'സ്വത്വം തേടിയുള്ള യാത്രകൾ '

മനുഷ്യന്റെ തൊലിനിറത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന ദിവസങ്ങളിലാണ് കരിക്കോട്ടക്കരിയുടെ ആദ്യവായന നടന്നത്. ഒറ്റവായനയിൽ ഒതുക്കേണ്ട ഒരു നോവലല്ല അതെന്ന് തുടക്കത്തിൽത്തന്നെ മനസ്സിലുറപ്പിക്കേണ്ടിവന്നു. ആദ്യവായനയ്ക്കുശേഷം കരിക്കോട്ടക്കരിയുടെ രചയിതാവായ വിനോയ് മാഷുമായി അൽപനേരം സംസാരിക്കാൻ സാധിച്ചു എന്നതും വിശദമായ രണ്ടാം വായനയ്ക്ക് പ്രചോദനമായി.
ജനിച്ച സ്ഥലവും ആചാരങ്ങളും ഭാഷയും ആരാധനാമൂർത്തിയുമൊക്കെ അന്യമാകുമ്പോൾ, അല്ലെങ്കിൽ അവയിൽ ചിലതെങ്കിലും ഒരു ജനതയിൽനിന്നും വലിച്ചെടുത്ത് ദൂരെക്കളയുമ്പോൾ അവരുടെ സ്വത്വം നഷ്ടപ്പെടുന്നു. കേവലം ഒരു നൂറ്റാണ്ടുകൊണ്ട്, ഒരു ഗോത്രസമൂഹവും അവരുടെ ഭാഷയും സംസ്കാരവും ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുന്ന കഥപറയുന്ന നോവലാണ് "The Last of the Departed". അബ്ഖാസ്യൻ സാഹിത്യകാരനായ ബഗ്രത് ഷിൻകുബയാണ് ഈ നോവലിന്റെ രചയിതാവ്. ഈ നോവലിന്റെ പരിഭാഷ 'അകന്നുപോയവരിൽ അവശേഷിച്ചവൻ' എന്നപേരിൽ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അകന്നുപോയവരിൽ അവശേഷിച്ചവൻ' എന്ന നോവൽ വായനയ്ക്കുശേഷം അധികം വൈകാതെ വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്റെ കൈകളിലെത്തിയത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു.

വിനോയ് തോമസ്
ഉബൈഖികളുടെ സ്വത്വം നഷ്ടപ്പെട്ട കഥ സൗർകാൻ സോളകിലൂടെ ബഗ്രത് ഷിൻകുബ പറയുമ്പോൾ, ഇറാനിമോസിലൂടെയും ബിന്ദുവിലൂടെയും, സ്വത്വം തേടുകയും അതിലേക്ക് തിരിച്ചുപോക്ക് നടത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ കഥയാണ് വിനോയ് തോമസ് കരിക്കോട്ടക്കരിയിലൂടെ വിഭാവനം ചെയ്യുന്നത്. അത് അതിജീവനവും സ്വത്വവും തമ്മിലുള്ള സംഘർഷത്തിന്റെ നേരെഴുത്താണ്. അതിൽ കേരളചരിത്രത്തിന്റെ സത്തയുണ്ട്. സംഘകാലം മുതൽ ഇന്നുവരെ കേരളം അഭിമുഖീകരിച്ച രാഷ്ട്രീയത്തിന്റെ മേമ്പൊടികളുണ്ട്. മനുഷ്യനെന്ന പരിഗണന ഇല്ലാതിരുന്ന, ചാതുർവർണ്യത്തിൽപ്പോലും ഉൾപ്പെടുത്താത്ത ഒരു വിഭാഗത്തിന്റെ അതിജീവനത്തിന്റെ കഥയുമുണ്ട്.
