല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം മറ്റ് മതഗ്രന്ഥങ്ങളായ ഭഗവത്ഗീത, ഖുർആൻ, ബൈബിൾ എന്നിവക്കും സമാനമായ സംരക്ഷണം നൽകുന്നതിനെ കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഉൾപ്പെടെ എല്ലാവരും ബില്ലിനെ പിന്തുണച്ചു.മുമ്പ് ഇത്തരം സമാനമായ ബില്ലകൾ പഞ്ചാബ് നിയമസഭ പാാക്കിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം ലഭിക്കാതെ അത് മുടങ്ങുകയായിരുന്നു. എന്നാൽ പുതിൽ ബില്ല് 2008 ലെ നിയമത്തിലെ ഭേദഗതിയായതിനാൽ ഇതിന് പെട്ടന്ന് തന്നെ ഗവർണറിൽ നിന്ന് അനുമതി കിട്ടുമെന്ന് സർക്കാർ കരുതിയിരുന്നു.2008-ലെ ജഗത് ജ്യോത് ശ്രീ ഗുരുഗ്രന്ഥ സാഹിബ് സത്കർ ആക്ടിലാണ് ആം ആദ്മി പാർട്ടി സർക്കാർ ഇപ്പോൾ നിർണായക ഭേദഗതികൾ വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന മതഗ്രന്ഥ അവഹേളന കേസുകളിൽ ശക്തമായ നടപടിയെടുക്കാൻ പുതിയ നിയമം സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.