ആർത്തവ അവധി പ്രഖ്യാപനം: "പുതുയുഗത്തിലെ കുട്ടികൾക്ക് ആർത്തവം ഒരു പ്രശ്‌നമല്ല " :മന്ത്രി ബിന്ദു കൃഷ്‌ണ

കൊല്ലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർത്തവ അവധിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ. പെൺകുട്ടികളുടെ ശാരീരിക ബുദ്ധിമുട്ട് ഉൾക്കൊണ്ടാണ് സംസ്ഥാന സർക്കാർ ആർത്തവ അവധി പ്രഖ്യാപനം നടത്തിയത്. എന്നാൽ പുതുയുഗത്തിലെ കുട്ടികൾക്ക് ആർത്തവം ഒരു പ്രശ്‌നമല്ലെന്നും വിഷയത്തിൽ വിശദമായ ചർച്ച നടത്തി അഭിപ്രായം രൂപികരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പെൺകുട്ടികളുടെ ക്ഷേമമാണ് നമ്മുടെ ആത്യാന്തികമായ ലക്ഷ്യം. അതുകൊണ്ട് തന്നെ അത് അനുസരിച്ച് മാത്രമേ നിയമങ്ങൾ പ്രാബല്യതിൽ വരികയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി. സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനാണ് യുഡിഎഫ് സർക്കാർ മുൻതൂക്കം നൽകുന്നത്. അതിന് അനുസൃതമായ നിയമങ്ങളും നയങ്ങളും ചട്ടങ്ങളുമാണ് സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നത്. അതിൽ എന്തെങ്കിലും പോരായ്‌മകളുണ്ടെന്ന് തോന്നിയാൽ അത് കൂടി പരിഗണിച്ച് കൊണ്ടായിരിക്കും തീരുമാനങ്ങൾ എടുക്കുക എന്നും മന്ത്രി പറഞ്ഞു.
ആർത്തവം ഒരിക്കലും സ്വകാര്യതയെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങളുടെ കാലത്ത് പോലും ആർത്തവം എന്നത് വലിയ വിഷയമായിരുന്നില്ല. പണ്ട് ആയിരുന്നു ഇതെല്ലാം പ്രശ്‌നം. ഇന്ന് കാലം മാറി. ഇന്നത്തെ ജെൻസി കുട്ടുകൾക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ലെന്നും. നമ്മൾ അതിനെ പറ്റി പറഞ്ഞ് പ്രശ്‌നമാക്കാതിരുന്നാൽ മതിയെന്നും മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞു.
സംസ്ഥാനത്തെ ഇ - ടോയ്‌ലറ്റുകളെല്ലാം സംരക്ഷിക്കാതെ അടച്ചുപൂട്ടി. പൊതു ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും സ്‌കൂളുകൾ സ്ഥാപനങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളെല്ലാം കുറ്റമറ്റ രീതിയിൽ സൂക്ഷിക്കുന്നതിന് കുട്ടികൾക്കും പൊതുജനങ്ങൾക്കും ശുചിത്വ അവബോധം ഉണ്ടാക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ ബിജെപി കൌൺസിലറുമായ ആർ ശ്രീലേഖ രംഗത്തെത്തിയിരുന്നു. എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോയെന്ന സംശയമാണ് ആർ ശ്രീലേഖ ഉന്നയിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. ഐപിഎസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി.
എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്. ഇതാണോ മെൻസ്‌ചുറൽ ഡിഗ്നിറ്റി? നാണക്കേടല്ലേ? ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്‌കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്‌കിൻ വെൻഡിംഗ് മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ?
അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും. ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ലെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.