തെക്ക് മണ്ണാർക്കാട് മുതൽ വടക്ക് സുള്ള്യ വരെയുള്ള മലനാട്ടിലേക്ക് തെക്കൻ കേരളത്തിലെ ചില വിഭാഗങ്ങളിൽനിന്ന് സംഭവിച്ച കുടിയേറ്റവും, ആ ജനതയുടെ ജീവിതവുമാണ് കരിക്കോട്ടക്കരിയിലെ പ്രതിപാദ്യമെന്ന് സാമാന്യമായി പറയാം. വർക്കിയവിരായുടെ മക്കളായ പാപ്പച്ചൻ, കൊച്ച്, കുഞ്ചെറിയ എന്നിവരാണ് മലബാറിൽ അധികാരത്തിൽ കുടുംബത്തിന് വിവിധ താവളങ്ങൾ കണ്ടെത്തിയതെന്ന് നോവലിന്റെ തുടക്കത്തിൽ പറയുന്നു. ഇന്നത്തെ കണ്ണൂർ-കാസർഗോഡ് ജില്ലകളുടെ മലയോരങ്ങൾ "കാടിളക്കി പണിയരേയും കരിമ്പാലരേയും പന്നികളേയും മറ്റ് കാട്ടുമൃഗങ്ങളേയും ഓടിച്ച്" കീഴടക്കിയ കുഞ്ചെറിയായുടെ താവഴിയിലൂടെയാണ് നോവൽ മുൻപോട്ട് കുതിക്കുന്നത്. വെളുത്തവരും സുമുഖരും മാത്രമുള്ള അധികാരത്തിൽ കുടുംബത്തിൽ ഒരു കറുത്ത കുട്ടി ജനിക്കുന്നതോടെ കാരണവന്മാരുടെ മനസ്സിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. കാഞ്ഞങ്ങാട് ജോസ്ഗിരി ഹോസ്പ്പിറ്റലിലേക്ക് കൊച്ചുമകനെ കാണാൻവന്ന കുഞ്ഞേപ്പിന്റെ രംഗപ്രവേശവും, ശേഷമുള്ള മനോവികാരവും നോവലിസ്റ്റ് വർണിക്കുന്നത് ഇങ്ങനെയാണ്:
"ഈറ്റുമുറിയുടെ വാതിൽ തുറന്ന് കുഞ്ഞേപ്പ് ആദ്യം നോക്കിയത് കൊച്ചിന്റെ കുഞ്ഞിക്കാലുകൾക്കിടയിലാണ്. ആണുതന്നെ. റബ്ബർക്കുരുപോലെ വരയുള്ള കറുത്ത വൃഷണങ്ങൾ. വൃഷണങ്ങളിൽനിന്ന് ശരീരഭാഗങ്ങളിലേക്ക് നോക്കുംതോറും കുഞ്ഞേപ്പ് തളർന്നുതളർന്നുപോയി. വൃഷണങ്ങളിലെ കറുപ്പ് അവസാനിക്കുന്നില്ല. മറ്റുഭാഗങ്ങളിലേക്ക് അതിന്റെ കട്ടി കൂടിക്കൂടി വന്നു. അധികാരത്തിൽ കുടുംബത്തിൽ ഇതുവരെ ഉണ്ടാകാത്തവിധം ഒരു കറുമ്പനാണ് ആ കിടക്കുന്നതെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോൾ വീഴാതിരിക്കാൻ കുഞ്ഞേപ്പ് കട്ടിലിന്റെ ക്രാസിയിൽ പിടിച്ചു. റോസമ്മയുടെ നേരേ മാത്രം ഒന്നുനോക്കി. പിന്നെ ഒന്നും പറയാതെ തിരിച്ചുനടന്നു." ആ കറുത്ത കുഞ്ഞായിരുന്നു പിന്നീട് കരിക്കോട്ടക്കരിയുടെ ചരിത്രമെഴുതാൻ നിയോഗമുണ്ടായ ഇറാനിമോസ് ഫിലിപ്പോസ്. കുടിയേറ്റത്തിന്റേയും അധികാരത്തിന്റേയും പ്രതീകമായ റബ്ബർ എന്ന ബിംബത്തെ വായനക്കാരന്റെ മനസ്സിലേക്ക് കുടഞ്ഞിടാനും കുഞ്ഞേപ്പിന്റെ കണ്ണുകളിലൂടെ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
അധികാരത്തിൽ കുടുംബം മലബാറിലെ മലകളിൽ അധികാരം സ്ഥാപിക്കുന്ന കാലത്തുതന്നെയാണ്, കുഞ്ചെറിയാ വെട്ടിപ്പിടിച്ച മാലോത്തിനരികെ കറുത്ത വെട്ടുകല്ലുപാറകൾ നിറഞ്ഞ കരിക്കോട്ടക്കരിയിലും ഒരു കുടിയേറ്റം സംഭവിക്കുന്നത്. നിക്കോളച്ചന്റെ പിന്നാലെ കരിക്കോട്ടക്കരിയിലെ തരിശുഭൂമിയിലെത്തിയത്, തങ്ങൾ ജനിച്ച നാട്ടിലെ പൊതുവഴിയിൽപ്പോലും നടക്കാൻ അനുവാദമില്ലാതിരുന്ന, മനുഷ്യരായിപ്പോലും പരിഗണിക്കപ്പെടാത്ത ഒരു വിഭാഗമായിരുന്നു എന്ന വ്യത്യാസം മാത്രം! അവർക്ക് അച്ചൻ വെന്തിങ്ങ കഴുത്തിലിട്ടു കൊടുത്തിട്ടുണ്ടായിരുന്നു. "പട്ടിക്കും പൂച്ചയ്ക്കും ക്രിസ്ത്യാനിക്കും ഏതു വഴിക്കും നടക്കാം" തലയിൽ വെള്ളംതളിച്ച് ജ്ഞാനസ്നാനം ചെയ്യുമ്പോൾ അച്ചൻ അവരോട് പറഞ്ഞു. ഒരു വംശത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ അടിമത്തത്തിലായിപ്പോയ ഒരു ജനതയെ കരിക്കോട്ടക്കരി എന്ന കാനാൻ ദേശത്തേക്ക് നയിച്ച മോശയായിരുന്നു നിക്കോളച്ചനെന്ന് അവരിൽ ഭൂരിഭാഗവും വിശ്വസിച്ചു.
