സിജെപി സമരത്തെ പിന്തുണച്ചു : വിസ്മയ മോഹൻലാലിന് നേരെ വ്യാപക സൈബർ ആക്രമണം

ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടികളിൽ പ്രതിഷേധമറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന് നേരെ വ്യാപക സൈബർ ആക്രമണം. പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയല്ല പെരുമാറേണ്ടത് എന്ന ചോദ്യവുമായി വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പാണ് കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന അക്കൗണ്ടുകളെ പ്രകോപിപ്പിച്ചത്. അഭിനയരംഗത്തേക്ക് കടന്നുവരുന്നതിന് മുൻപ് ഇത്തരം രാഷ്ട്രീയ പ്രസ്താവനകളിൽ ഇടപെടുന്നത് എന്തിനാണെന്നും നിരവധി പേർ ചോദിക്കുന്നു.മോഹൻലാൽ തന്റെ മകളെ രാജ്യദ്രോഹികളെ പിന്തുണയ്ക്കാൻ വിടരുതെന്ന തരത്തിലുള്ള രൂക്ഷമായ പ്രതികരണങ്ങളും ചില സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ നിന്ന് വരുന്നുണ്ട്. എന്നാൽ വിസ്മയക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത്, മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് വിസ്മയക്കെതിരെ ഈ സൈബർ ആക്രമണം.