"വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധനയ്ക്ക് വിധേയനാക്കി" ; പ്രവാസിയുവാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി
കാസർഗോഡ് : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടി വന്നതായി യാത്രക്കാരൻ്റെ പരാതി.ദുബായില്‍ ഇൻഫർമേഷൻ ടെക്നോളജി (ഐടി) മാനേജർ ആയി ജോലി ചെയ്യുന്ന കാസർഗോഡ് എരിയാല്‍ സ്വദേശി ഹുസൈനാർ മഹ്ഷാദ് ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യാന്തസ്സിന് വിരുദ്ധമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും വിഷയത്തില്‍ അടിയന്തര ഇടപെടലും നിഷ്പക്ഷ അന്വേഷണവും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി ഡി സതീശന് പരാതി നല്കി.2026 ജൂലായ് 19 ന് രാവിലെ ഒമ്പത് മണിയോടെ ഫുജൈറയില്‍ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് (PNR: O3HIYR) ഇദ്ദേഹം കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയത്. കാസർഗോട്ടെ സ്വന്തം നാട്ടിലേക്ക് ഏറ്റവും അടുത്ത വിമാനത്താവളം ഏകദേശം 50 കിലോ മീറ്റർ മാത്രം അകലെയുള്ള മംഗളൂരു ആണെങ്കിലും, കേരളത്തിലെ വിമാനത്താവളത്തെ പിന്തുണയ്ക്കണമെന്ന ആഗ്രഹവും ഒരു മാറ്റവും ആഗ്രഹിച്ചാണ് ആദ്യമായി കണ്ണൂർ വിമാനത്താവളം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഇതിനായി 350 ദിർഹം (ഏകദേശം 9,000 രൂപ) അധിക ടിക്കറ്റ് നിരക്കായും നാട്ടിലെത്താൻ 5,000 രൂപ ടാക്സി നിരക്കായും അധികമായി ചിലവഴിച്ചിരുന്നു.
ബാഗേജ് ശേഖരിച്ച ശേഷം കസ്റ്റംസ് പരിശോധനാ മേഖലയില്‍ എത്തിയപ്പോള്‍ ഒരു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ പാസ്പോർട്ട് വാങ്ങി പരിശോധിക്കുകയും, മംഗളൂരു വിമാനത്താവളം അടുത്തായിരിക്കെ എന്തുകൊണ്ടാണ് കണ്ണൂരില്‍ ഇറങ്ങിയതെന്ന് ചോദിക്കുകയും ചെയ്തു. ഞാൻ കാര്യങ്ങള്‍ വിശദീകരിക്കുകയും ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലൂടെയും യാത്ര ചെയ്യാൻ പൗരന് അവകാശമുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.
വസ്ത്രം അഴിപ്പിച്ച് പരിശോധന
തുടർന്ന് ലഗേജ് പൂർണ്ണമായും സ്കാൻ ചെയ്തുവെങ്കിലും നിയമ വിരുദ്ധ വസ്തുവോ പ്രഖ്യാപിക്കാത്ത സ്വർണമോ സംശയാസ്പദമായ സാധനങ്ങളോ കണ്ടെത്താനായില്ല. ഇതൊന്നും കണ്ടെത്താനാകാതിരുന്നിട്ടും ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടു പോയി ദേഹ പരിശോധനയ്ക്ക് വിധേയനാക്കിയതായി പരാതിയില്‍ ആരോപിക്കുന്നു. ഒരു ഘട്ടത്തിലും താൻ എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും എല്ലാ നിർദേശങ്ങളോടും പൂർണ്ണമായും സഹകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.പരിശോധനയ്ക്കിടെ ഷർട്ട് ഒഴികെയുള്ള എല്ലാ വസ്ത്രങ്ങളും അഴിച്ചു മാറ്റാൻ ആവശ്യപ്പെടുകയും സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. വസ്ത്രങ്ങള്‍ വേർതിരിച്ച് സ്കാൻ ചെയ്തുവെങ്കിലും ശരീരത്തില്‍ നിന്നോ വസ്ത്രങ്ങളില്‍ നിന്നോ യാതൊന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
പരിശോധന കഴിഞ്ഞ് വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോള്‍ നിരവധി കസ്റ്റംസ് ഉദ്യോഗസ്ഥരും വനിതകള്‍ ഉള്‍പ്പെടെ മറ്റ് വിമാനത്താവള ജീവനക്കാരും അവിടെ കൂട്ടം കൂടി നില്‍ക്കുകയും ഉറക്കെ ചിരിക്കുകയും തമ്മില്‍ സംസാരിക്കുകയും ചെയ്യുകയായിരുന്നു. തന്നെ പരിഹസിക്കുകയാണെന്ന തോന്നല്‍ ഈ സാഹചര്യം ഉണ്ടാക്കിയെന്നും ഇത് അങ്ങേയറ്റം അപമാനകരമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വിദേശത്ത് യുദ്ധ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും കഠിനമായ ജോലി സമ്മർദ്ദവും മൂലം വലിയ മാനസിക ബുദ്ധിമുട്ടിലായിരുന്ന താൻ നാട്ടില്‍ കുടുംബത്തോടൊപ്പം സമാധാനത്തോടെ കഴിയാമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്നും എന്നാല്‍ ഈ അനുഭവം മാനസികമായി തകർത്തുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയോടുള്ള പ്രധാന ആവശ്യങ്ങള്‍
രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സ്വർണ്ണക്കടത്ത് തടയുന്നതിനുമുള്ള പരിശോധനകളെ ബഹുമാനിക്കുന്നുണ്ടെങ്കിലും, പരിശോധന നടത്തിയ രീതിയെയും ഒന്നും കണ്ടെത്താനാകാതിരുന്നിട്ടും നേരിടേണ്ടി വന്ന അപമാനകരമായ പെരുമാറ്റത്തെയുമാണ് ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റംസ് കമ്മീഷണർക്കും ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഞ്ച് പ്രധാന ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നത്
- 2026 ജൂലായ് 19 രാവിലെ 9:30 മുതല്‍ 10:00 മണി വരെയുള്ള കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാഗേജ് ഏരിയ, കസ്റ്റംസ് പരിശോധനാ മേഖല, പരിശോധനാ മുറിയിലേക്കുള്ള ഇടനാഴി, പ്രവേശന കവാടം, മുറിയുടെ പുറംഭാഗം എന്നിവിടങ്ങളിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും അന്വേഷണം തീരുംവരെ സംരക്ഷിക്കാൻ നിർദേശം നല്‍കണം.
- സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം പ്രഖ്യാപിക്കണം.
- ദേഹപരിശോധന നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ പാലിച്ചാണോ നടത്തിയതെന്നും, ഉദ്യോഗസ്ഥരുടെ പെരുമാറ്റം സേവനച്ചട്ടങ്ങള്ക്കും മനുഷ്യാന്തസ്സിനും അനുസൃതമായിരുന്നോയെന്നും പരിശോധിക്കണം.
- ഒന്നും കണ്ടെത്താനാകാതിരുന്നിട്ടും നേരിടേണ്ടി വന്ന അപമാനകരമായ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.
- ഭാവിയില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന സാധാരണ യാത്രക്കാരും പ്രവാസികളും സമാനമായ മാനസിക പീഡനത്തിനോ അപമാനത്തിനോ ഇരയാകാതിരിക്കാനുള്ള വ്യക്തമായ മാർഗ്ഗ നിർദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കണം.