അതിജീവനത്തിനായി, സാംസ്കാരിക അധിനിവേശത്തോടുള്ള പൊരുത്തപ്പെടൽ കരിക്കോട്ടക്കരിയുടെ ആദ്യദൃശ്യത്തിൻതന്നെ ഇറാനിമോസിന്റെ കണ്ണുകളിലൂടെ നോവലിസ്റ്റ് കാണിച്ചുതരുന്നുണ്ട്. "സഫാരി സ്യൂട്ടണിഞ്ഞ് ഒരാൾ ചേനയ്ക്ക് തടമെടുക്കുന്നു. ഓലത്തടികൊണ്ടുമറച്ച ചായക്കടയുടെ മുൻപിൽ വിലകൂടിയ കോട്ടിട്ട്, കൈലിമുണ്ടുടുത്ത ഒരു വൃദ്ധൻ മുറുക്കി ചുവപ്പിച്ചിരിക്കുന്നു. മിക്കവരും പാകമല്ലാത്ത പാന്റ്സ് ധരിച്ചാണ് നടക്കുന്നത്. ഏതോ ഒരു വിദേശ ഗ്രാമത്തിലെ ആളുകളെപ്പോലെ പല നിറത്തിലുള്ള കോട്ടുകളും ഗൗണുകളുമിട്ട് കരിക്കോട്ടക്കരിക്കാർ ജീവിച്ചു."
അതുവരെ പിന്തുടർന്ന പരമ്പരാഗത വസ്ത്രധാരണത്തിൽനിന്നും അധിനിവേശത്തിന്റെ ഉടുപ്പുകളിലേക്ക് മാറിയതുപോലെതന്നെ ഭക്ഷണരീതിയിലും അവർ വേറിട്ടവരായി. അവർക്ക് വിശന്നപ്പോൾ അമേരിക്കയിൽനിന്ന് കൊണ്ടുവന്ന ചോളപ്പൊടിയും നുറുക്കുഗോതമ്പും പാൽപ്പൊടിയും സോയാബീനെണ്ണയും മീൻപൊടിയും കിട്ടി. അവർ രാവിലെ പാൽപ്പൊടിയിട്ട ചായ കുടിച്ചു. ചോളപ്പൊടി സോയാബീനെണ്ണയിലിട്ട് ഉണ്ടാക്കിയ ഉപ്പുമാവ് പ്രാതലാക്കി. ഉച്ചയ്ക്ക് ഗോതമ്പുകഞ്ഞിയും മീൻപൊടിച്ചമ്മന്തിയും കഴിച്ചു. വൈകുന്നേരം ചോളപ്പൊടികൊണ്ട് ഉണ്ട പുഴുങ്ങിത്തിന്ന് കിടന്നുറങ്ങി. വെന്തിങ്ങ കഴുത്തിലിട്ടവർക്ക് മാത്രമാണ് ഇതെല്ലാം കിട്ടിയത്. അത് നിക്കോളച്ചന്റെ കുറ്റമായിരുന്നില്ല, ജ്ഞാനസ്നാനം ചെയ്ത തലകളെണ്ണി മാത്രമാണ് ഈ വിഭവങ്ങൾ വിദേശങ്ങളിൽനിന്ന് വന്നിരുന്നത്. വെന്തിങ്ങ കഴുത്തിലിട്ടാലും തങ്ങളുടെ സ്വത്വമായ വംശവും നിറവും മാഞ്ഞുപോകുന്നില്ലെന്നും, മാറ്റിനിർത്തപ്പെട്ട വിഭാഗമായി തുടരുമെന്ന കാര്യവും നോവലിലുടനീളം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന് ഒഴിച്ചുനിർത്താൻ പറ്റാത്തതാണ് ജനതയുടെ വിദ്യാഭ്യാസം. സ്കൂളുകളുടേയും കോളേജുകളുടേയും എണ്ണത്തിലുള്ള ധാരാളിത്തം, മൂല്യമുള്ള വിദ്യാഭ്യാസം കൊണ്ടുവരില്ലെന്ന യാഥാർഥ്യം അദ്ധ്യാപകൻകൂടിയായ നോവലിസ്റ്റ് പറയുന്നുണ്ട്. കരിക്കോട്ടക്കരിക്കാരനായ സെബാൻ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യണമെന്ന ആഗ്രഹത്തിലാണ് ബിരുദപഠനത്തിന് ഇംഗ്ലീഷ് തിരഞ്ഞെടുക്കുന്നത്. എന്നാൽ സെബാന്റെ അനുഭവം ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തുറന്നുകാട്ടുന്നു. നോവലിൽ അതിനെ ഇങ്ങനെ വായിക്കാം: "സെബാൻ കരുതിയതുപോലെ കോളേജിൽ ഇംഗ്ലീഷ് ഉച്ചാരണം പഠിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ആംഗലേയ സാഹിത്യതടാകങ്ങളിൽ ചെറിയ ഓളങ്ങൾപോലുമുണ്ടാക്കാതെ ഒരുവിധം തുഴഞ്ഞ് അക്കരെ കടക്കുകയാണ് അദ്ധ്യാപകർ ചെയ്തത്. മലയാളത്തിൽ ചിന്തിച്ച ഇംഗ്ലീഷ് ബി.