നീറ്റ് ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെമുതൽ സിജെപിയുടെ രാജ്യവ്യാപക പ്രതിഷേധം

നീറ്റ്  ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  നാളെമുതൽ സിജെപിയുടെ  രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തു . വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായെന്ന് ആരോപിക്കുന്ന ഗുരുതര വീഴ്ചകൾക്ക് ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടാണ് സമരപരിപാടികൾ ആരംഭിക്കുന്നത്. പാർട്ടി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, നാളെ പൂനെയിൽ നിന്നാണ് പ്രതിഷേധ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.നീറ്റ് ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ അനാസ്ഥ തുടങ്ങിയവ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചുവെന്നതാണ് സംഘടനയുടെ ആരോപണം. ഈ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി അനിവാര്യമാണെന്നും ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോകരുതെന്നും സിജെപി വ്യക്തമാക്കി. ജൂൺ 6-ന് ദില്ലിയിലെ ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥികളുടെ പ്രതിഷേധം സർക്കാരിന് മുന്നറിയിപ്പാണെന്നും, യുവജനങ്ങളുടെ അസന്തോഷം അവഗണിക്കാനാവില്ലെന്നും പാർട്ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇതിനിടെ, ജൂൺ 20-നകം മന്ത്രി രാജിവെക്കാത്ത പക്ഷം പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി. തുടർന്ന് ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ ഉൾപ്പെടെയുള്ള പൊതുസമൂഹം ഈ പ്രക്ഷോഭത്തിൽ പങ്കാളികളാകണമെന്ന് സംഘടന അഭ്യർത്ഥിച്ചു.