പ്രശസ്തമായ മാവിലാക്കാവ് അടിയുത്സവം ഇന്ന്

കണ്ണൂർ :കാടാച്ചിറ മാവിലാക്കാവ് ക്ഷേത്രത്തിലെ പ്രശസ്തമായ 'അടിയുത്സവം' ഇന്ന് നടക്കും. വൈകുന്നേരം മൂന്നാംപാലം നിലാഞ്ചിറ വയലിലാണ് 'അടി' അരങ്ങേറുന്നത്. മൂത്ത കൂർവാടിലെയും ഇളയ കൂർവാടിലെയും കൈക്കോളന്മാർ തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുക. ഒരുപിടി അവിലിനുവേണ്ടി ദൈവത്താറീശ്വരൻ്റെ  സാന്നിധ്യത്തിൽ സഹോദരന്മാർ നടത്തിയ തർക്കത്തിന്റെ സ്മരണയാണിത്. വ്യാഴാഴ്ച കച്ചേരിക്കാവ് ക്ഷേത്രത്തിൽ നടന്ന അടിക്കുള്ള പകരംവീട്ടലായാണ് നിലാഞ്ചിറവയലിലെ അടി അറിയപ്പെടുന്നത്. കുന്നോത്തിടത്തിൽ മുടിയും വില്ലാട്ടവും കഴിഞ്ഞാലുടൻ ദൈവത്താറുടെ നടപാഞ്ഞുകയറ്റം നടക്കും. ഇതിന് ശേഷമാണ് കൈക്കോളന്മാർ വയലിലേക്ക് എത്തുന്നത്. കരുത്തരായ വാല്യക്കാരുടെ ചുമലിലേറിയാണ് കൈക്കോളന്മാർ പരസ്പരം ഏറ്റുമുട്ടുക. പ്രശസ്തമായ ഈ അടി ഉത്സവം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും  വിദേശികളുമടക്കം വലിയൊരുജനക്കൂട്ടം  നിലാഞ്ചിറ വയലിൽ ഒത്തുചേരും.