എക്കാർ ആൻഷ്യന്റ് മാരിനർ മഞ്ജരി വൃത്തത്തിൽ പാടാൻ ശ്രമിച്ചു. മാർക്ക് ആന്റണിയുടെ ഉജ്ജ്വല ഭാഷണത്തെ കലയത്തുംകുഴിയച്ഛൻ പള്ളിപ്രസംഗമാക്കിയാണ് അവതരിപ്പിക്കാറുള്ളത്. കലയത്തുംകുഴിയുടെ കണ്ണുകളിലൂടെ ഷേക്സ്പിയറെ കണ്ട സെബാൻ പറഞ്ഞു: 'ഷേക്സ്പിയറേക്കാൾ എത്രയോ നല്ല എഴുത്തുകാരനാണ് രാജൻ ചിന്നങ്ങത്ത്.' " ഏതൊരു വിദ്യയും പ്രായോഗികതലത്തിൽ പഠിക്കണമെങ്കിൽ നമ്മുടെ പാഠ്യപദ്ധതികളും നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് നോവൽ പറയാതെ പറയുന്നു.
ഇറാനിമോസിലൂടെയാണ് കരിക്കോട്ടക്കരി മുന്നോട്ടുപോകുന്നതെങ്കിലും, ഈ നോവലിലെ ശക്തരായ പുരുഷകഥാപാത്രങ്ങൾ നിക്കോളച്ചനും ചാഞ്ചൻ വല്യച്ഛനുമാണ്. രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് അച്ചനും വല്യച്ഛനും. ആത്യന്തികമായി രണ്ടുപേരും ഒരു സമൂഹത്തിന്റെ അതിജീവനത്തിനായി അധ്വാനിച്ചെങ്കിലും അവരുടെ വഴികൾ വിരുദ്ധ ദിശകളിലുള്ളതായിരുന്നു. ചേരന്റെ സ്വത്വത്തിൽ അടിയുറച്ചു വിശ്വസിച്ച ചാഞ്ചനും, അടിമത്തത്തിൽനിന്ന് ഒരു വംശത്തെ ഉയർത്തെഴുന്നേൽപ്പിക്കാൻ ജ്ഞാനസ്നാനത്തെ കൂട്ടുപിടിച്ച നിക്കോളച്ചനും തങ്ങളുടെ വഴികളിൽ ശരിയായിരുന്നു. നിക്കോളച്ചൻ ഇറാനിമോസിനോട് പറയുന്നുണ്ട്: "ആ പോകുന്ന ചാഞ്ചനും ഞാനും ഒന്നുതന്നെയാണ്. അവനവന്റെ ദൈവസങ്കല്പങ്ങളെ വ്യത്യസ്ത വഴികളിലൂടെ അന്വേഷിക്കുന്നവർ. ആരുടെ വഴിയാണ് ശരി എന്നാലോചിച്ച് ഉത്കണ്ഠപ്പെടേണ്ട. കണ്ണീരണിഞ്ഞവനെ ആശ്വസിപ്പിക്കലാണ് ശരി എന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റൊരാൾക്ക് അത് തെറ്റാവാം. ശരിതെറ്റുകൾ ഇന്നതൊക്കെയാണെന്ന് നിർവ്വചിക്കാൻ സഹസ്രാബ്ദങ്ങളിലെ മനുഷ്യജീവിതംകൊണ്ട് നമുക്ക് സാധിച്ചിട്ടില്ല. ഇനിയൊട്ട് സാധിക്കുകയുമില്ല." ശരിയും തെറ്റും അല്ലെങ്കിലും ആപേക്ഷികമാണല്ലോ!
രാമനും ക്രിസ്തുവുമല്ല ചേരന്റെ ദൈവമെന്ന് ചാഞ്ചൻ ഉറപ്പിച്ചു പറയുന്നു. അയൽവക്കങ്ങളിലെ സന്ധ്യാനേരത്തെ നിലവിളക്കു കത്തിക്കലും രാമനാമം ജപവും അയാളെ ചൊടിപ്പിക്കുന്നുണ്ട്. "ചേരമനെവിടാടീ പൊലയടിച്ചികളേ നിലവിളക്ക്? രാമരാമരാമ.... ആരാടീ അവൻ? ചേരമരുടെ കാർന്നോന്മാരുടെ പേര് ആതനെന്നും ആയീന്നും അതീന്നുമൊക്കെയാ. വിളിക്കുകയാണെങ്കി അവരെ വിളിക്കെടീ."
