'പേട്രിയറ്റ്' അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു: ബുക്ക് മൈ ഷോയില്‍ ആദ്യ പത്ത് മിനിറ്റില്‍ വിറ്റഴിച്ചത് 10,000 ടിക്കറ്റുകള്‍

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ് '. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുകയാണ് .
മെയ് 1 ന് ആഗോളതലത്തില്‍ റിലീസിന് എത്തുന്ന ഈ ചിത്രത്തിനായി വലിയ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ന് രാവിലെ 9 മണിയോടെ ആരംഭിച്ച അഡ്വാന്‍സ് ബുക്കിങ് ട്രെന്‍ഡിങ് ആയി മുന്നേറുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആപ്പായ 'ബുക്ക് മൈ ഷോ'യില്‍ ആദ്യ പത്ത് മിനുറ്റുകള്‍ക്കുള്ളില്‍ 10,000 ടിക്കറ്റുകളാണ് വിറ്റു തീര്‍ന്നത്.
നിലവില്‍ മണിക്കൂറില്‍ 12,000 ത്തിലധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ ആപ്പിലൂടെ വിറ്റുകൊണ്ടിരിക്കുന്നത്. ഇതിലൂടെ ചിത്രത്തിന്‍റെ ആദ്യ ബോക്‌സ് ഓഫിസ് കലക്ഷനും ട്രാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. കേരള ബോക്‌സ് ഓഫിസില്‍ നിന്നും വെറും 42 മിനുറ്റുകൊണ്ട് 50 ലക്ഷം രൂപയാണ് ചിത്രം മറികടന്നത്. ആദ്യ 45 മിനുറ്റിനുള്ളില്‍ 55.68 ലക്ഷത്തിലേക്കും കലക്ഷന്‍ എത്തി. 30,000 ടിക്കറ്റുകളാണ് ഞൊടിയിടയില്‍ വിറ്റഴിഞ്ഞത്.കേരളത്തിൽ ബുക്കിംഗ് ആരംഭിക്കുന്നതിനു മുമ്പുതന്നെ, ചിത്രം അന്താരാഷ്ട്രതലത്തിൽ ശക്തമായ ഒരു അടിത്തറ സൃഷ്ടിച്ചിട്ടുണ്ട്. വിദേശ വിൽപ്പന 200,000 ഡോളർ (1.8+ കോടി) കവിഞ്ഞു, ഇത് ശക്തമായ ആഗോള ഡിമാൻഡിനെ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ജിസിസി വിപണികളിൽ, ചിത്രത്തിന്റെ വ്യാപകമായ ആകർഷണം ഈ ആദ്യകാല സ്വീകാര്യത എടുത്തുകാണിക്കുന്നുമുണ്ട്. വിദേശത്ത് വലിയ കലക്ഷന്‍ നേടുമെന്ന് തന്നെയാണ് ട്രാക്കര്‍മാരുടെ കണക്കുക്കൂട്ടല്‍.സിനിമാ പ്രേമികള്‍ ചിത്രത്തിന് എത്രത്തോളം അക്ഷമരായാണ് കാത്തിരിക്കുന്നതെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതേസമയം മെയ് 1 ന് തിയേറ്ററുകളില്‍ എത്തുന്ന ഈ ചിത്രം റിലീസിനു മുന്‍പേ എത്ര നേടുമെന്നാണ് സിനിമാ പ്രേമികളും ട്രാക്കര്‍മാരും ഉറ്റുനോക്കുന്നത്.
കേരളത്തില്‍ ഓപ്പണിങ് ദിവത്തില്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടുമോയെന്നാണ് പലരുടെയും ആകാംക്ഷ. കേരളത്തില്‍ ഒരു സിനിമ നേടിയ ഏറ്റവും വലിയ ആദ്യദിന കലക്ഷന്‍ റെക്കോര്‍ഡ് നിലവില്‍ എമ്പുരാനാണ്. ആ റെക്കോര്‍ഡ് പേട്രിയറ്റ് മറികടക്കുമോയെന്നും 2026 ലെ മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ചിത്രങ്ങളിലൊന്നായി പാട്രിയറ്റ് മാറുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്.മമ്മൂട്ടി, മോഹന്‍ലാലിനെ കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവരുള്‍പ്പെടെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാള സിനിമ കണ്ടതില്‍ ഏറ്റവും വലിയ സ്പൈ ത്രില്ലര്‍ ആക്ഷന്‍ ചിത്രമായിരിക്കും പ്രേട്രിയറ്റ്.
അതേസമയം ചിത്രത്തിന്‍റെ ട്രെയിലറിനും ടീസറിനുമൊക്കെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പ്രേക്ഷകര്‍ക്ക് വമ്പന്‍ ദൃശ്യവിരുന്ന് തന്നെയാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകര്‍ ഞെട്ടുമെന്നുറപ്പാണ്. സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കിയിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.ചിത്രം രചിച്ചത്, സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സുഷിൻ ശ്യാം ആണ്., ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ് ഛായാഗ്രഹണം. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.