ദുരഭിമാനക്കൊല: 19കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സഹോദരനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു

ദുരഭിമാനക്കൊല: 19കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സഹോദരനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ  ദുരഭിമാനക്കൊല . ആൺസുഹൃത്തുമായുള്ള പ്രണയബന്ധം തുടർന്നതിൻ്റെ  പേരിൽ പത്തൊൻപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ  സഹോദരനെയും അമ്മയെയും തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു . തൂത്തുക്കുടി സ്വദേശിനിയായ അഭിസെൽവി (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ അമ്മയും   സഹോദരൻ തിരുജ്ഞാനവുമാണ് പോലീസിന്റെ പിടിയിലായത്.അഭിസെൽവി സേലം സ്വദേശിയായ ഹരിപ്രസാദ് എന്ന യുവാവുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇൻസ്റ്റാഗ്രാം  വഴി പരിചയപ്പെട്ട ഇരുവരും തമ്മിലുള്ള പ്രണയത്തെ അഭിസെൽവിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. പ്രത്യേകിച്ച് സഹോദരനായ തിരുജ്ഞാനം ഈ ബന്ധത്തിൻ്റെ  പേരിൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂൺ ഒൻപതിനാണ് അഭിസെൽവിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അഭിസെൽവി മുറിക്കുള്ളിൽ തൂങ്ങിമരിച്ചുവെന്ന് സഹോദരനും അമ്മയും ചേർന്ന് തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ്  പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, തുടർന്ന് വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണം ആത്മഹത്യയല്ലെന്നും ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്നും തെളിഞ്ഞു. ഇതോടെ പോലീസ് കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, പ്രണയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ താൻ അഭിസെൽവിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ തിരുജ്ഞാനം സമ്മതിക്കുകയായിരുന്നു. മകൾ കൊല്ലപ്പെട്ട വിവരമറിഞ്ഞിട്ടും കുറ്റകൃത്യം മറച്ചുവെക്കാനും അത് ആത്മഹത്യയായി ചിത്രീകരിച്ച് പോലീസിനെ വഴിതിരിച്ചുവിടാനും സഹായിച്ചതിനാണ് അമ്മയെ കേസിൽ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്