വെന്തിങ്ങ കഴുത്തിലിട്ട തന്റെ വംശക്കാർ അച്ചന്മാർ പറഞ്ഞതുകേട്ട് പാമ്പിൻകാവുകൾ വെട്ടിത്തെളിച്ചതും, കാവൽ മരങ്ങൾ മുറിച്ചുകളഞ്ഞതും, കാരണവക്കല്ലുകൾ കായലിലെറിഞ്ഞതും ചാഞ്ചനെ വിഷമിപ്പിച്ചു. "അവന്റെ നാട്ടിലെ ദൈവത്തെ അവൻ മരണംവരെ മുറുക്കിപ്പിടിച്ചു. നമ്മടെ നാട്ടിലെ ദൈവത്തെ മുറുക്കിപ്പിടിക്കേണ്ടത് നമ്മളല്ലാരുന്നോ." ഇങ്ങനെ പരിതപിക്കുന്ന ചാഞ്ചൻ നിക്കോളച്ചൻ കഴുത്തിലണിയിച്ച വെന്തിങ്ങ അച്ചന്റെ കാൽക്കലെറിഞ്ഞിട്ടാണ് ഓടുന്നത്. തനിക്ക് വേറെ അച്ഛനുള്ളതിനാൽ നിക്കോളാസിനെ അച്ചനെന്ന് വിളിക്കാനും അയാൾ തയ്യാറായിരുന്നില്ല. ”എന്റെ മക്കളെയവൻ പരദേശി ദൈവത്തിന്റെ മുന്നിൽ മുട്ടുകുത്തിച്ചു. എന്റെ കാരണവന്മാരെ കുരിശു വച്ച പെട്ടിയിലടച്ചു. എന്റെ കുലം മുടിച്ചു.” തന്റെ വംശത്തിന്റെ സ്വത്വം നിക്കോളച്ചൻ തകർത്തെന്നായിരുന്നു ചാഞ്ചന്റെ അഭിപ്രായം.
ചാഞ്ചന്റെ അതിജീവനത്തിനായുള്ള ഓട്ടത്തിനിടയ്ക്ക് സഹോദരൻ അയ്യപ്പനെ കാണുന്നതായും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. ആദിചേരന്റെ സ്വത്വം മുറുകെപ്പിടിച്ച അയ്യങ്കാളിയെ ചാഞ്ചൻ സ്മരിക്കുന്നതും ശ്രദ്ധേയമാണ്: “അയ്യങ്കാളി വില്ലുവണ്ടി കേറി നടന്നു. അടിമയായിട്ടല്ല. രാജാവായിട്ട്. അവന് നമ്മുടെ ചരിത്രമറിയാരുന്ന്. രാജ്യം ഭരിച്ച രാജാക്കന്മാരാ നമ്മളെന്ന് അവനറിയാരുന്ന്.”
അകന്നുപോയവരിൽ അവശേഷിച്ചവൻ എന്ന നോവലിൽ വിഗ്രഹ ആരാധന നിഷിദ്ധമായ മതത്തിലേക്ക് മാറിയ ഉബൈഖികൾ തങ്ങളുടെ ആരാധനാമൂർത്തിയായ ബിത്ഖയെ കൂടെക്കൂട്ടുന്നതുപോലെ, നിക്കോളച്ചൻ ജ്ഞാനസ്നാനം നടത്തിയ പുലയരിൽ ചിലരെങ്കിലും തങ്ങളുടെ കാരണവന്മാർ കുടികൊള്ളുന്ന ഉരുണ്ട കരിങ്കല്ലുകളെ ഉപേക്ഷിക്കുന്നില്ല. അവർ അതിന് കരിങ്കോഴിയുടെ ചോരകൊണ്ട് കുരുതി കൊടുക്കുകയും ചെയ്യുന്നു. വ്യാജമായി ഉണ്ടാക്കിയെടുക്കുന്ന സ്വത്വത്തിന് മുകളിൽ യാഥാർഥ്യമായത് കരിമേഘംപോലെ പടർന്നുവരുമെന്നത് ചരിത്രസത്യമാണ്.
കരിക്കോട്ടക്കരി ശക്തരായ പെൺകഥാപാത്രങ്ങളെക്കൊണ്ടും സമ്പന്നമാണ്. ഒരാധിപത്യത്തിനും കീഴടങ്ങില്ലെന്ന് തന്റേടത്തോടെ പറയുന്ന രാത്രിയോളം കറുപ്പുള്ള കണ്ണമ്മയാണ് ഒരാൾ. സവർണ ചരിത്രമെഴുത്തുകാരുടെ പേനത്തുമ്പിൽ മിഴിതുറക്കാത്ത പുലയനാർ മണിയമ്മയുടെ പ്രതീകമാണ് കരിക്കോട്ടക്കരി നോവലിലെ കണ്ണമ്മ. മണിയമ്മയോ; കോതറാണി, കണ്ണമാല, ചിത്തിരറാണി, ആതിരറാണി തുടങ്ങിയ ധീര പുലയവനിതകളുടെ പ്രതീകവും. കണ്ണമ്മ ഒറ്റനോട്ടത്തിൽ ഒരു ഗ്രാമവേശ്യയെന്ന് തോന്നുമെങ്കിലും ആർജ്ജവമുള്ള പെൺശബ്ദമാണെന്ന് വായനയിൽ വെളിപ്പെടുന്നു. സ്വന്തം ശരീരസ്വാതന്ത്ര്യം കൊണ്ട് തന്റെ വംശത്തിന്റെ അടിമത്തത്തിന്റെ അടയാളങ്ങളെ മായിച്ചു കളയുകയാണ് കണ്ണമ്മ. മോക്ഷവും ദൈവവും ആണ് ശരീരം. ദൈവം തന്റെ ശരീരമാണെന്നായിരുന്നു കണ്ണമ്മയുടെ തത്വശാസ്ത്രം. ശരീരമാകുന്ന ദൈവത്തെ ദുഖിപ്പിക്കുന്നത് ഏറ്റവും വലിയ പാപമാണെന്ന് കണ്ണമ്മ വിശ്വസിച്ചു. ഉള്ളില് അടക്കിവയ്ക്കുന്ന വികാരം മനസിനേയും ശരീരത്തേയും വിഷമിപ്പിക്കുന്നത് പാപമാകയാൽ അവർ ഭർതൃഗൃഹം ഉപേക്ഷിച്ച് സ്വാതന്ത്ര്യത്തിലേക്ക് തിരിച്ചുവരുന്നു. ഇത്തരം സ്ത്രീസ്വാതന്ത്യ്രവാദത്തെ കപടസദാചാരമുഖം ധരിച്ച സമൂഹം ബഹിഷ്കരിക്കുകയും ചെയ്യുന്നു.
കീഴാള സ്ത്രീത്വത്തിന്റെ ആർജ്ജവവും ഊർജ്ജവുമാണു ബിന്ദുവിലും മുഴങ്ങുന്നതെങ്കിലും അത് മറ്റൊരു രീതിയിലാണ് പ്രത്യക്ഷമാകുന്നത്. "ഇറ്റു ചേട്ടായിക്കറിയ്യോ ഈ കരിക്കോട്ടക്കരിലെ എല്ലാ മനുഷ്യജീവികളും ആഗ്രഹിക്കുന്നത് പുലയരാകാനാ. നിവൃത്തികേടുകൊണ്ടാ, നിവൃത്തികേടു കൊണ്ടു മാത്രമാ.. എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും, ഞാനീ പള്ളീടെ കീഴിൽ പണിയെടുക്കുന്നതും. ഒരു ക്രിസ്ത്യാനിയെ കെട്ടി പുതുക്രിസ്ത്യാനി എന്ന ലേബലിൽ ഇവിടെ ജീവിക്കാൻ എനിക്കിഷ്ടമില്ല. എന്റെ മക്കളെയെങ്കിലും എനിക്കു പുലയരായി വളർത്തണം. ആരുടെയും ഒന്നിന്റെയും അടിമയല്ലാത്ത പുലയര്." വിവാഹ അഭ്യർത്ഥന നടത്തിയ ഇറാനിമോസിനോടുള്ള ബിന്ദുവിന്റെ പ്രതികരണം ഇത് വ്യക്തമാക്കുന്നു. ശരീര സ്വാതന്ത്ര്യത്തിനായി സഭാവസ്ത്രമൂരുന്ന എമിലിയും കരിക്കോട്ടക്കരിയിലെ മറക്കാനാവാത്ത കഥാപാത്രമാണ്.
വിവരണത്തിന്റെ ധാരാളിത്തം വിനോയ് തോമസിന്റെ കൈയൊപ്പാണെന്ന് അദ്ദേഹത്തിന്റെ എഴുത്തുകൾ തെളിയിക്കുന്നു. കാട്ടുപന്നിയെ വേട്ടയാടലും, വെടിയേറ്റ പന്നിയെ മാംസമാക്കി ഭക്ഷണമൊരുക്കുന്നതും, ഇൻട്രിയപ്പം നിർമ്മാണവും, കശുമാങ്ങ വാറ്റുന്നതുമെല്ലാം ഈ ധാരാളിത്തത്തിന്റെ ഉദാഹരണങ്ങളായി കരിക്കോട്ടക്കരിയിൽ വായനക്കാരന് അനുഭവിക്കാം.
മതം മാറ്റത്തിലൂടെ വംശവും ജാതിയും നേരിടുന്ന അരികുവൽക്കരണം മറികടക്കാനാകില്ലെന്ന് കരിക്കോട്ടക്കരി സമർത്ഥിക്കുന്നു. അത് സത്യംതന്നെയെന്നതിന് നമ്മുടെ നാട്ടിൽ സമീപകാലങ്ങളിലുണ്ടായ ചില ദുരഭിമാന കൊലകൾ ഉദാഹരണമാണ്, അവ ഒറ്റപ്പെട്ട സംഭവങ്ങൾ ആണെങ്കിൽപ്പോലും. നവോത്ഥാനത്തിലൂടെ സമത്വവും, സമ്പൂർണ്ണ വിദ്യാഭ്യാസവും ഉണ്ടെന്ന് അഹങ്കരിക്കുന്ന നാം ഉള്ളിന്റെയുള്ളിൽ ജാതിയുടെ അതിർവരമ്പുകൾ മായ്ച്ചുകളയാൻ തയ്യാറായിട്ടുണ്ടോ എന്ന ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഉറപ്പിച്ച് പറയാം. കരിക്കോട്ടക്കരിയിലുടനീളം കറുത്തവന്റെ പ്രതീകമായി പന്നി പലപ്പോഴും കടന്നുവരുന്നുണ്ട്. കരിക്കോട്ടക്കരിയിലേക്ക് കുടിയേറിയവർക്ക് നിക്കോളച്ചൻ കൊടുത്തത് അവർ അന്നുവരെ ഭക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്തിട്ടില്ലാത്ത പന്നിക്കുട്ടികളെയായിരുന്നു. അധികാരത്തിൽ കുടുംബത്തിലെ മേലാളന്മാർ വേട്ടയാടിയിരുന്നതും, കുടുംബയോഗങ്ങളിൽ വിളമ്പിയിരുന്നതും കാട്ടുപന്നിയുടെ ഇറച്ചിയായിരുന്നു. നിക്കോളച്ചന്റെ മരണശേഷം പുതിയ അച്ഛൻ പന്നികളെ തുറന്ന് ആട്ടിവിട്ടപ്പോൾ, അനാഥരായ കരിക്കോട്ടക്കരിയിലെ നിവാസികളെപ്പോലെ അവയും ലക്ഷ്യമില്ലാതെ പലായനംചെയ്തു.
ഒരു വംശത്തിന്റെ സ്വത്വം എന്താണെന്ന് തീരുമാനിക്കുന്നത് ആരെന്ന ചോദ്യം സ്വാഭാവികമായും ഉയരാം. സ്വത്വം കണ്ടെത്താനായി എത്രകാലം പിന്നോട്ടുപോയി ചരിത്രം ചികഞ്ഞ് പരിശോധിക്കേണ്ടിവരും? സ്വത്വത്തെക്കുറിച്ച് അത്ര ചിന്തകളൊന്നും വേണ്ടെന്നും അതിത്തിരി കാശുമുടക്കി ചരിത്രകാരനെ വിലക്കെടുത്താൽ നമുക്ക് ആവശ്യമുള്ളതുപോലെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂവെന്നും കരിക്കോട്ടക്കരി കാണിച്ചുതരുന്നു. അധികാരത്തിൽ കുടുംബത്തിന്റെ ചരിത്രമെഴുതിയ എം. പി. പത്മനാഭപ്പണിക്കരെപ്പോലെയുള്ളവർ ഉള്ളതുകൊണ്ടാണല്ലോ പുതിയ ചരിത്രമെഴുത്തുകൾ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നത്!ഒരു സമൂഹത്തിന്റെ കഥയും അതോടൊപ്പം ഒരളവുവരെ കേരളത്തിന്റെ ചരിത്രവും നോവലിൽ സമന്വയിപ്പിക്കാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. തികച്ചും രാഷ്ട്രീയമായ ഒരു നോവലാണ് കരിക്കോട്ടക്കരി, സമൂഹത്തിന്റെ വിചാരധാരകളെ അത് തൊട്ടുഴിയുന്നുണ്ട്. ഉപരിപ്ലവമായ ചില രാഷ്ട്രീയ പരാമർശങ്ങളുള്ള നോവലുകളെ ഗംഭീരമായി വിചിന്തനം നടത്തി അവയ്ക്ക് അർഹതയില്ലാത്ത കച്ചവടമൊരുക്കിയ മലയാളി സമൂഹം, കരിക്കോട്ടക്കരിയെ അത് അർഹിക്കുന്ന വിധത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്. ഒരുപക്ഷേ കക്ഷിരാഷ്ട്രീയ പുറംചൊറിയലുകൾ നോവലിൽ കടന്നുവരാത്തതാകാം അതിന് കാരണം. അതല്ലെങ്കിൽ നോവലിലെ വിഷയങ്ങൾ സത്യമെങ്കിലും, സ്വാധീനശേഷിയുള്ള വലിയ ഒരു വിഭാഗത്തിന് രുചിക്കാത്തതുമായിരിക്കാം. കരിക്കോട്ടക്കരിയുടെ വായനയ്ക്കിടയ്ക്ക് തീർച്ചയായും പരാമർശിക്കപ്പെടേണ്ട ഒരു പുസ്തകമാണ് കുറ്റിക്കാട്ട് പുരുഷോത്തമ ചോൻ (കെ. പി. ചോൻ) എഴുതിയ "നായരുടെ ആദിമാതാവ് പുലയി, ചെറുമി ഈഴവരുടേയും" എന്ന പുസ്തകം. ഈ പുസ്തകം കണ്ടിട്ടുള്ള മലയാള വായനക്കാർ വിരളമായിരിക്കുമെന്ന് ഉറപ്പിച്ചുപറയാം. അരികുവൽക്കരിക്കപ്പെട്ട ജനതയും, അവരെ പരാമർശിക്കുന്ന എഴുത്തുകളും അരികുകളിൽത്തന്നെ എരിഞ്ഞടങ്ങടങ്ങുന്ന അനീതിക്കുമുൻപിൽ നിർവികാരതയോടെ നിൽക്കുക എന്നതുമാത്രമായിരിക്കാം കുറച്ചുകാലംകൂടി ഒരു സാധാരണ വായനക്കാരന്റെ വിധി.
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് നെല്ലിക്കാംപൊയിൽ സ്വദേശിയാണ് വിനോയ് തോമസ് മാഷ്. ഇരിട്ടിയിൽനിന്ന് ഏതാണ്ട് പതിനാല് കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ യഥാർത്ഥ കരിക്കോട്ടക്കരിയിലെത്താം. കുരുമുളകുവള്ളികളും റബ്ബറും കശുമാവും തിങ്ങിനിറഞ്ഞിരിക്കുന്ന ഈ കരിക്കോട്ടക്കരിതന്നെയാകാം മാഷിനെ ആദ്യനോവലെഴുതാൻ ഭ്രമിപ്പിച്ചത്. കരിക്കോട്ടക്കരിയിൽനിന്നും വീണ്ടും കിഴക്കോട്ട് കാടും മേടും താണ്ടി മുന്നോട്ട് പോയാൽ സൂചിമുഖി വെള്ളച്ചാട്ടവും കഴിഞ്ഞ് കർണാടകത്തിലെ കാടുകളാണ്. ഭാഷാഭേദമില്ലാത്ത കാട്ടുപന്നികൾ കാടും മലയും അങ്ങോട്ടുമിങ്ങോട്ടും കടന്ന് മനുഷ്യൻ വരച്ച അതിരുകളെ മായ്ച്ചുകൊണ്ടേയിരിക്കുന്നു.
കുന്നോത്ത് സെൻറ് ജോസഫ് സ്കൂളിലും കോഴിക്കോട് സർവ്വകലാശാലയിലും പഠിച്ച വിനോയ് തോമസ് ഉളിക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപകനായി ജോലിചെയ്യുന്നു. മാതൃഭൂമിയിലെ ബാലപംക്തിയിലാണ് അദ്ദേഹം എഴുതിത്തുടങ്ങുന്നത്. പിന്നീട് കുട്ടികൾക്കായുള്ള നാടകരചനയിലും, അവരെക്കൊണ്ട് അത് അവതരിപ്പിക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. 2014-ൽ ഡി.സി. കിഴക്കേമുറി ജന്മശതാബ്ദി നോവൽ മത്സരത്തിന്റെ പരസ്യമാണ് വിനോയ് തോമസിന് തന്റെ ആദ്യനോവലായ കരിക്കോട്ടക്കരി എഴുതാൻ പ്രചോദനമായത്. കേവലം ഒരു മാസമെടുത്താണ് അദ്ദേഹം ആ എഴുത്ത് സാക്ഷാത്കരിച്ചതത്രെ! മത്സരത്തിൽ അത് തിരഞ്ഞെടുക്കപ്പെടുകയും ഡി.സി. ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രൊ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, സഖാവ് വർഗീസ് സ്മാരക പുരസ്കാരം തുടങ്ങിയവ കരിക്കോട്ടക്കരിക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്. വിനോയ് തോമസിന്റെ ആദ്യകഥയായ "മൂർഖൻപറമ്പ്" മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മഷിപുരളുന്നത് 2015-ൽ ആണ്. അദ്ദേഹത്തിന്റെ 'രാമച്ചി'ക്ക് 2019-ലെ കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും, 'പുറ്റി'ന് 2023-ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പുറ്റിന്റെ ഇംഗ്ലീഷ് പരിഭാഷയായ Ant Hill പ്രസിദ്ധീകരിച്ചിരിക്കുന്നത് Penguin Books ആണ്. അദ്ദേഹത്തിന്റെ ബാലസാഹിത്യമായ "ആനത്തം പിരിയത്തം", Elephantam Misophantam എന്നപേരിൽ Eka Books പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിനോയ് തോമസ് 2018-ൽ എഴുതിയ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയെ അവലംബിച്ച് എസ്. ഹരീഷ് തിരക്കഥ രചിച്ച 'ചുരുളി' എന്ന സിനിമ ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തത്. സിനിമ തിരക്കഥകളിൽ സിദ്ധാർഥ് ഭരതനോടൊത്ത് ചതുരവും, അനീഷ് അഞ്ജലിയോടൊത്ത് എഴുതിയ പാൽതു ജാൻവറും സിനിമാ മേഖലയിലും വിനോയ് തോമസിന്റെ സാന്നിധ്യം വെളിപ്പെടുത്തിയവയാണ്.